Showing posts with label ശ്രുതി. Show all posts
Showing posts with label ശ്രുതി. Show all posts

Sunday, November 14, 2010

സ്ഥായി

ഒരാള്‍ക്കു് എത്രമാത്രം താഴു്ന്ന സ്വരത്തില്‍ നിന്നും പരമാവധി എത്രമാത്രം ഉയര്‍ന്ന സ്വരത്തിലും പാടാന്‍ കഴിയും എന്നു സൂചിപ്പിക്കുന്നതിനാണു് മൂന്നു സ്ഥായിയായി സ്വരങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നു്.

കര്‍ണ്ണാടകസംഗീതത്തില്‍ 3 സ്ഥായി.
ഉപകരണസംഗീതത്തില്‍ 5 സ്ഥായി.

കര്‍ണ്ണാടകസംഗിതം പാടുന്ന ഒരാള്‍ക്കു് പരമാവധി സാധ്യമാവുക മൂന്നു് സ്ഥായി. അതായതു് ത്രിസ്ഥായി സഞ്ചാരം. ഒരു സ്ഥായി എന്നാല്‍ ഒരു സ മുതല്‍ അടുത്ത നി വരെയുള്ള ഏഴു സ്വരങ്ങള്‍. എഴുതുമ്പോള്‍ സ്വരത്തിനു് താഴെ കുത്തിട്ടാല്‍ ആ സ്വരം മന്ദ്രസ്ഥായി അധവാ കീഴു്സ്ഥായി. കുത്തൊന്നും ഇല്ലാത്ത സ്വരങ്ങള്‍ മദ്ധ്യസ്ഥായി. സ്വരത്തിനു് മുകളില്‍ കുത്തിട്ടാല്‍ അതു് താരസ്ഥായി അധവാ മേല്‍സ്ഥായി അധവാ ഉച്ഛസ്ഥായി.

ഉപകരണ സംഗീതത്തില്‍ രണ്ടു സ്ഥായി കൂടിയുണ്ടു്. സ്വരത്തിനു മുകളില്‍ രണ്ടു് കുത്തിട്ടാല്‍ അതു് താരസ്ഥായിക്കും മുകളില്‍ പോകുന്ന അതിതാരസ്ഥായി. സ്വരത്തിനു കീഴില്‍ രണ്ടു് കുത്തിട്ടാല്‍ മന്ദ്രസ്ഥായിക്കും താഴെ പോകുന്ന അനുമന്ദ്രസ്ഥായി.

തംബുരു ശ്രുതി



ശ്രുതിമീട്ടാന്‍ ഉപയോഗിക്കുന്നു.

നാലു് കമ്പികള്‍ ആണു് ഇതിനുള്ളതു്. പഞ്ചമം, സാരണ, അനുസാരണ, മന്ദ്രം എന്ന ക്രമത്തിലാണു് ഇതു് മീട്ടുന്നതു്. ബരഡകള്‍ മുറുക്കിയും അയച്ചും ആദ്യം റ്റ്യൂണ്‍ ചെയ്തതിനു ശേഷം മണിക്കായകളില്‍ ആണു് ഫൈന്‍ റ്റ്യൂണ്‍ ചെയ്യുന്നതു്. ആദ്യം റ്റ്യൂണ്‍ ചെയ്യുന്നതു് നടുവിലെ രണ്ടു് കമ്പികളായ താരസ്ഥായി ഷടു്ജം. അതിനു ശേഷം ഇരിക്കുന്ന ആളിന്റെ അടുത്തു് നിന്നു് നാലാമത്തെ കമ്പിയായ മധ്യസ്ഥായിപഞ്ചമം അവസാനമായി ഇരിക്കുന്ന ആളിന്റെ തൊട്ടടുത്തുള്ള കമ്പി മദ്ധ്യസ്ഥായി ഷഡു്ജത്തിലും റ്റ്യൂണ്‍ ചെയ്യണം.

വായിക്കുമ്പോള്‍ ക്രമത്തില്‍ പസസസ എന്നാവും കേള്‍ക്കുക.

ശ്രുതി

Normal Male Sruthi - C



Normal Female Sruthi - G#



Alternating between C & G#



ആദ്യം മുകളില്‍ കൊടുത്തിരിക്കുന്ന രണ്ടു ശ്രുതികളും ഒന്നു മാറി മാറി കേട്ടു് നോക്കു.

കേട്ടല്ലോ. രണ്ടും തമ്മില്‍ വെത്യാസം കേള്‍ക്കുന്നില്ലേ. ഇനി താഴെ കൊടുത്തിരിക്കുന്ന വിവരണം വായിക്കൂ.

താഴെ ഹര്‍മോണിയ കട്ടകള്‍ നോക്കുക



ഹാര്‍മോണിയത്തില്‍ ഒരു സ്ഥായിയുടെ അടിസ്ഥാനഘടന - ആദ്യം മൂന്നു് വെളുത്ത കട്ടകള്‍ അവയ്ക്കിടയില്‍ ഒരോ കറുത്ത കട്ടകള്‍. അതിനു ശേഷം നാലു് വെളുത്ത കട്ടകള്‍ അവയ്ക്കിടയില്‍ ഓരോ കറുത്ത കട്ടകള്‍. അങ്ങിനെ 3+2+4+3=12 കട്ടകള്‍, അധവാ സ്വരസ്ഥാനങ്ങള്‍. അങ്ങിനെ പന്ത്രണ്ടു് ശ്രുതിസ്ഥാനങ്ങള്‍. ഇതു പോലെ മൂന്നു് സെറ്റു് ചേരുമ്പോള്‍ മൂന്നു സ്ഥായി. ഹര്‍മ്മോണിയത്തില്‍ മൂന്നു് സ്ഥായിയിലുള്ള കട്ടകള്‍ ഉണ്ടു്.

ആദ്യത്തെ വെള്ളക്കട്ട സ മുതല്‍ ഏഴാമത്തെ വെള്ളക്കട്ട നി വരെ മന്ത്രസ്ഥായി (കീഴു്സ്ഥായി). എട്ടാമത്തെ വെള്ളക്കട്ട മദ്ധ്യസ്ഥായി സ മുതല്‍ പതിനാലാമത്തെ വെള്ളക്കട്ട അടുത്ത നി വരെ മദ്ധ്യസ്ഥായി. പതിനഞ്ചാമത്തെ വെള്ളക്കട്ട താരസ്ഥായി സ മുതല്‍ ഇരുപത്തിഒന്നാമത്തെ വെള്ളക്കട്ട നി വരെ താരസ്ഥായി (മേല്‍സ്ഥായി).

ശ്രുതിസ്ഥാനം എന്നാല്‍ സൂക്ഷമായു് വ്യക്തമാമായി വേര്‍തിരിച്ചു് കേള്‍ക്കാവുന്ന ഏറ്റവും ചെറിയ നാദവിശേഷം അധവാ സ്വരങ്ങളുടെ സ്ഥാനം അധവാ ഇടവേളകള്‍. ഭാരതീയസംഗീതത്തില്‍ 12 സ്വരസ്ഥാനങ്ങള്‍ അധവാ ശ്രുതിസ്ഥാനങ്ങള്‍. 12 ശ്രുതികള്‍ ഒരു സ്വരസ്ഥായിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സപസ ചേര്‍ത്തു് മീട്ടുന്ന അഷ്ടസ്വരങ്ങള്‍ അധവാ Octave ഹര്‍മോണിയത്തിലോ, തംബുരുവിലോ, ശ്രുതിപ്പെട്ടിയിലോ മീട്ടിക്കൊണ്ടു് പാടുന്ന ആളിന്റെ സ്വരം ഷഡു്ജത്തിലും പഞ്ചമത്തിലും അടിസ്ഥാനമായി ഉച്ചരിച്ചു് സ്വരം ക്രമപ്പെടുത്തി പാടുമ്പോള്‍ ശ്രുതി ചേര്‍ത്തു് പാടുക എന്നു പറയും.

ഇനി സപസ എവിടെ നിന്നു തുടങ്ങണം. പൊതുവേ പുരുഷന്മാര്‍ക്കു് ഒന്നാം കട്ടയ്ക്കും സ്ത്രീകള്‍ക്കു് അഞ്ചരക്കട്ടയ്ക്കും ആണു് പ്രകൃതി നിശ്ചയിച്ചിരിക്കുന്നതു്. ശ്രുതിസ്ഥാനങ്ങള്‍ മാറ്റമില്ലാത്ത ഹര്‍മോണിയ ശ്രുതിപ്പെട്ടി തന്നെ ആണു് ശ്രുതി ചേര്‍ക്കാന്‍ ഉത്തമം. അതില്‍ ഒന്നാം കട്ട സപസ പിടിക്കുന്നതു് മധ്യസ്ഥായി സ യും പ യും താരസ്ഥായി സ യും. അഞ്ചരക്കട്ടയ്ക്കു് പിടിക്കുക എന്നു പറയുന്നതു് സ എന്നതു് ഹര്‍മോണിയത്തിന്റെ അ‍ഞ്ചാമത്തെ വെള്ളക്കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയില്‍ തുടങ്ങി, പ എന്നതു് എട്ടാമത്തെ കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയും മേല്‍സ്ഥായി സ എന്നതു് പന്ത്രണ്ടാമത്തെ കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയും. ഇതേ രീതിയില്‍ 12 ശ്രുതികളില്‍ ഏതു് ശ്രുതിയും ഹര്‍മോണിയത്തില്‍ വായിക്കാന്‍ കഴിയും.

പക്ഷെ മറ്റു വാദ്യോപകരണങ്ങള്‍ക്കു് അവ വായിക്കുന്നതിനു മുന്നോടിയായി ശ്രുതി ചേര്‍ക്കേണ്ടതായു് ഉണ്ടു്. ശ്രുതി ചേര്‍ക്കുമ്പോള്‍ സപസ എന്നതു് ആവശ്യം ഉള്ള ശ്രുതിയില്‍ ചേര്‍ത്തു വായിക്കുക തന്നെ. ശ്രുതി മാറ്റി വായിക്കേണ്ടി വരുമ്പോള്‍ ഉപകരണം വീണ്ടും ആദ്യം മുതല്‍ തന്നെ വീണ്ടും വീണ്ടും ശ്രുതി ചേര്‍ത്തു റ്റ്യൂണ്‍ ചെയ്യേണ്ടിയിരിക്കുന്നു.

Wednesday, November 10, 2010

ശ്രുതിയും രാഗവും ചേര്‍ത്തു് പാടുന്ന രീതി

ശ്രുതി എന്നാല്‍-
1. സൂക്ഷമായും വ്യക്തമായും വേര്‍തിരിച്ചു് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ  നാദവിശേഷം 
2. സ്വരങ്ങളുടെ ഇടവേളകള്‍ 
3. ധ്വനി വിശേഷണങ്ങള്‍ 

ശ്രുതി ചേരുക എന്നാല്‍ സ്വരങ്ങളുടെ സ്ഥായിക്കു് ചേര്‍ന്നു് പാടുക എന്നര്‍ത്ഥം.

ഒരു സ്ഥായിയില്‍ സ്വരങ്ങളുടെ എണ്ണം 22 ആണോ, 16 ആണോ, അതോ 12 ആണോ എന്ന തര്‍ക്കം നമുക്കു് തല്‍ക്കാലം സൗകര്യാര്‍ത്ഥം ചിന്തിക്കാതിരിക്കാം. തര്‍ക്കം ഏതായാലും ഷ‍ഡു്ജവും പഞ്ചമവും അചല സ്വരങ്ങളാണന്നോര്‍ക്കുക. ഒരു സ്ഥായി എന്നാല്‍ ഒരു ഷഡു്ജത്തില്‍ നിന്നു് അടുത്ത മുകളിലുള്ള ഷഡു്ജം വരെയുള്ള ദൂരം. അങ്ങിനെ പൂര്‍ണ്ണരാഗങ്ങളില്‍ ഒരു സ്ഥായിയില്‍ സ മുതല്‍ രിഗമപധനി യിലൂടെ മുകളിലത്തെ സ വരെ അഷ്ടസ്വരങ്ങള്‍ അധവാ ഒരു സ്ഥായി. ഇവിടെ ഒരു സ്ഥായിലെ അന്ത്യത്തിലെ സ എന്നതു് അടുത്ത മുകളിലത്തെ സ്ഥായിലെ താഴത്തെ സ എന്നാണു് ഓര്‍ക്കുക. പ്രകൃതിശ്രുതിയെന്നാല്‍ പുരുഷനു് ഒന്നും സ്ത്രീയ്ക്കു് അഞ്ചരയും. മനസ്സിലാക്കാന്‍ എളുപ്പത്തിനു് പുരുഷന്റെ ശ്രുതി എടുക്കാം. ഒന്നു്. പാശ്ചാത്യസംഗിതത്തില്‍ ഇതു് C ആയി വരും. ഏഴു് പടികളുള്ള ഒരു കോവണിപ്പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതായി സങ്കല്‍പ്പിക്കുക. അപ്പോള്‍ സ്വരങ്ങളിലൂടെ മുകളിലേക്കു് കയറുന്നതു് ആരോഹണവും താഴോട്ടിറങ്ങുന്നതു് അവരോഹണവും. 


പക്ഷെ പാടുമ്പോള്‍ പാട്ടു് ഒരു സ്ഥായിയില്‍ അധവാ ഏഴു് പടികളില്‍ ഒതുങ്ങില്ല. അപ്പോള്‍ നമുക്കു് കുറച്ചു് കൂടി പടികള്‍ ഏണിയില്‍ ചേര്‍ക്കേണ്ടിവരും. കുറച്ചു് പടികള്‍ താഴെയും കുറച്ചു് മുകളിലും. നടുക്കുള്ള പടികള്‍ അല്ലെങ്കില്‍ സ്വരങ്ങള്‍ക്കു് മധ്യസ്ഥായിയെന്നും, താഴെ ചേര്‍ക്കുന്ന പടികള്‍/സ്വരങ്ങള്‍ക്കു് മന്ത്രസ്ഥായി/കീഴു്സ്ഥായിയെന്നും, മുകളില്‍ ചേര്‍ക്കുന്ന പടികള്‍ക്കു് താരസ്ഥായി/മേല്‍സ്ഥായിയെന്നും പേരു്. സാധാരണ രണ്ടു് സ്ഥായിയിലൂടെയാണു് പാട്ടു് പോകുന്നതെങ്കിലും അതിന്റെ ഏറ്റവും താഴത്തെ സ്വരം മന്ത്രസ്ഥായി പഞ്ചമവും മുകളിലത്തെ അറ്റത്തു് താരസ്ഥായി പഞ്ചമവും ആണെങ്കിലും നമുക്കു് നമ്മുടെ ഏണിയില്‍ ഒരു മുഴുവന്‍ സ്ഥായിതാഴെയും മുകളിലും ചേര്‍ക്കാം. മൊത്തം പൂര്‍ണ്ണമായും മൂന്നു് സ്ഥായിലായി പാടാന്‍ കഴിവുള്ള വിദഗ്ദ്ധര്‍ ഉണ്ടു്. ഉപകരണ സംഗീതത്തില്‍ ഇനിയും ഒരു സ്ഥായി താഴെയായു് അനുമന്ത്രസ്ഥായിയും മുകളില്‍ ഒരു സ്ഥായിയായു് അതിതാരസ്ഥായിയും ചേര്‍ക്കാം.



പടത്തില്‍ ഒരു കാര്യം ശ്രദ്ധിക്കുക. മന്ത്രസ്ഥായിയിലെ സ്വരങ്ങളെ സൂചിപ്പിക്കാന്‍ സ്വരം എഴുതുന്നതിനു താഴെ ഒരു കുത്തു് കാണാം. താരസ്ഥായിയിലെ സ്വരങ്ങള്‍ക്കു് ഈ കുത്തു് സ്വരങ്ങളുടെ മുകളിലും. അനുമന്ത്രസ്ഥായിയുടെ/അതിതാരസ്ഥായിയുടെയും കാര്യം വരുമ്പോള്‍ താഴെ/മുകളില്‍ രണ്ടു് കുത്തു് വരും. അതു പോലെ ഹര്‍മ്മോണിയത്തില്‍ ഒരു സ്ഥായിയില്‍ 12 കീകള്‍ ഉണ്ടു്. ആരോഹണത്തിലും അവരോഹണത്തിലും ഏതെല്ലാം കീ അല്ലെങ്കില്‍ സ്വരങ്ങള്‍ ഉപയോഗിക്കുന്നു എന്നതിനു് അനുസരിച്ചു് രാഗം മാറും. നമ്മുടെ സൗകര്യത്തിനു വേണ്ടി നമുക്കു് ശങ്കരാഭരണം രാഗമെടുക്കാം. അതാവുമ്പോള്‍ എല്ലാം വെളുത്ത കീ തന്നെ. സ, രി2, ഗ2, മ, പ, ധ2, നി2, സ ആരോഹണത്തിലും അവരോഹണത്തിലും.

ഷഡു്ജം പാടുമ്പോള്‍ 1ല്‍ ആണു് തുടങ്ങുന്നതെങ്കില്‍ ഇവിടെ ശ്രുതി 1 അധവാ C എന്നും, 2ല്‍ ആണു് തുടങ്ങുത്തതെങ്കില്‍ ശ്രുതി 2 അധവാ D എന്നും, അതല്ല 1നു ശേഷമുള്ള കറുത്ത കട്ടയിലാണു് തുടങ്ങുന്നതെങ്കില്‍ ശ്രുതി ഒന്നര അധവാ C# എന്നും മനസ്സിലാക്കാം. പാടാന്‍ തുടങ്ങുന്നതിനു് മുമ്പായി സപസ കട്ടകളില്‍ ശ്രുതിപിടിച്ചു് പാടുന്ന ആളുടെ സ്വരം അതിനു ഇണങ്ങുന്ന രീതിയില്‍ ചേര്‍ക്കണം. അതായതു് ശ്രുതിശുദ്ധമായി വേണം പാടാന്‍. 

ഒരോ രാഗത്തിലും സ്വരസഞ്ജയം വെത്യസ്തമായിരിക്കും.

1. ചില സ്വരങ്ങള്‍ വേണം (രാഗസ്വരങ്ങള്‍) ചിലവ വേണ്ട (അന്യസ്വരങ്ങള്‍). പൂര്‍ണ്ണരാഗങ്ങളില്‍ ഏഴു് സ്വരങ്ങള്‍ ഉണ്ടാവും.
2. തിരഞ്ഞെടുക്കുന്ന സ്വരങ്ങള്‍ മാറുമ്പോള്‍ രാഗം മാറും.
3. ആരോഹണത്തിലും അവരോഹണത്തിലും വരുന്ന സ്വരങ്ങള്‍ ചില രാഗങ്ങളില്‍ ഒന്നു തന്നെയാവാം, മറ്റു ചിലരാഗങ്ങളില്‍ വേത്യസ്തമാകാം.
4. സ്വരസ്ഥായി തിരഞ്ഞെടുക്കുന്നതിനു അനുസരിച്ചു് ശ്രുതി വെത്യാസം വരും.


സപ്തസ്വരങ്ങളെ നമുക്കു് സപ്തവര്‍ണ്ണങ്ങളുമായു് താരതമ്യപ്പെടുത്തി നോക്കിയാല്‍ രാഗങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ എളുപ്പമാവും.
സ്വരങ്ങള്‍ തിരഞ്ഞെടുക്കുന്നതനിസരിച്ചാണല്ലോ രാഗം മാറുന്നതു്. സപ്തവര്‍ണ്ണങ്ങളില്‍ ഒരോ വര്‍ണ്ണത്തിനും പല ഷേഡു് ഉള്ളതു് പോലെ തന്നെ സപ്തസ്വരങ്ങള്‍ക്കും വകഭേദങ്ങളുണ്ടു്. ഒരു സ്വരം ആടുത്തസ്വരത്തിലേക്കു് ലയിക്കുന്നതിന്നിടയില്‍ തന്നെ പല സ്വരങ്ങളുണ്ടെങ്കിലും ശ്രവണശേഷിക്കുള്ളില്‍ തിരിച്ചറിഞ്ഞവ 16 എന്നാണു് കണക്കു്. ഈ കണക്കിലാണു് 72 മേളാകര്‍ത്താരാഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതു്. സപ്തവര്‍ണ്ണങ്ങള്‍ തിരഞ്ഞോടുക്കുമ്പോള്‍ വര്‍ണ്ണക്കൂട്ടു് മാറിമാറി വരുന്നതു് പോലെ സപ്തസ്വരങ്ങളില്‍ ഏതു് സ്വരങ്ങള്‍ ഉപയാഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാഗത്തിന്റെ ഭാവം.

മേളാ കര്‍ത്തരാഗങ്ങള്‍ എന്ന പോസ്റ്റു് നോക്കുക.

ശ്രുതിശുദ്ധമായി പാടുന്നതെങ്ങിനെ എന്നു് അറിയണമെങ്കില്‍ കുട്ടികളുടെ കളി ഓര്‍ത്താല്‍ മതി. മുറ്റത്തു് കളം വരച്ചു് നെറ്റിയിലും കയ്യിലും കല്ലു നിയന്ത്രിച്ചു് കളത്തില്‍ ഞൊണ്ടിയും ചാടിയും മുന്നോട്ടും പിന്നെ തിരിഞ്ഞു് പിന്നോട്ടും കളിക്കുന്നതു് അറിയില്ലേ? നെറ്റിയിലെയും കയ്യിലെയും കല്ലു് താഴെ പോകാനും പാടില്ല, കള്ളികള്‍ തെറ്റിച്ചു് ചവുട്ടാനും പാടില്ല. അതു പോലെ ശ്രുതി തെറ്റിപ്പോകാതെ രാഗം തെറ്റാതെ ആരോഹണാവരോഹണക്രമത്തില്‍ പാടുക. അത്രയേ വേണ്ടു.


.