ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക വഴി പ്രാചീനമാനവന്‍ സഹജീവികളോടു് ആശവിനിമയം തുടങ്ങിയ കാലത്തില്‍ സംസാരഭാഷയും അതിനു ശേഷം സംഗീതവും ഉത്ഭവിച്ചുവെന്നു വേണം കരുതാന്‍. പ്രാകൃതമനുഷ്യന്റെ പ്രാധമിക ആവശ്യം ഭക്ഷണത്തിനായു് വേട്ടയാടലും ശബ്ദകോലാഹലങ്ങള്‍ വഴി ആത്മരക്ഷയും ആയിരുന്നു.
പ്രകൃതിയിലെ സ്വരങ്ങളില്‍ ആകൃഷ്ടനായ ആദി മനുഷ്യന്‍ അതു് അനുകരിക്കാന്‍ ശ്രമിച്ചു തുടങ്ങുന്നിടത്തു് നിന്നു് ആരംഭിക്കുന്നു മനുഷ്യന്റെ സംഗീതാരാധന. അവന്‍ കാതോര്‍ത്ത കാലം മുതല്‍ പല തരം ശബ്ദവീചികളുടെ വ്യത്യാസം വേര്‍തിരിച്ചറിഞ്ഞു. മുളംകാടുകളിലൂടെ കാറ്റു വീശുമ്പോള്‍ ഒഴുകിയെത്തും സ്വരം, അരുവികളുടെ കളകളാരവം, പക്ഷിമൃഗാദികള്‍ പുറപ്പെടുവിക്കുന്ന ശബ്ദകോലാഹലങ്ങള്‍ എന്നിവയില്‍ നിന്നും പരിസര ശബ്ദശ്രോതസ്സുകള്‍ വേര്‍തിരിച്ചറിയാനും അവയെ അനുകരിക്കാനും അവന്‍ ശ്രമിച്ചു.
പൊള്ളയായ തടിയില്‍ തട്ടുമ്പോഴുള്ള വ്യത്യസ്ത സ്വരങ്ങളിലും പൊള്ളയായ ഒരു കുഴലിന്റെ അറ്റത്തു് തുകല്‍ പിടിപ്പിച്ചു അതില്‍ തട്ടുമ്പോള്‍ പുറപ്പെടുന്ന ശബ്ദവും കേട്ടവന്‍ അത്ഭുതപ്പെട്ടു കാണണം. അങ്ങിനെ ശബ്ദം പുറപ്പെടുവിക്കുന്ന പല ഉപകരണങ്ങള്‍ക്കും ഉടമയായതോടു് കൂടി സ്വയരക്ഷയക്കായു് ഉപയോഗിച്ച അതേ ഉപകരണങ്ങള്‍ ക്രമേണ ഹൃദയമിടിപ്പിനും ശ്വസനക്രമത്തിനും അനുസൃതമായി താളത്തില്‍ പ്രയോഗിക്കാന്‍ അവന്‍ ശ്രമിച്ചു തുടങ്ങി.
ഭാരതസംഗീതം ആരംഭിക്കുന്നതു് വേദകാലത്താണെന്നാണു് സങ്കല്‍പ്പം. സാമഗാനമായിരുന്നു തുടക്കം. നാദബ്രഹ്മം ആയ ഓംകാരം സംഗീതത്തിനു് ആധാരം ആയി സാമവേദഋഷിവര്യര്‍ വിശ്വസിച്ചു പോന്നു. ദൈവപ്രീതിയ്ക്കായു് യാഗകര്‍മ്മക്കള്‍ക്കുള്ള ഋഗു്വേദ മന്ത്രോച്ചാരണത്തിനായി സപ്തസ്വരക്രമത്തിലും, താളത്തിലും, ലയിച്ചും മന്ത്രങ്ങള്‍ ചൊല്ലി ഉപയോഗിച്ചു പോന്നിരുന്നു. ക്രമേണ അതു് ഒരു സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായി. വായു്മൊഴിക്കു് തുണയായു് വാദ്യോപകരണങ്ങളും ഉപയോഗിച്ചു പോന്നു. അങ്ങിനെ സരസ്വതിയുടെ വീണയും സരസ്വതിയും സംഗീതത്തിന്റെ ദേവതയായു് ആരാധിച്ചു പോന്നു. വീണവായനയില്‍ നൈപുണ്യം നേടി, ശ്രുതിലയതാളജ്ഞാനം നേടുന്നതു് മോക്ഷപ്രാപ്തിക്കു് ഒരുപായമായി വിശ്വസിച്ചുപോന്നു.
തലമുറകളായി കൈമാറിപ്പോന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു് ഉണ്ടായതത്രേ ഇന്നത്തെ കര്‍ണ്ണാടക സംഗീതം. അതിനു് അടിസ്ഥാനമായ സ്വരരാഗലയതാളവിധികള്‍ ഭരതന്റെ നാട്യശാസ്ത്രത്തിലും ശിലപ്പധികാരത്തിലും വിശദമായു് വിവരിച്ചിട്ടുണ്ടു് . ഷഡ്ജം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്വരങ്ങള്‍ക്കു് ജന്മം നല്‍കുന്ന സ്വരം എന്നാണു്. ഓരോ സ്വരങ്ങള്‍ക്കും അതിന്റെ ഉത്ഭവം പക്ഷിമൃഗാതികളില്‍ നിന്നു് എന്നാണെന്നും പരാമര്‍ശ്ശമുണ്ടു്. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക
മുകളില്‍ വിവരിച്ച സ്വരരീതികള്‍ എല്ലാം പെട്ടെന്നൊരു ദിനത്തില്‍ ഉണ്ടാക്കപ്പെട്ടതല്ല. ആദ്യം കണ്ടുപിടിക്കപ്പെട്ടതു് വെറും രണ്ടു സ്വരങ്ങള്‍ മാത്രം - ഉദാത്തം എന്നും അനുദാത്തം എന്നും അതിനെ വിളിച്ചു പോന്നു. മന്ത്രസ്ഥായിലുള്ള 'നി'അനുദാത്തവും മധ്യസ്ഥായിലുള്ള 'രി' ഉദാത്തവും.
ഋഗു്വേദകാലഘട്ടം:-
കാലക്രമേണ ഈ സ്വരങ്ങള്‍ക്കിടയില്‍ വേറെയും സ്വരങ്ങള്‍ കണ്ടു പിടിക്കപ്പെട്ടു. മധ്യസ്തായിലെ 'സ' എന്ന സ്വരിതവും കൂടി ചേര്‍ന്നു മൂന്നു സ്വരങ്ങള്‍ 'നിസരി' സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗീതം ആയിരുന്നു ഋഗു്വേദകാലഘട്ടത്തിലെ സംഗീതം. 'സംഗീതം' എന്ന വാക്കിന്റെ അര്‍ത്ഥം - നല്ല ഗീതം. അധവാ സമ്യക്കാകുന്ന ഗിതം.
സാമഗാനകാലഘട്ടം:-
ഈ മൂന്നു സ്വരങ്ങളുടെയും രണ്ടറ്റത്തുമായി 'ഗ' യും 'ധ' യും വന്നതോടു് കൂടി സാമഗാനകാലഘട്ടം തുടങ്ങുകയായി. സാമഗാനം പാടിയിരുന്നതു് വെറും അഞ്ചു സ്വരങ്ങള്‍ അവരോഹണ ക്രമത്തില്‍ 'ഗ രി സ നി ധ' എന്നായിരുന്നു.
ഉപനിഷതു് കാലഘട്ടം:-
കാലക്രമേണ ഉപനിഷതു് കാലഘട്ടത്തില്‍ രണ്ടു സ്വരങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടു 'മ' യും 'പ' യും. അങ്ങനെ സാമഗാനത്തിനു് ഉപനിഷതു് കാലത്തു് സംഭവിച്ച പരിഷ്കൃതരൂപമത്രെ ഇന്നത്തെ കര്‍ണ്ണാടക സംഗീതത്തിനു് അടിത്തറ പാകിയ 'സാമസപ്തകം' അധവാ 'സപ്തസ്വരങ്ങള്‍'.
ഇതില്‍ ഏഴു സ്വരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അതായതു് അവരോഹണക്രമത്തില്‍ 'മഗരിസ-സനിധപ' ല്‍ ആദ്യത്തെ പകുതി മന്ത്രസ്ഥായിയും രണ്ടാമത്തെ പകുതി മധ്യസ്ഥായിലും. കുഴഞ്ഞില്ലേ. ഇല്ല. വെത്യസ്ത സ്ഥായികളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നും ഉടലെടുത്തതത്രേ മൂന്നു് സ്ഥായിയില്‍ പാടാനുള്ള ജ്ഞാനം.
ഇനിയും ഉണ്ടു് പ്രശ്നങ്ങള്‍. സ്വരങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിനു് മുമ്പേ തന്നെ സംഗീതം ആരംഭിച്ചിരുന്നില്ലേ? ശാസ്ത്രീയമായ ഒരു ക്രമീകരണം വന്നതു് സ്വരങ്ങള്‍ കണ്ടുപിടിച്ചതിനു ശേഷം ആണെന്നു മാത്രം. കണ്ടുപിടിത്തങ്ങളുടെ വരവു് ആദ്യം രാഗം, പിന്നെ സ്വരം, ശ്രുതി, നാദം എന്ന ക്രമത്തില്‍. എന്നിരുന്നാലും ഇന്നത്തെ ശാസ്ത്രീയസംഗീതം പഠനം പോകുന്ന വഴി നേരേ തിരിച്ചു് നാദം, ശ്രുതി, സ്വരം, രാഗം എന്ന ക്രമത്തിലാണു്.
സംഗീത ശാസ്ത്രത്തിനു വീണ്ടും പുരോഗമനമുണ്ടായി എന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ സപ്തസ്വരങ്ങള്‍ക്കു് ചലനമൊന്നും സംഭവിച്ചില്ലയെങ്കിലും അതിനിടയില്‍ത്തന്നെ വേര്‍തിരിച്ചു് കേള്‍ക്കാവുന്ന മറ്റനേകം സ്വരങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടു് കൂടി വന്നു 12ഉം, 16ഉം, 22ഉം എന്ന സ്വരവകഭേതങ്ങള്‍.
No comments:
Post a Comment