Sunday, November 28, 2010

യതി Or ജതി

താളവട്ടത്തിലെ അംഗങ്ങളെ കൂട്ടിയിണക്കുന്ന രീതി.


സമയയതി - എല്ലാ അംഗങ്ങളും ഒരേ തോതില്‍ ‌

സരിഗമ
സരിഗമ
സരിഗമ
സരിഗമ

ഗോപുച്ഛയതി - ആരംഭത്തില്‍ ദീര്‍ഘമായും ക്രമേണ ചെറുതായും വരുന്ന രീതി

സരിഗമപധനിസ
രിഗമപധനിസ
ഗമപധനിസ
മപധനിസ
പധനിസ
ധനിസ
നിസ


സ്രോതോവഹയതി - ഗോപുച്ഛയതിയ്ക്കു് വിപരീതം - ആദ്യം ചെറുതും പിന്നെ ക്രമേണ വലുതായി വരും.


സരി
സരിഗ
സരിഗമ
സരിഗമപ
സരിഗമപധ
സരിഗമപധനി

മൃദംഗയതി - ധമരുയതിയ്ക്കു് വിപരീതം - അറ്റങ്ങളില്‍ ചെറുതായും മദ്ധത്തില്‍ വലുതായും..


സരി
സരിഗ
സരിഗമ
സരിഗമപ
പമഗരിസ

മഗരിസ
ഗരിസ
രിസ


ധമരുയതി - അംഗങ്ങള്‍ അറ്റങ്ങളില്‍ വലുതായും മദ്ധ്യത്തില്‍ ചെറുതായും.

സരിഗമപധനിസ
രിഗമപധനിസ
ഗമപധനിസ
മപധനിസ
പധനിസ
ധനിസ
നിസ


സനി
സനിധ
സനിധപ
സനിധപമ
സനിധപമഗ
സനിധപമഗരി
സനിധപമഗരിസ

വിഷമയതി - യാതൊരു വ്യവസ്ഥയുമില്ലാത്തതു്.

സരിഗമപധനിസ
ഗമപധനി
രിഗമപധനിസ
പധ
മപധനിസ
പധനി
രിഗമപധനി
സനിധപമഗരിസ



ലയം

പാടുന്നതിന്റെ വേഗത നിര്‍ണ്ണയിക്കുന്ന രീതി

വിളംബിതം - മെല്ലെ (ചൗക്കം)
മദ്ധ്യം - വിളംബിതത്തിന്റെ ഇരട്ടി വേഗത്തില്‍
ദ്രുതം - മദ്ധ്യമകാലത്തിന്റെ ഇരട്ടി വേഗതത്തില്‍

Friday, November 26, 2010

കല or കള

മൂന്നു തരം

ഏക കല - ഒരു താളാക്ഷരത്തിനുള്ളില്‍ ഒരു സ്വരം മാത്രം.
ദ്വികല - ഒരു താളാക്ഷരത്തിനുള്ളില്‍ രണ്ടു് സ്വരങ്ങള്‍.
ചതുഷ്ണകല - ഒരു താളാക്ഷരത്തില്‍ നാലു് സ്വരങ്ങള്‍.

മാത്രയ്ക്കും അക്ഷരത്തിനും പരിണാമം ഇല്ല. എന്നാല്‍ കലയ്ക്കു് പരിണാമം സംഭവിക്കാവുന്ന സമയഅളവാണു്.

അംഗം

ആറു വിധം.

അനുദ്രുതം - ഒരു അടി.
ദ്രുതം - ഒരു അടിയും ഒരു വീച്ചും.
ലഘു - ഒരു അടിയും ചെറുവിരല്‍ മുതല്‍ നടുവിരല്‍ വരെ എണ്ണുന്നതും.
ഗുരു - ഒരു അടിയും വലത്തെ കൈ ചുരുട്ടിപ്പിടിച്ചു് വലത്തോട്ടു് വട്ടം ചുറ്റല്‍.
പ്ലൂതം - ഗുരുവില്‍ എന്ന പോലെ + കീഴോട്ടു് വീശലും.
കാകപാദം - ഗുരുവില്‍ എന്ന പോലെ + ഇടത്തോട്ടു് വീശലും.

കാലം

കാലം എന്നാല്‍ സമയം.

ഏറ്റവും ചുരുങ്ങിയ കാലത്തിനു് 'ക്ഷണം' എന്നും 'കണം' എന്നും പറയുന്നു.

ജാതി

അക്ഷരകാലങ്ങള്‍ക്കനനുസരിച്ചു് ജാതികള്‍ അഞ്ചു തരം

3 അക്ഷരമുള്ളതു് തിസ്രജാതി
4 അക്ഷരമുള്ളതു് ചതുരശ്രജാതി
7 (3+4) മിശ്രജാതി (അതായതു് തിസ്രവും ചതുരശ്രവും ചേര്‍ന്നതു്)
5 (7+3/2) അക്ഷരമുള്ളതു് ഖണ്ഡശജാതി (ഇതു് മിശ്രവും തിശ്രവും ചേര്‍ന്നതിനെ പപ്പാതിയാക്കിയതു്)
9 (5+4) സങ്കീര്‍ണ്ണജാതി

ഗ്രഹം

താളത്തിന്റെ എടുപ്പു് അധവാ താളത്തിന്റെ ഏതു ഭാഗത്തു നിന്നാണു് സാഹിത്യം തുടങ്ങുന്നതു് എന്നു് ഇതു് സൂചിപ്പിക്കുന്നു

താളത്തിന്റെ ഒപ്പം തുടങ്ങുന്ന രീതിയ്ക്കു് 'സമം' (സമഗ്രഹം) എന്നും താളത്തിനു മുമ്പോ പിമ്പോ തുടങ്ങുന്നതിനു് 'വിഷമം' (വിഷമഗ്രഹം) എന്നും പറയും. വിഷമം രണ്ടു് തരം. താളത്തിനു് മുമ്പു് ഗാനം തുടങ്ങുന്നതിനു് 'അതീതം' എന്നും താളത്തിനു് ശേഷം തുടങ്ങുന്നതിനു് 'അനാഗതം' എന്നും പറയും.

ചുരുക്കത്തില്‍

ഒപ്പം - സമഗ്രഹം
മുമ്പു് - അതീതം
പിന്‍പു് - അനാഗതം

അതീതത്തില്‍ ഉള്ള കൃതികള്‍ വിരളമാണു്. ഉദാഹരണം - മരുബാരി, സ്മരസുന്ദരാംഗി
അനാഗതത്തല്‍ ഉള്ള കൃതികള്‍ - ഉദാഹരണം - പത്മനാഭ പാഹി, ഏതാവുന്നറ

സമഹ്രഹത്തിലുള്ളതാണു് ഒട്ടുമിക്ക കൃതികളും.

താളം പിടിക്കുന്ന രീതികള്‍

താളത്തിനു് കാലപ്രമാണങ്ങള്‍ പത്തു തരം. കാലം, മാര്‍ഗ്ഗം, ക്രിയ, അംഗം, ജാതി, ഗ്രഹം, കല, ലയം, യതി, പ്രസ്താരം എന്നു്. ഇവ വിശദമായി മറ്റു പേജുകളിലായി വിവരിച്ചിട്ടുണ്ടു്

താളം പിടിക്കുന്ന രീതി

പാടുമ്പോള്‍ താളം ക്രമമായിരിക്കാന്‍ ഇടത്തെ ഉള്ളംകയ്യില്‍ അല്ലെങ്കില്‍ വലതു തുടയില്‍ വലതു കൈ ഉപയോഗിച്ചു് അടിക്കുന്ന രീതി ആണു് സാധാരണയായി ഉപയോഗിക്കാറു് . എന്നിരുന്നാലും കൈവിരലുകള്‍ എണ്ണിയും, വിരലുകള്‍ ഞൊടിച്ചും താളം പിടിക്കാം.

ആദ്യം പറഞ്ഞ രീതിയ്ക്കു് കൈവെള്ള ഉപയോഗിച്ചു് അടിയ്ക്കുന്നതിനു അടയാളം ​X എന്നും, കൈയുടെ പുറം വശം അടിക്കുന്നതിനു് V എന്നും വിരലുകള്‍ എണ്ണുന്നതിനു് 1,2,3,4 എന്നും എഴുതും.

ഉദാഹരണത്തിനു് ആദി താളത്തില്‍ താളം പിടിക്കുന്ന ക്രമം

അടി 1 2 3 അടി വീശു് അടി വീച്ചു്
X 1 2 3 X V X V

അക്ഷരകാലം 4 2 2 = 8

മറ്റു താളങ്ങളില്‍ ഇതിന്റെ രീതി മാറും.

ഇതില്‍ ചില ക്രിയകള്‍ നിശ്ശബ്ദവും ചിലതു് ശബ്ദം ഉളവാക്കുന്നതുമാണു്.
വലതു കൈകൊണ്ടു് അടിക്കുന്നതും വിരല്‍ ഞൊടിക്കുന്നതും സശബ്ദക്രിയകള്‍.
വിരലെണ്ണുന്നതും കൈ വീശുന്നതും നിശ്ശബ്ദക്രിയകള്‍.
ഇവയ്ക്കെല്ലാം പ്രത്യേകം പേരുകള്‍ ഉണ്ടു്

എട്ടു തരം രീതികള്‍ - മാര്‍ഗ്ഗക്രീയാഷ്ടകങ്ങള്‍

ആവാപം - വീരലുകള്‍ ഒരോന്നായി മടക്കുക
വിക്ഷേപം - മടക്കിയ വിരലുകള്‍ നിവര്‍ത്തുക
നിഷ്ക്രമം - കൈ വലത്തോട്ടു് വീശുക
പ്രവേശം - കൈ ഇടത്തേട്ടു് വട്ടം ചുറ്റി കീഴു്പ്പോട്ടു് അടിക്കാന്‍ പ്രവേശിക്കുക
ധ്രുവം - വിരല്‍ ഞൊടിക്കുക
ശമ്യം - വലതുകൈ ഇടതുഉള്ളംകയ്യില്‍ അടിക്കുക
താലം - ഇടതുകൈ വലതുഉള്ളംകയ്യില്‍ അടിക്കുക
സന്നിപാതം - രണ്ടു കയ്യും പൊക്കി മുന്‍വശത്തു നീട്ടി കൂട്ടിയടിക്കുക

ദേശീയക്രിയാഷ്ടകങ്ങള്‍

ധ്രുവകം - വിരലുകള്‍ നിശ്ശബ്ബമായി ഉരയ്ക്കുക
സര്‍പ്പിണി - കൈ ഇടത്തോട്ടു് വീശുക
കൃഷം - ഇടത്തു നിന്നു് വലത്തോട്ടു് കൈ വീശുക
പത്മിനി - കൈപ്പത്തി കമഴ്ത്തിപ്പിടിച്ചു് കൈ താഴോട്ടു് വീശുക
വിസര്‍ജ്ജിതം - കൈ പുറത്തോട്ടു് മലര്‍ത്തുക
വിക്ഷിപ്തം - കൈവിരലുകള്‍ എല്ലാം ചേര്‍ത്തു മടക്കുക
പതാകം - കൈ മോല്‍പ്പോട്ടു് പൊക്കുക
പതിതം - കൈ കീഴ്പ്പോട്ടു് കൊണ്ടു വരുക

Wednesday, November 24, 2010

നാലു് കാലങ്ങള്‍

പുരന്ദരദാസന്‍ നിശ്ചയിച്ച പ്രകാരം സംഗീതം അഭ്യസിക്കാന്‍ തുടങ്ങുതു് മായാമാളവഗൗള രാഗത്തിലാണു്

സപ്തസ്വരങ്ങള്‍ ആദി താളത്തില്‍ നാലു് കാലങ്ങളില്‍ പാടുന്ന രീതി

ഒന്നാം കാലം

ഒരു അടിയ്ക്ക് ഒരു സ്വരം

സ രി ഗ മ പ ധ നി സ

സ നി ധ പ മ ഗ രി സ

രണ്ടാം കാലം

ഒരു അടിയ്ക്കു് രണ്ടു് സ്വരം

സരി ഗമ പധ നിസ സനി ധപ മഗ രി സ

മൂന്നാം കാലം

ഒരു അടിയ്ക്കു് നാലു് സ്വരം

സരിഗമ പധനിസ സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ

നാലാം കാലം

ഒരു അടിയ്ക്കു് എട്ടു് സ്വരം

സരിഗമപധനിസ സനിധപമഗരിസ സരിഗമപധനിസ സനിധപമഗരിസ
സരിഗമപധനിസ സനിധപമഗരിസ സരിഗമപധനിസ സനിധപമഗരിസ


Saturday, November 20, 2010

ഹാര്‍മോണിയം




കര്‍ണ്ണാടക സംഗീതം പഠിക്കാന്‍ തുടങ്ങുന്നവര്‍ക്കു് ശ്രുതിശുദ്ധമായി ചേര്‍ന്നു് പാടി പഠിക്കാന്‍ നല്ല ഒരു സംഗീതോപകരണം തന്നെ.

ഇതിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ ശ്രുതി റ്റ്യൂണ്‍ ചെയ്യേണ്ട ആവശ്യം ഇല്ല എന്നതു് തന്നെ. 12ശ്രുതിസ്ഥാനങ്ങളായു് മൂന്നു സെറ്റു് സ്ഥായി ആണിതിനുള്ളതു്. പഴയ തരം ഹര്‍മോണിയത്തില്‍ മദ്ധ്യസ്ഥായി ഒന്നാം കട്ട ശ്രുതിയില്‍ ആണു് അതായതു് C എന്ന ആംഗലേയ രീതിയില്‍ ആണു് ശൃഷ്ടിച്ചിരിക്കുന്നതു്. ഇവിടെ ശ്രുതി മാറി പാടുമ്പോള്‍ കട്ടകളുടെ ക്രമം മൊത്തം മാറ്റി വായിക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഹര്‍മോണിയത്തില്‍ ഇതേ ക്രമത്തില്‍ ശ്രുതി മാറ്റി വായിക്കാനുള്ള സംവിധാനം ഉണ്ടു്.

ശ്രുതികള്‍ ഉറച്ചതായതിനാലുള്ള ബുദ്ധിമുട്ടു് ഉള്ള ഒരു കാര്യം ഗമഗം വരുത്താനും ആരോഹാവരോഹണങ്ങള്‍ ഒഴുകി ചേര്‍ക്കാനും ബുദ്ധിമുട്ടാണു് എന്നതു് തന്നെ. അതിനാല്‍ മിക്കപ്പോഴും ഗായകര്‍ ശ്രുതി ഉറച്ചു കഴിഞ്ഞാല്‍ ഹാര്‍മോണിയത്തെ തള്ളിപ്പറയുന്ന ഒരു പ്രവണതയുണ്ടു്.

എന്നാല്‍ പാടുന്നതിനു് മുമ്പു് ഇതു് റ്റ്യണ്‍ ചെയ്യേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇതൊരു ജനകീയ വാദ്യോപകരണമായി അംഗീകാരം നേടി. സംഗീത വാസനയുണ്ടെങ്കിലും അതു് അഭ്യസിച്ചിട്ടില്ലാത്തവര്‍ക്കും ഇതുപയോഗിക്കാന്‍ മറ്റു വാദ്യോപകരണങ്ങളെ അപേക്ഷിച്ചു് എളുപ്പമാണു്.

Sunday, November 14, 2010

ശ്രവണം


സ്വരങ്ങള്‍ നാം കേള്‍ക്കുന്നതെങ്ങിനെ?

കര്‍ണ്ണം
ഇവ മൂന്നു് ആയി തിരിക്കാം.
1. പുറം ചെവി
2. മധ്യഭാഗം
3. ഉള്‍ഭാഗം

ശബ്ദപ്രകംബനം ചെവിയില്‍ എത്തുന്നതു് വായുവിലൂടെ.
മധ്യഭാഗത്തു് മൂന്നു് ചെറി അസ്ഥികള്‍ വഴി ശബ്ദതരംഗങ്ങളെ പുറമെയുള്ള റ്റിംബാനിക്കു് മെംബ്രേനില്‍ നിന്നും എടുത്തു് അതിനെ പതിന്മടങ്ങു് വര്‍ദ്ധിപ്പിച്ചതിനു ശേഷം അകത്തുള്ള കൊക്ലീയാര്‍ അപ്പറാറ്റസ്സില്‍ എത്തിക്കുന്നു. അവിടെ കൊക്ലീയാര്‍ അപ്പറേറ്റസ്സില്‍ അടങ്ങിയിരിക്കുന്ന കൊക്ലീയാര്‍ ഫ്ലൂയിഡു് പ്രകമ്പനം കൊള്ളപ്പെടുന്നു. ഇനി എന്തു്?

കൊക്ലീയാര്‍ അപ്പാററ്റസ്സിന്റെ കുഴലിനു് തുടങ്ങുത്ത അറ്റം വ്യാസം കൂടുതലും, തീരുന്നിടത്തു് വ്യാസം കുറഞ്ഞും, നീളത്തില്‍ ഉള്ള കുഴലിനെ ഒതുങ്ങിയ സ്ഥലത്തു് പരിമിതപ്പെടുത്തുവാന്‍ അതു് ശംഖു് പോലെ ചുരുട്ടിയാണു് വെച്ചിരിക്കുന്നതു്. കൊക്ലീയാര്‍ അപ്പറാറ്റസ്സില്‍ ഒരു പിയാനോയിലെ കമ്പികള്‍ എന്ന പോലെ പല നീളങ്ങളിലുള്ള 30,000 ത്തോളം മുടിനാരുകള്‍‍ പോലത്തെ ചരടുകള്‍ ചേര്‍ന്നുള്ള ഒരു ഷീറ്റുണ്ടു്. ഇതിനു് ബേസിലാര്‍ മെമ്പ്രേന്‍ എന്നു പറയും. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ഈ തന്ത്രികള്‍ ഓരോന്നിനും വെത്യസ്തനീളമായതിനാല്‍ വെത്യസ്തപ്രകമ്പന സ്വഭാവവും ഉള്ളതാണു്. ഇവയെല്ലാം കൊക്ലീയാല്‍ ഫ്രൂയിഡില്‍ മുങ്ങിയാണു് കിടക്കുന്നതു്. കാതില്‍ പതിയുന്ന സ്വരങ്ങള്‍ കൊക്ലീയാര്‍ ഫ്ലൂയിഡിനെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ആ ശബ്ദതരംഗം അതിനു ചേര്‍ന്ന തന്ത്രികളെ തേടി സഞ്ചരിച്ചു് അവയ്ക്കു് ചേരുന്ന തന്ത്രിയെ കണ്ടെത്തുകയും അവയെ മാത്രമായു് പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നു. തന്ത്രികളില്‍ സംഭവിക്കുന്ന പ്രകമ്പനങ്ങള്‍ കാരണം അവയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഹേയര്‍ സെല്‍സ്സു് വളയുകയും അതില്‍ തല്‍ഫലം ചില രാസപ്രവര്‍ത്തനങ്ങള്‍ ഉളവാക്കുന്നു. അങ്ങിനെ ഇലക്ട്രിക്കല്‍ തരംഗങ്ങള്‍ ഉല്‍പ്പാദിക്കപ്പെടുകയും ഈ തന്ത്രിയുടേതു് മാത്രമായു് ഉള്ള ഞരമ്പു് വഴി ഈ വിവരം തലച്ചോറില്‍ എത്തിക്കുകയും ചെയ്യുന്നു. അവിടെ നിലവിലുള്ള ശബ്ദവിവരങ്ങളുമായു് താരതമ്യപഠനവും വിശകലനവും ചെയ്തു കഴിയുമ്പോള്‍ ശബ്ദതരംഗത്തിനെ തിരിച്ചറിയുന്നു. അതോടൊപ്പം ആ ശബ്ദവുമായു് ബന്ധപ്പെട്ട എല്ലാ വിവരവും തലച്ചോര്‍ തിരിച്ചറിയുന്നു

This 7-minute video by Brandon Pletsch takes viewers on a step-by-step voyage through the inside of the ear, to the acoustic accompaniment of classical music. Pletsch, a former medical illustration student at the Medical College of Georgia, first built a physical ear model and mapped which frequency ranges hit which parts of the inner ear. He then created digital renderings of each part of the hearing pathway using several software packages. A narrator describes how the sound waves travel through each portion of the ear, and how hair cells translate the vibrations they induce into nerve impulses.



ശബ്ദതരംഗങ്ങള്‍ മുമ്പേ കേട്ടവ അല്ലെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ സാധ്യമല്ല എന്നു കൂടി പറയേണ്ടിയിരിക്കുന്നു. ഇവിടെയാണു് മുന്‍പരിചയവും ശാസ്ത്രീയസംഗീതപരിജ്ഞാനവും ആവശ്യമായി വരുന്നതു്. ശബ്ദവീചികളെ തിരിച്ചറിയാനുള്ള കഴിവു് വളരെ നാളത്തെ സംഗീതപഠനങ്ങള്‍ക്കു ശേഷം മാത്രമേ പ്രാപ്യമാവുകയുള്ളു. പാടുന്നതിനേക്കാള്‍ കൂടുതല്‍ ശ്രവണം ആണു് സംഗീത പഠനത്തിനു് ആവശ്യം.

നാദം

Warning: Do not view the video if you are a very sensitive person.

ധൈര്യം ഇല്ലാത്തവര്‍ ദയവു് ചെയ്തു് വീഡിയോ കാണരുതു്.
ഈ പേജില്‍ കൊടുത്തിരിക്കുന്ന വിവരണങ്ങള്‍ മാത്രം വായിക്കുക.

വീഡിയോ കാണുന്നവര്‍ അതൊടൊപ്പം ഓഡിയോ കൂടി ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാവുകയുള്ളു

Video Courtesy:
The University of Iowa Hospitals and Clinics. Thanks for providing the option to embed the video here







മുകളില്‍ കാണുന്ന വീഡിയോ കാണുന്നതിനു് മുമ്പു് അതിനു് മുമ്പു് കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും വോക്കല്‍ കോര്‍ഡു് ഏതാണെന്നു കണ്ടു മനസ്സിലാക്കുക. ശ്വാസം എടുത്തു് വിടുമ്പോള്‍ വെളുത്ത നിറത്തില്‍ കാണുന്ന പാട തമ്മില്‍ അകലുന്നതും ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ അവ അടുക്കുന്നതും കാണാം. അവ അടുത്തു നില്‍ക്കുമ്പോള്‍ വൈബ്രേറ്റു് ചെയ്യുന്നതും ശ്രദ്ധിക്കുക.

ശബ്ദങ്ങളുടെ പിച്ചു് മാറുന്നതിനനുസരിച്ചു് വോക്കല്‍ കോര്‍ഡിന്റെ നീളം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കുക. കീഴു് സ്ഥായിയിലും മേല്‍സ്ഥായിയിലും ഉള്ള വെത്യാസം മനസ്സിലാക്കുക.



ശബ്ദം ഉണ്ടാവുന്നതു് പ്രകമ്പനത്തില്‍ നിന്നാണു്. അതായതു് ഒരു വസ്തു വേഗത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുമ്പോള്‍ ശബ്ദം ഉണ്ടാകുന്നു. എന്നാല്‍ ഈ ചലനം എന്നതു് കൊണ്ടു മാത്രം ആയില്ല. അതിനോടൊപ്പം വായുവും ശക്തിയായി ചലിക്കണം. ഇതിനാണു് പ്രകമ്പനം എന്നു പറയുന്നതു്. ഒരു നിമിഷത്തില്‍ കുറഞ്ഞതു് 30 ഉം കൂടിയാല്‍ 22000 ഉം പ്രകമ്പനം കൊള്ളുന്ന ശബ്ദം മാത്രമേ കാതിനു ശ്രവിക്കുവാന്‍ ആവുകയുള്ളു. ഇവയ്ക്കു് ആഹത ശബ്ദമെന്നും അതിനു് താഴെയും മുകളിലും ഉള്ള ശ്രവിക്കാന്‍ പറ്റാത്ത ശബ്ദത്തിനു് അനാഹത ശബ്ദമെന്നും പറയുന്നു. അനാഹത ശബ്ദം പ്രകൃതിയിലുണ്ടെങ്കിലും ഉപകരണങ്ങള്‍ വഴി മാത്രമേ അവയുടെ സാന്നിദ്ധ്യം അറിയാന്‍ പറ്റു. അവ മനുഷ്യന്റെ കേള്‍വിയ്ക്കു് അതീതമാണു്.

ആഹതശബ്ദം രണ്ടു തരത്തിലുണ്ടു് - സ്ഫോടകവും, നാദവും.

സ്ഫോടക ശബ്ദങ്ങള്‍ ക്രമാനുസാരികളായ സ്പന്ദനങ്ങളില്‍ നിന്നു ജനിക്കുന്നവയല്ല. ഉദാഹരണം വെടിയുണ്ടയുടെയും മിന്നലിന്റെയും ശബ്ദം.

നാദം എന്നതു് ക്രമാനുസാരികളായ സ്പന്ദനങ്ങളില്‍ നിന്നും ജനിക്കുന്നവയാണു്. ഉദാഹരണം മണികിലുക്കം, വീണയുടെ സ്വനം. അവ കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദങ്ങളാണു്.

സംഗീതത്തിനു് ആധാരം നാദം ആണു്. 'ന' എന്നാല്‍ പ്രാണവായുവെന്നും 'ദം' എന്നാല്‍ അഗ്നിയെന്നും അര്‍ത്ഥമുണ്ടു്.

മനുഷ്യനാദത്തിനു് അഞ്ചു ഘടകങ്ങളുണ്ടു്.

1. അനാഹരൂപത്തില്‍ നാഭിയില്‍ നിന്നും പുറപ്പെട്ടു് - അതിസൂക്ഷ്മനാദമായു് പുറപ്പെട്ടു്
2. ഉരഃപഞ്ജരങ്ങളില്‍ എത്തി - സൂക്ഷ്മനാദമായി
3. കണ്ഠങ്ങളില്‍ എത്തി - പൂര്‍ണ്ണനാദമായി മാറുന്നു.
4 . ശിരസ്സിന്റെ സഹായത്തോടു് കൂടി ഉച്ചസ്ഥായിലുള്ള നാദം - അപൂര്‍ണ്ണനാദം
5. ചുരുക്കിയും വികൃതപ്പെടുത്തിയും പുറപ്പെടുവിക്കുന്നവ - കൃത്രിമം

ഗാനാലാപനത്തില്‍ ഈ നാദം മൂന്നു തരത്തില്‍ കേള്‍ക്കാന്‍ കഴിയും. ഉരഃപഞ്ജരത്തില്‍ മന്ദ്രനാദവും, കണ്ഠത്തില്‍ മദ്ധ്യനാദവും, ശിരസ്സില്‍ താരനാദവും.

മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ലാറിംഗോസ്ക്കോപ്പി വഴി റെക്കോര്‍ഡു് ചെയ്തതാണു്. (അതു് യൂറ്റൂബിലിട്ടു് അതിനു ഇവിടെ ലിങ്കു് ഇടാന്‍ സൗകരം ചെയ്തവര്‍ക്കു് നന്ദി പറയുന്നു). താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങള്‍ വായിച്ചതിനു ശേഷം വീഡിയോയോടൊപ്പം ഓഡിയോയും ശ്രദ്ധിക്കുക.

മനുഷ്യകണ്ഠനാളത്തില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ മൂന്നു് ഘതകങ്ങളാണുള്ളതു്.

1. ശ്വാസപ്രക്രിയ
2. ശബ്ദനാദതന്ത്രികള്‍
3. ധ്വനിഅവയവങ്ങള്‍.

ശ്വാസം ഉള്ളിലേക്കെടുത്തു് വലിച്ചു് പിടിക്കുമ്പോള്‍ നാദതന്ത്രികള്‍ അകന്നു കൊടുക്കും. അപ്പോള്‍ ശബ്ദമുണ്ടാവില്ല. അതിനു ശേഷം നിയന്ത്രിച്ചു് ശക്തിയായി പുറത്തേക്കു് തള്ളുമ്പോള്‍ നാദതന്ത്രികള്‍ അടുത്തു ചേര്‍ന്നു നില്‍ക്കുകയും അവ പ്രകമ്പനം കൊള്ളുകയും ചെയ്യും. ഇങ്ങനെ പുറപ്പെടുന്ന നേര്‍ത്ത ശബ്ദം ശ്വാസനാളം വഴി പുറത്തേക്കു് തള്ളുമ്പോള്‍ ചുറ്റുമുള്ള ധ്വനിഅവയങ്ങള്‍ വഴി അവ പതിന്മടങ്ങു് ഉച്ചത്തില്‍ പുറത്തേക്കു ശബ്ദമായി വരുന്നു.

നാദതന്ത്രികള്‍ക്കുള്ളിലുള്ള വളരെ ചെറിയ മാംസപേശികള്‍ വഴിയും, തന്ത്രികളെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന അനേകം കാര്‍ട്ടിലേജും അവയുടെ മാംസപേശികള്‍ വഴിയും തന്ത്രികളുടെ നീളവും, അടുപ്പവും, മുറുക്കവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക വഴി പുറപ്പെടുന്ന ശബ്ദത്തിനു് വെത്യാസം വരുത്താം.

നാദതന്ത്രികള്‍ മുറുകുമ്പോള്‍ ഉച്ചസ്ഥായിയിലും അയയുമ്പോള്‍ മന്ദ്രസ്ഥായിയിലും ശബ്ദം ഉണ്ടാകുന്നു.

സ്ഥായി

ഒരാള്‍ക്കു് എത്രമാത്രം താഴു്ന്ന സ്വരത്തില്‍ നിന്നും പരമാവധി എത്രമാത്രം ഉയര്‍ന്ന സ്വരത്തിലും പാടാന്‍ കഴിയും എന്നു സൂചിപ്പിക്കുന്നതിനാണു് മൂന്നു സ്ഥായിയായി സ്വരങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നു്.

കര്‍ണ്ണാടകസംഗീതത്തില്‍ 3 സ്ഥായി.
ഉപകരണസംഗീതത്തില്‍ 5 സ്ഥായി.

കര്‍ണ്ണാടകസംഗിതം പാടുന്ന ഒരാള്‍ക്കു് പരമാവധി സാധ്യമാവുക മൂന്നു് സ്ഥായി. അതായതു് ത്രിസ്ഥായി സഞ്ചാരം. ഒരു സ്ഥായി എന്നാല്‍ ഒരു സ മുതല്‍ അടുത്ത നി വരെയുള്ള ഏഴു സ്വരങ്ങള്‍. എഴുതുമ്പോള്‍ സ്വരത്തിനു് താഴെ കുത്തിട്ടാല്‍ ആ സ്വരം മന്ദ്രസ്ഥായി അധവാ കീഴു്സ്ഥായി. കുത്തൊന്നും ഇല്ലാത്ത സ്വരങ്ങള്‍ മദ്ധ്യസ്ഥായി. സ്വരത്തിനു് മുകളില്‍ കുത്തിട്ടാല്‍ അതു് താരസ്ഥായി അധവാ മേല്‍സ്ഥായി അധവാ ഉച്ഛസ്ഥായി.

ഉപകരണ സംഗീതത്തില്‍ രണ്ടു സ്ഥായി കൂടിയുണ്ടു്. സ്വരത്തിനു മുകളില്‍ രണ്ടു് കുത്തിട്ടാല്‍ അതു് താരസ്ഥായിക്കും മുകളില്‍ പോകുന്ന അതിതാരസ്ഥായി. സ്വരത്തിനു കീഴില്‍ രണ്ടു് കുത്തിട്ടാല്‍ മന്ദ്രസ്ഥായിക്കും താഴെ പോകുന്ന അനുമന്ദ്രസ്ഥായി.

തംബുരു ശ്രുതി



ശ്രുതിമീട്ടാന്‍ ഉപയോഗിക്കുന്നു.

നാലു് കമ്പികള്‍ ആണു് ഇതിനുള്ളതു്. പഞ്ചമം, സാരണ, അനുസാരണ, മന്ദ്രം എന്ന ക്രമത്തിലാണു് ഇതു് മീട്ടുന്നതു്. ബരഡകള്‍ മുറുക്കിയും അയച്ചും ആദ്യം റ്റ്യൂണ്‍ ചെയ്തതിനു ശേഷം മണിക്കായകളില്‍ ആണു് ഫൈന്‍ റ്റ്യൂണ്‍ ചെയ്യുന്നതു്. ആദ്യം റ്റ്യൂണ്‍ ചെയ്യുന്നതു് നടുവിലെ രണ്ടു് കമ്പികളായ താരസ്ഥായി ഷടു്ജം. അതിനു ശേഷം ഇരിക്കുന്ന ആളിന്റെ അടുത്തു് നിന്നു് നാലാമത്തെ കമ്പിയായ മധ്യസ്ഥായിപഞ്ചമം അവസാനമായി ഇരിക്കുന്ന ആളിന്റെ തൊട്ടടുത്തുള്ള കമ്പി മദ്ധ്യസ്ഥായി ഷഡു്ജത്തിലും റ്റ്യൂണ്‍ ചെയ്യണം.

വായിക്കുമ്പോള്‍ ക്രമത്തില്‍ പസസസ എന്നാവും കേള്‍ക്കുക.

ശ്രുതി

Normal Male Sruthi - C



Normal Female Sruthi - G#



Alternating between C & G#



ആദ്യം മുകളില്‍ കൊടുത്തിരിക്കുന്ന രണ്ടു ശ്രുതികളും ഒന്നു മാറി മാറി കേട്ടു് നോക്കു.

കേട്ടല്ലോ. രണ്ടും തമ്മില്‍ വെത്യാസം കേള്‍ക്കുന്നില്ലേ. ഇനി താഴെ കൊടുത്തിരിക്കുന്ന വിവരണം വായിക്കൂ.

താഴെ ഹര്‍മോണിയ കട്ടകള്‍ നോക്കുക



ഹാര്‍മോണിയത്തില്‍ ഒരു സ്ഥായിയുടെ അടിസ്ഥാനഘടന - ആദ്യം മൂന്നു് വെളുത്ത കട്ടകള്‍ അവയ്ക്കിടയില്‍ ഒരോ കറുത്ത കട്ടകള്‍. അതിനു ശേഷം നാലു് വെളുത്ത കട്ടകള്‍ അവയ്ക്കിടയില്‍ ഓരോ കറുത്ത കട്ടകള്‍. അങ്ങിനെ 3+2+4+3=12 കട്ടകള്‍, അധവാ സ്വരസ്ഥാനങ്ങള്‍. അങ്ങിനെ പന്ത്രണ്ടു് ശ്രുതിസ്ഥാനങ്ങള്‍. ഇതു പോലെ മൂന്നു് സെറ്റു് ചേരുമ്പോള്‍ മൂന്നു സ്ഥായി. ഹര്‍മ്മോണിയത്തില്‍ മൂന്നു് സ്ഥായിയിലുള്ള കട്ടകള്‍ ഉണ്ടു്.

ആദ്യത്തെ വെള്ളക്കട്ട സ മുതല്‍ ഏഴാമത്തെ വെള്ളക്കട്ട നി വരെ മന്ത്രസ്ഥായി (കീഴു്സ്ഥായി). എട്ടാമത്തെ വെള്ളക്കട്ട മദ്ധ്യസ്ഥായി സ മുതല്‍ പതിനാലാമത്തെ വെള്ളക്കട്ട അടുത്ത നി വരെ മദ്ധ്യസ്ഥായി. പതിനഞ്ചാമത്തെ വെള്ളക്കട്ട താരസ്ഥായി സ മുതല്‍ ഇരുപത്തിഒന്നാമത്തെ വെള്ളക്കട്ട നി വരെ താരസ്ഥായി (മേല്‍സ്ഥായി).

ശ്രുതിസ്ഥാനം എന്നാല്‍ സൂക്ഷമായു് വ്യക്തമാമായി വേര്‍തിരിച്ചു് കേള്‍ക്കാവുന്ന ഏറ്റവും ചെറിയ നാദവിശേഷം അധവാ സ്വരങ്ങളുടെ സ്ഥാനം അധവാ ഇടവേളകള്‍. ഭാരതീയസംഗീതത്തില്‍ 12 സ്വരസ്ഥാനങ്ങള്‍ അധവാ ശ്രുതിസ്ഥാനങ്ങള്‍. 12 ശ്രുതികള്‍ ഒരു സ്വരസ്ഥായിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സപസ ചേര്‍ത്തു് മീട്ടുന്ന അഷ്ടസ്വരങ്ങള്‍ അധവാ Octave ഹര്‍മോണിയത്തിലോ, തംബുരുവിലോ, ശ്രുതിപ്പെട്ടിയിലോ മീട്ടിക്കൊണ്ടു് പാടുന്ന ആളിന്റെ സ്വരം ഷഡു്ജത്തിലും പഞ്ചമത്തിലും അടിസ്ഥാനമായി ഉച്ചരിച്ചു് സ്വരം ക്രമപ്പെടുത്തി പാടുമ്പോള്‍ ശ്രുതി ചേര്‍ത്തു് പാടുക എന്നു പറയും.

ഇനി സപസ എവിടെ നിന്നു തുടങ്ങണം. പൊതുവേ പുരുഷന്മാര്‍ക്കു് ഒന്നാം കട്ടയ്ക്കും സ്ത്രീകള്‍ക്കു് അഞ്ചരക്കട്ടയ്ക്കും ആണു് പ്രകൃതി നിശ്ചയിച്ചിരിക്കുന്നതു്. ശ്രുതിസ്ഥാനങ്ങള്‍ മാറ്റമില്ലാത്ത ഹര്‍മോണിയ ശ്രുതിപ്പെട്ടി തന്നെ ആണു് ശ്രുതി ചേര്‍ക്കാന്‍ ഉത്തമം. അതില്‍ ഒന്നാം കട്ട സപസ പിടിക്കുന്നതു് മധ്യസ്ഥായി സ യും പ യും താരസ്ഥായി സ യും. അഞ്ചരക്കട്ടയ്ക്കു് പിടിക്കുക എന്നു പറയുന്നതു് സ എന്നതു് ഹര്‍മോണിയത്തിന്റെ അ‍ഞ്ചാമത്തെ വെള്ളക്കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയില്‍ തുടങ്ങി, പ എന്നതു് എട്ടാമത്തെ കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയും മേല്‍സ്ഥായി സ എന്നതു് പന്ത്രണ്ടാമത്തെ കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയും. ഇതേ രീതിയില്‍ 12 ശ്രുതികളില്‍ ഏതു് ശ്രുതിയും ഹര്‍മോണിയത്തില്‍ വായിക്കാന്‍ കഴിയും.

പക്ഷെ മറ്റു വാദ്യോപകരണങ്ങള്‍ക്കു് അവ വായിക്കുന്നതിനു മുന്നോടിയായി ശ്രുതി ചേര്‍ക്കേണ്ടതായു് ഉണ്ടു്. ശ്രുതി ചേര്‍ക്കുമ്പോള്‍ സപസ എന്നതു് ആവശ്യം ഉള്ള ശ്രുതിയില്‍ ചേര്‍ത്തു വായിക്കുക തന്നെ. ശ്രുതി മാറ്റി വായിക്കേണ്ടി വരുമ്പോള്‍ ഉപകരണം വീണ്ടും ആദ്യം മുതല്‍ തന്നെ വീണ്ടും വീണ്ടും ശ്രുതി ചേര്‍ത്തു റ്റ്യൂണ്‍ ചെയ്യേണ്ടിയിരിക്കുന്നു.

Saturday, November 13, 2010

സപ്തസ്വരങ്ങള്‍

സപ്തസ്വരങ്ങള്‍ എന്നാല്‍ ഏഴു് സ്വരങ്ങള്‍.


സ, രി, ഗ, മ, പ, ധ, നി. (ഉത്ഭവം അറിയാന്‍ ചരിത്രം താള്‍ നോക്കുക)

സ എന്നാല്‍ ഷഡു്ജം, രി എന്നാല്‍ ഋഷഭം, ഗ എന്നാല്‍ ഗാന്ധാരം, മ എന്നാല്‍ മധ്യമം, പ എന്നാല്‍ പഞ്ചമം, ധ എന്നാല്‍ ധൈവതം, നി എന്നാല്‍ നിഷാദം. (ആംഗലേയഭാഷാസംഗീതത്തില്‍ ഇവയുടെ പേരു് do, re, me, fa, so, la, ti എന്നുണ്ടെങ്കിലും അവയ്ക്കു് കര്‍ണ്ണാടകസംഗീതസപ്തസ്വരങ്ങള്‍ക്കു് ലഭിച്ച പ്രചുരപ്രചാരമില്ല). കര്‍ണ്ണാടകസംഗീത പാഠപുസ്തകങ്ങളില്‍‍ സ്ഥായി തിരിച്ചറിയാനായി കീഴു്സ്ഥായി അധവാ മന്ത്രസ്ഥായിസ്വരങ്ങള്‍ക്കു് അക്ഷരത്തിനടിയിലും മേല്‍സ്ഥായി അധവാ താരസ്ഥായി സ്വരപ്രയോഗങ്ങള്‍ക്കു് അക്ഷരത്തിനു മുകളിലും ഒരു കുത്തു് ഇട്ടു് വേര്‍തിരിച്ചെഴുതും. മധ്യസ്ഥായി സ്വരങ്ങള്‍ക്കു് കുത്തിടില്ല.

7 ശുദ്ധസ്വരങ്ങളില്‍ സ യും പ യും അചലസ്വരങ്ങളായതിനാല്‍ അവയ്ക്കു് വകഭേദമില്ല. 12 സ്വരപ്പട്ടികയായ ദ്വാദശപ്പട്ടിക പ്രകാരം മറ്റു 5 സ്വരങ്ങള്‍ക്കും രണ്ടു വകഭേദം വീതം ഉണ്ടു്, കോമളവും തീവ്രവും. അങ്ങിനെ മൊത്തം 12. അതല്ല, ഇതിനിടയില്‍ വേറേയും സ്വരങ്ങലുണ്ടു് എന്നു വാദിക്കുന്നവര്‍ കൊണ്ടുവന്ന ക്രമം ആണു് ഷോഡശസ്വര പട്ടിക. അതു് പ്രകാരം സ്വരങ്ങള്‍ 16 ആണു്. ഇവിടെ മ ഒഴികേ മറ്റു് സ്വരങ്ങള്‍ക്കു് ഓരോന്നിനും ഒരു വകഭേദം കൂടി കല്‍പ്പിച്ചിട്ടുണ്ടു്. എന്നിരുന്നാലും അവയില്‍ ചില സ്വരങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ വാസ്തവത്തില്‍ മൊത്തം ശ്രുതിസ്ഥാനങ്ങള്‍ 12ല്‍ ഒതുങ്ങും.

സ്വരസ്ഥാനം സ്വരം
1. ഷഡു്ജം
2. ശുദ്ധഋഷഭം
3. ചതുര്‍ശ്രുതിഋഷഭം
3. ശുദ്ധഗാന്ധാരം
4. ഷഡു്ശ്രുതിഋഷഭം
4. സാധാരണഗാന്ധാരം
5. അന്തരഗാന്ധാരം
6. ശുദ്ധമധ്യമം
7. പ്രതിമദ്ധ്യമം
8. പഞ്ചമം
9. ശുദ്ധധൈവതം
10. ചതുര്‍ശ്രുതിധൈവതം
10. ശുദ്ധനിഷാദം
11. ഷഡു്ശ്രുതിധൈവതം
11. കൈശികിനിഷാദം
12. കാകളിനിഷാദം

ഇവയില്‍ ഒരേ അക്കം ആവര്‍ത്തിച്ചെഴുതിയിരിക്കുന്നവ വാസ്തവത്തില്‍ ഒരേ സ്ഥാനത്തെ സ്വരം തന്നെയാണു്. ആയതിനാല്‍ ഈ ജോഡികളില്‍ ഒന്നു മാത്രമേ ഒരു രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു.

Wednesday, November 10, 2010

ശ്രുതിയും രാഗവും ചേര്‍ത്തു് പാടുന്ന രീതി

ശ്രുതി എന്നാല്‍-
1. സൂക്ഷമായും വ്യക്തമായും വേര്‍തിരിച്ചു് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ  നാദവിശേഷം 
2. സ്വരങ്ങളുടെ ഇടവേളകള്‍ 
3. ധ്വനി വിശേഷണങ്ങള്‍ 

ശ്രുതി ചേരുക എന്നാല്‍ സ്വരങ്ങളുടെ സ്ഥായിക്കു് ചേര്‍ന്നു് പാടുക എന്നര്‍ത്ഥം.

ഒരു സ്ഥായിയില്‍ സ്വരങ്ങളുടെ എണ്ണം 22 ആണോ, 16 ആണോ, അതോ 12 ആണോ എന്ന തര്‍ക്കം നമുക്കു് തല്‍ക്കാലം സൗകര്യാര്‍ത്ഥം ചിന്തിക്കാതിരിക്കാം. തര്‍ക്കം ഏതായാലും ഷ‍ഡു്ജവും പഞ്ചമവും അചല സ്വരങ്ങളാണന്നോര്‍ക്കുക. ഒരു സ്ഥായി എന്നാല്‍ ഒരു ഷഡു്ജത്തില്‍ നിന്നു് അടുത്ത മുകളിലുള്ള ഷഡു്ജം വരെയുള്ള ദൂരം. അങ്ങിനെ പൂര്‍ണ്ണരാഗങ്ങളില്‍ ഒരു സ്ഥായിയില്‍ സ മുതല്‍ രിഗമപധനി യിലൂടെ മുകളിലത്തെ സ വരെ അഷ്ടസ്വരങ്ങള്‍ അധവാ ഒരു സ്ഥായി. ഇവിടെ ഒരു സ്ഥായിലെ അന്ത്യത്തിലെ സ എന്നതു് അടുത്ത മുകളിലത്തെ സ്ഥായിലെ താഴത്തെ സ എന്നാണു് ഓര്‍ക്കുക. പ്രകൃതിശ്രുതിയെന്നാല്‍ പുരുഷനു് ഒന്നും സ്ത്രീയ്ക്കു് അഞ്ചരയും. മനസ്സിലാക്കാന്‍ എളുപ്പത്തിനു് പുരുഷന്റെ ശ്രുതി എടുക്കാം. ഒന്നു്. പാശ്ചാത്യസംഗിതത്തില്‍ ഇതു് C ആയി വരും. ഏഴു് പടികളുള്ള ഒരു കോവണിപ്പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതായി സങ്കല്‍പ്പിക്കുക. അപ്പോള്‍ സ്വരങ്ങളിലൂടെ മുകളിലേക്കു് കയറുന്നതു് ആരോഹണവും താഴോട്ടിറങ്ങുന്നതു് അവരോഹണവും. 


പക്ഷെ പാടുമ്പോള്‍ പാട്ടു് ഒരു സ്ഥായിയില്‍ അധവാ ഏഴു് പടികളില്‍ ഒതുങ്ങില്ല. അപ്പോള്‍ നമുക്കു് കുറച്ചു് കൂടി പടികള്‍ ഏണിയില്‍ ചേര്‍ക്കേണ്ടിവരും. കുറച്ചു് പടികള്‍ താഴെയും കുറച്ചു് മുകളിലും. നടുക്കുള്ള പടികള്‍ അല്ലെങ്കില്‍ സ്വരങ്ങള്‍ക്കു് മധ്യസ്ഥായിയെന്നും, താഴെ ചേര്‍ക്കുന്ന പടികള്‍/സ്വരങ്ങള്‍ക്കു് മന്ത്രസ്ഥായി/കീഴു്സ്ഥായിയെന്നും, മുകളില്‍ ചേര്‍ക്കുന്ന പടികള്‍ക്കു് താരസ്ഥായി/മേല്‍സ്ഥായിയെന്നും പേരു്. സാധാരണ രണ്ടു് സ്ഥായിയിലൂടെയാണു് പാട്ടു് പോകുന്നതെങ്കിലും അതിന്റെ ഏറ്റവും താഴത്തെ സ്വരം മന്ത്രസ്ഥായി പഞ്ചമവും മുകളിലത്തെ അറ്റത്തു് താരസ്ഥായി പഞ്ചമവും ആണെങ്കിലും നമുക്കു് നമ്മുടെ ഏണിയില്‍ ഒരു മുഴുവന്‍ സ്ഥായിതാഴെയും മുകളിലും ചേര്‍ക്കാം. മൊത്തം പൂര്‍ണ്ണമായും മൂന്നു് സ്ഥായിലായി പാടാന്‍ കഴിവുള്ള വിദഗ്ദ്ധര്‍ ഉണ്ടു്. ഉപകരണ സംഗീതത്തില്‍ ഇനിയും ഒരു സ്ഥായി താഴെയായു് അനുമന്ത്രസ്ഥായിയും മുകളില്‍ ഒരു സ്ഥായിയായു് അതിതാരസ്ഥായിയും ചേര്‍ക്കാം.



പടത്തില്‍ ഒരു കാര്യം ശ്രദ്ധിക്കുക. മന്ത്രസ്ഥായിയിലെ സ്വരങ്ങളെ സൂചിപ്പിക്കാന്‍ സ്വരം എഴുതുന്നതിനു താഴെ ഒരു കുത്തു് കാണാം. താരസ്ഥായിയിലെ സ്വരങ്ങള്‍ക്കു് ഈ കുത്തു് സ്വരങ്ങളുടെ മുകളിലും. അനുമന്ത്രസ്ഥായിയുടെ/അതിതാരസ്ഥായിയുടെയും കാര്യം വരുമ്പോള്‍ താഴെ/മുകളില്‍ രണ്ടു് കുത്തു് വരും. അതു പോലെ ഹര്‍മ്മോണിയത്തില്‍ ഒരു സ്ഥായിയില്‍ 12 കീകള്‍ ഉണ്ടു്. ആരോഹണത്തിലും അവരോഹണത്തിലും ഏതെല്ലാം കീ അല്ലെങ്കില്‍ സ്വരങ്ങള്‍ ഉപയോഗിക്കുന്നു എന്നതിനു് അനുസരിച്ചു് രാഗം മാറും. നമ്മുടെ സൗകര്യത്തിനു വേണ്ടി നമുക്കു് ശങ്കരാഭരണം രാഗമെടുക്കാം. അതാവുമ്പോള്‍ എല്ലാം വെളുത്ത കീ തന്നെ. സ, രി2, ഗ2, മ, പ, ധ2, നി2, സ ആരോഹണത്തിലും അവരോഹണത്തിലും.

ഷഡു്ജം പാടുമ്പോള്‍ 1ല്‍ ആണു് തുടങ്ങുന്നതെങ്കില്‍ ഇവിടെ ശ്രുതി 1 അധവാ C എന്നും, 2ല്‍ ആണു് തുടങ്ങുത്തതെങ്കില്‍ ശ്രുതി 2 അധവാ D എന്നും, അതല്ല 1നു ശേഷമുള്ള കറുത്ത കട്ടയിലാണു് തുടങ്ങുന്നതെങ്കില്‍ ശ്രുതി ഒന്നര അധവാ C# എന്നും മനസ്സിലാക്കാം. പാടാന്‍ തുടങ്ങുന്നതിനു് മുമ്പായി സപസ കട്ടകളില്‍ ശ്രുതിപിടിച്ചു് പാടുന്ന ആളുടെ സ്വരം അതിനു ഇണങ്ങുന്ന രീതിയില്‍ ചേര്‍ക്കണം. അതായതു് ശ്രുതിശുദ്ധമായി വേണം പാടാന്‍. 

ഒരോ രാഗത്തിലും സ്വരസഞ്ജയം വെത്യസ്തമായിരിക്കും.

1. ചില സ്വരങ്ങള്‍ വേണം (രാഗസ്വരങ്ങള്‍) ചിലവ വേണ്ട (അന്യസ്വരങ്ങള്‍). പൂര്‍ണ്ണരാഗങ്ങളില്‍ ഏഴു് സ്വരങ്ങള്‍ ഉണ്ടാവും.
2. തിരഞ്ഞെടുക്കുന്ന സ്വരങ്ങള്‍ മാറുമ്പോള്‍ രാഗം മാറും.
3. ആരോഹണത്തിലും അവരോഹണത്തിലും വരുന്ന സ്വരങ്ങള്‍ ചില രാഗങ്ങളില്‍ ഒന്നു തന്നെയാവാം, മറ്റു ചിലരാഗങ്ങളില്‍ വേത്യസ്തമാകാം.
4. സ്വരസ്ഥായി തിരഞ്ഞെടുക്കുന്നതിനു അനുസരിച്ചു് ശ്രുതി വെത്യാസം വരും.


സപ്തസ്വരങ്ങളെ നമുക്കു് സപ്തവര്‍ണ്ണങ്ങളുമായു് താരതമ്യപ്പെടുത്തി നോക്കിയാല്‍ രാഗങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ എളുപ്പമാവും.
സ്വരങ്ങള്‍ തിരഞ്ഞെടുക്കുന്നതനിസരിച്ചാണല്ലോ രാഗം മാറുന്നതു്. സപ്തവര്‍ണ്ണങ്ങളില്‍ ഒരോ വര്‍ണ്ണത്തിനും പല ഷേഡു് ഉള്ളതു് പോലെ തന്നെ സപ്തസ്വരങ്ങള്‍ക്കും വകഭേദങ്ങളുണ്ടു്. ഒരു സ്വരം ആടുത്തസ്വരത്തിലേക്കു് ലയിക്കുന്നതിന്നിടയില്‍ തന്നെ പല സ്വരങ്ങളുണ്ടെങ്കിലും ശ്രവണശേഷിക്കുള്ളില്‍ തിരിച്ചറിഞ്ഞവ 16 എന്നാണു് കണക്കു്. ഈ കണക്കിലാണു് 72 മേളാകര്‍ത്താരാഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതു്. സപ്തവര്‍ണ്ണങ്ങള്‍ തിരഞ്ഞോടുക്കുമ്പോള്‍ വര്‍ണ്ണക്കൂട്ടു് മാറിമാറി വരുന്നതു് പോലെ സപ്തസ്വരങ്ങളില്‍ ഏതു് സ്വരങ്ങള്‍ ഉപയാഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാഗത്തിന്റെ ഭാവം.

മേളാ കര്‍ത്തരാഗങ്ങള്‍ എന്ന പോസ്റ്റു് നോക്കുക.

ശ്രുതിശുദ്ധമായി പാടുന്നതെങ്ങിനെ എന്നു് അറിയണമെങ്കില്‍ കുട്ടികളുടെ കളി ഓര്‍ത്താല്‍ മതി. മുറ്റത്തു് കളം വരച്ചു് നെറ്റിയിലും കയ്യിലും കല്ലു നിയന്ത്രിച്ചു് കളത്തില്‍ ഞൊണ്ടിയും ചാടിയും മുന്നോട്ടും പിന്നെ തിരിഞ്ഞു് പിന്നോട്ടും കളിക്കുന്നതു് അറിയില്ലേ? നെറ്റിയിലെയും കയ്യിലെയും കല്ലു് താഴെ പോകാനും പാടില്ല, കള്ളികള്‍ തെറ്റിച്ചു് ചവുട്ടാനും പാടില്ല. അതു പോലെ ശ്രുതി തെറ്റിപ്പോകാതെ രാഗം തെറ്റാതെ ആരോഹണാവരോഹണക്രമത്തില്‍ പാടുക. അത്രയേ വേണ്ടു.


.

അഴഗുനമ്പിയാപിള്ള

മൃദംഗം

നാരായണസ്വമി അപ്പ

മൃദംഗം

ടൈഗര്‍ വരദാചാരി

സംഗീത രത്നാവലി എന്ന ഗ്രന്ഥം എഴുതി

ദക്ഷിണാമൂര്‍ത്തിപ്പിള്ള

൧൮൭൫ - ൧൯൩൭

തിരുമരുഗള്‍ നടേശപിള്ള

നാഗസ്വരം

സംഗമേശ്വര ശാസ്ത്രി

൧൮൭൩ - ൧൯൩൨

വീണാ വെങ്കിടരമണ ദാസു്

൧൮൬൬ - ൧൯൪൮

പഴനി കൃഷ്ണയ്യര്‍

൧൮൭൬ - ൧൯൦൮

പല്ലടം സഞ്ജീവ റാവു

ഓടക്കുഴല്‍

വീണാ ധനമ്മാള്‍

൧൮൬൭ - ൧൯൩൮

ശരഭ ശാസ്ത്രി

൧൮൭൨ - ൧൯൦൪

വീണാ ശേഷണ്ണാ

൧൮൫൦ - ൧൯൨൬

തിരുക്കൊടിക്കാവല്‍ കൃഷ്ണയ്യര്‍

൧൮൫൭ - ൧൯൧൩

അനന്തരാമ ഭാഗവതര്‍

൧൮൬൭ - ൧൯൧൯

ഷട്കാല ഗോവിന്ദ മാരാര്‍

൧൭൯൮ - ൧൮൪൧

മുത്തയ്യാ ഭാഗവതര്‍


൧൮൭൭ - ൧൯൪൫

ലക്ഷ്മണന്‍ പിള്ള

൧൮൬൪ - ൧൯൫൦

Tuesday, November 9, 2010

മൈസൂര്‍ വാസുദേവാചാര്‍



൧൮൬൫ -൧൯൬൧

മൈസൂര്‍ രാജസദസ്സിലെ ആസ്ഥാനവീദ്വാന്‍

ഏകദേശം 200 കൃതികള്‍ തെലുങ്കിലും സംസ്കൃതത്തിലുമായി. ഇതില്‍ ബ്രോച്ചേവാരമരുരാ, ദേവാദിദേവാ, മാമവതു ശ്രീ സരസ്വതി, ഭജരേ രേ മാനസ, രാ ര രാജീവലോചന രാമാ, വസുദേവകീര്‍ത്തനമഞ്ജരി, ശ്രീമദാതി ത്യാഗരാജ ഗുരുവരം, എന്നിവ എടുത്തു പറയേണ്ടവ തന്നെ.

മൈസൂര്‍ സദാശിവറാവു

.

ഭദ്രാചലം രാംദാസു്

.

കവികുഞ്ജരഭാരതി

൧൮൧൦ - ൧൮൯൬

ആനയ്യ

.

പച്ചിമിറിയം ആദിയപ്പയ്യ

.

കുന്‍ഡ്രക്കുടി കൃഷ്ണയ്യര്‍

൧൮൧൬ - ൧൮൮൯

രാമനാഥപുരംശ്രീനിവാസയ്യങ്കാര്‍

൧൮൬൭ - ൧൯൧൯

പട്ടണം സുബ്രഹ്മണ്യയ്യരുടെ ശിഷ്യന്‍.

ആരുടെ അടുത്തു നിന്നും കൃതികള്‍ പഠിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നു.

പൂച്ചിശ്രീനിവാസയ്യര്‍ എന്ന പേരിലും അറിയപ്പെടുന്നു.

പല്ലവിശേഷയ്യര്‍

൧൮൪൬ - ൧൯൦൮

ജനനം - സേലം ജില്ലയില്‍

ത്യാഗരാജസ്വാമിയുടെ ശിഷ്യന്‍.

സംഗീതജ്ഞന്‍, ഗാനരചയിതാവു്,

പല്ലവി വളരെ നേരം പാടുന്നതില്‍ വിദഗ്ദ്ധനായിരുന്നു. പല്ലവി എട്ടു് മണിക്കൂര്‍‍ നേരം വരെ പാടി റെക്കോര്‍ഡു് സൃഷ്ടിച്ചിട്ടുണ്ടത്രേ.

പട്ടണംസുബ്രഹ്മണ്യയ്യര്‍

൧൮൮൪ - ൧൯൦൨

ഗാനരചയിതാവു് , സംഗീതജ്ഞന്‍.

ചെറുപ്പത്തലേ സംഗീതം അഭ്യസിച്ചു. വഴക്കമില്ലാത്ത തന്റെ പരുക്കന്‍ ശബ്ദം നന്നാക്കിയെടുക്കാന്‍ ഇദ്ദേഹം സൂര്യോദയത്തിനു് മുമ്പു് കഴുത്തോളം വെള്ളത്തിലിറങ്ങിനിന്നു് സാധകം ചെയ്യുമായിരുന്നു.

ത്യാഗരാജസ്വമികീര്‍ത്തനങ്ങളുടെ ഒരു ആലാപന വിദഗ്ദ്ധന്‍‍ ആയിരുന്നു. അതിനാല്‍ ചിന്നത്യാഗരാജന്‍ എന്നറിപ്പെട്ടിരുന്നു.

തെലുങ്കു്, സംസ്കൃതം, തമിഴു് എന്നീ ഭാഷകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ടു്.

കദനകുതൂഹല രാഗം ഇദ്ദേഹം കണ്ടുപിടിച്ചതാണു്.

ഒരു നല്ല സംഗീതാദ്ധ്യാപകന്‍ ആയിരുന്നു. ശിഷ്യര്‍ക്കു മനസ്സിലാകാത്ത രാഗങ്ങള്‍ വളരെ അധികം ക്ഷമയോടു് കൂടി അവരെ പഠിപ്പിക്കുമായിരുന്നു.

പരമേശ്വരഭാഗവതര്‍

൧൮൧൫ - ൧൮൯൨

ജനനം - പാലക്കാടു് നൂര്‍ണി എന്ന ഗ്രാമത്തില്‍.

അച്ഛനമ്മമാര്‍ ചെറുപ്പത്തിലേ മരിച്ചതു് കാരണം ഗുരുവായൂരില്‍ അമ്മാവന്റെ അടുത്താണു് വളര്‍ന്നതു്. ചെറുപ്പത്തില്‍ തന്നെ ഗുരുവായൂര്‍ വരുന്ന പല സംഗീതജ്ഞരുമായി ഉണ്ടായ സമ്പര്‍ക്കത്തില്‍ ഇദ്ദേഹം നന്നേ ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ പാണ്ഡിത്യം നേടി.

മലയാളത്തിലും സംസ്കൃതത്തിലും കൃതികള്‍ രചിച്ചിട്ടുണ്ടു്. ഗുരുവായൂര്‍ സന്ദര്‍ശ്ശനത്തിനെത്തിയ സ്വാതിനിരുനാള്‍ ഇദ്ദേഹത്തെ തിരുവനന്തപുരത്തു് കൊണ്ടുപോയി ആസ്ഥാനവിദ്വാനായി നിയമിച്ചു.

വീണ, വയലി‍ന്‍, സ്വരബതു് എന്നീ സംഗീതോപകരണങ്ങളില്‍ പ്രാവിണ്യം നേടി.

മനോധര്‍മ്മസംഗീതത്തിലെ താനം പല്ലവി എന്നിവ വിസ്തരിച്ചു പാടാന്‍ സമര്‍ത്ഥനായിരുന്നു.

സരസിജനാഭ എന്ന നാട്ടരാഗത്തില്‍ തുടങ്ങുന്ന ഇദ്ദേഹത്തിന്റെ ഘനരാഗതാനവര്‍ണ്ണം പ്രസിദ്ധമാണു്

കെ സി കേശവപിള്ള

൧൮൬൮ - ൧൯൧൪

കേരളീയന്‍ എന്നു് പ്രത്യേകം പറയേണ്ടതില്ല.

കവി, ഗായകന്‍, ഗാനരചയിതാവു്,

പ്രഹ്ലാദചരിതം, ശ്രീകൃഷ്ണചിരിതം, ശൂരപത്മാസുരവധം എന്നീ ആട്ടക്കഥകള്‍ രചിച്ചു.

സദാരാമ എന്ന സംഗീതനാടകം പ്രസിദ്ധമാണു്.

എഴുപതില്‍പ്പരം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ടു്.

മഹാവൈദ്യനാഥയ്യര്‍

൧൮൪൪ - ൧൮൯൩

ജനനം - തഞ്ചാവൂരിനടുത്തു് വയ്യാച്ചേരി.

സംസ്കൃതത്തിലും തമിഴിലും സംഗീതശാസ്ത്രത്തിലും പണ്ഡിതന്‍.

പത്തു വയസ്സുള്ളപ്പോള്‍ തന്നെ കച്ചേരി പാടാന്‍ തുടങ്ങി. ജന്മസിദ്ധമായി കിട്ടിയ കഴിവുള്ള ഇദ്ദേഹം 31/2 സ്ഥായിയില്‍ പാടുമായിരുന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങളെ വിശേഷിപ്പിച്ചിരുന്നതു് ഗന്ധര്‍വ്വഗാനം എന്നായിരുന്നു. മൂന്നരസ്ഥായിയില്‍ അനായാസേന ധൃതഗതിയില്‍ ഇദ്ദേഹത്തിനു പാടാന്‍ കഴിയുമായിരുന്നു. അപൂര്‍വ്വരാഗങ്ങളും മേജര്‍ രാഗങ്ങളും പാടുന്നതില്‍ സമര്‍ദ്ധന്‍. തന്റെ ശാരീരം സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള ആഹാരക്രമീകരണങ്ങില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പോരാത്തതിനു ഇതിനു വേണ്ടി അദ്ദേഹം മനപ്പൂര്‍വ്വം അധികം സംസാരം ഒഴിവാക്കിയിരുന്നു.

72 മേളാകര്‍ത്തരാഗ പദ്ധതി ഇദ്ദേഹം വെറും 7 ദിവസം കൊണ്ടാണു് രചിച്ചതെന്നു പറയുന്നു.

ശിവഭക്തനായിരുന്നു.

സുബ്ബുരായശാസ്ത്രി

൧൮൦൩ - ൧൮൬൨

ശ്യാമശാസ്ത്രികളുടെ പുത്രന്‍.

ജനനം - തഞ്ചാവൂര്‍.

വീണകുപ്പയ്യര്‍

ത്യാഗരാജശിഷ്യന്‍.

ജനനസ്ഥലം : തിരുവൊറ്റിയൂര്‍, ചെന്നൈ.

തിരുവൊറ്റിയൂര്‍ കൃഷ്ണയ്യര്‍ എന്നും അറിയപ്പെട്ടിരുന്നു.

വേണുഗോപാലസ്വമിഭക്തന്‍ എന്നതിനാല്‍ അതിന്റെ പ്രതിഫലനം കൃതികളിലും കണ്ടുവരുന്നു.

സംഗീതജ്ഞന്‍, വയലിന്‍ വിദഗ്ദ്ധന്‍. കോവൂരിലെ സംസ്ഥാന വിദ്വാന്‍.

വര്‍ണ്ണങ്ങള്‍, കൃതികള്‍, തില്ലാന എന്നിവ രചിച്ചിട്ടുണ്ടു്

ഗോപാലകൃഷ്ണഭാരതി

൧൮൧൦ - ൧൮൯൦

ക്ഷേത്രജ്ഞര്‍

ക്ഷേത്രനര്‍ത്തികിയായിരുന്ന ഇദ്ദേഹത്തിന്റെ കാമിനിക്കായി അവരുടെ പ്രോത്സാഹനത്തില്‍ രചിച്ചതത്രേ ഇദ്ദേഹം എഴുതി പദങ്ങള്‍ ഒക്കെയും. ശൃംഗാരഭാവം ആയിരുന്നു എല്ലാ പദത്തിനും ആധാരം. എന്നിരുന്നാലും നൃത്തവേദികളില്‍ എല്ലാ ഭാവങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നതിനാല്‍ ശോകം, ഭക്തി, ശൃംഗാരം, ആനന്ദം, വിദ്വേഷം, അസൂയ എന്നീ വികരാങ്ങളെ അദ്ദേഹത്തിന്റെ പദങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തിനു് അനായാസേന സാദ്ധ്യമായി. സാഹിത്യത്തിലെ ഭാവങ്ങളെ നന്നായി അവതരിപ്പിക്കാന്‍ നര്‍ത്തകര്‍ക്കു് ഇദ്ദേഹത്തിന്റെ പദം ഇല്ലാതെ പറ്റില്ല തന്നെ. വരദയ്യര്‍ എന്നായിരുന്നു സ്വന്തം പേരു് എങ്കിലും, ആന്ധ്രാപ്രദേശിലെ വളരെ അധികം ക്ഷ്രേത്രങ്ങള്‍ സന്ദര്‍ശ്ശിക്കുകയും അവയെപ്പറ്റിയെല്ലാം ധാരാളം കൃതികള്‍ രചിക്കുകയും ചെയ്തതില്‍ നിന്നാണു് ഇദ്ദേഹം ക്ഷേത്രജ്ഞര്‍ ​എന്നറിയപ്പെട്ടതു്

അരുണാചലകവിരായര്‍

തഞ്ചാവൂര്‍.

രാമനാടകം, നാടകരൂവത്തിലെ ആദ്യത്തെ ഗ്രന്ധം.

നിരവധി പഴംചൊല്ലുകള്‍ ഇതിലുണ്ടു്.

സദാശിവബ്രഹ്മേന്ദ്ര

തിരുവിശൈനെല്ലൂര്‍ ആണ് ജന്മസ്ഥലം. പില്‍ക്കാലത്തു് കോയമ്പത്തൂരും, നേരൂരിലും താമസിച്ചു പോന്നു.
പരമഹംസനെന്ന പേരില്‍ ഇദ്ദേഹം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ടു്.

സര്‍വ്വം ബ്രഹ്മമയം, ചിന്താ നാസ്തി, മാനസ സഞ്ജരരേ, പിബരെ നാമരസം, തുംഗതരംഗേ ഗംഗേ, ഗായതി വനമാലി തുടങ്ങിയ ഇദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ പ്രസിദ്ധമാണല്ലോ.

ഇരവിവര്‍മ്മന്‍തമ്പി, (ഇരയിമ്പന്‍ തമ്പി, രവിവര്‍മ്മന്‍ തമ്പി)

തിരുവിതാംകൂര്‍‌

കവിയും സംഗീതജ്‍ഞനും.

സ്വാതിതിരുന്നാളിന്റെ സംഗീത സദസ്സിലെ പ്രധാനി.

ഇദ്ദേഹം രചിച്ച പ്രാണനാഥനെനിക്കു നല്‍കിയ എന്ന പദവും ഓമനത്തിങ്കള്ക്കിടാവോ എന്ന താരാട്ടും പ്രസിദ്ധമാണോ എന്നു് ചോദിക്കേണ്ട കാര്യമില്ല. ഇദ്ദേഹം നിരവധി കീര്‍ത്തനങ്ങള്‍ സംസ്കൃതത്തിലും മലയാളത്തിലും നിരവധി പദങ്ങളും രചിച്ചിട്ടുണ്ടു്. കൂടാതെ മണിപ്രവാളത്തിലുള്ള സംഗീത ശൃഷ്ടികളും. കഥകളിസംഗീതരചനയില്‍ അഗ്രഗണ്യന്‍.

അരുണാഗിരിനാഥന്‍

തമിഴിലും സംസ്കൃതത്തിലും പാണ്ഠിത്യമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ രചനയാണു് തിരുപ്പുകഴു്സ്തോത്രം.

ചന്ദനപാവനപെരുമാള്‍ എന്നറിയപ്പെട്ടിരുന്നു.

ഷണ്‍മുഖഭക്തന്‍.

ഭൂതവേതാളവകുപ്പു് എന്ന കൃതിയുടെ കര്‍ത്താവു്.

ജയദേവര്‍

ശ്രീകൃഷ്ണഭക്തന്‍

ഗീതാഗോവിന്ദത്തിന്റെ രചയിതാവു്. 24 ഗാനങ്ങള്‍ അടങ്ങിയതാണിതു്. ഓരോ ഗാനത്തിനും പല്ലവിയും എട്ടു് ചരണങ്ങള്‍ വീതവും. അതിനാല്‍ ഇതിനു് അഷ്ടപദിയെന്നും പേരുണ്ടു്. അഷ്ടപദിയെഴുതുന്നതിന്നിടയില്‍ ഒരു ഭാഗത്തു് രാധയുടെ കാല്‍ കൃഷ്ണന്റെ ശിരസ്സില്‍ വെക്കാന്‍ പറയുന്ന ഭാഗം വന്നപ്പോള്‍ ജയദേവന്‍ എഴുതിയതു് വെട്ടിയിട്ടു് എണ്ണതേച്ചു കുളിക്കാന്‍ പോയി. ആ തക്കത്തില്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ വന്നു് വെട്ടി ആയതു് വീണ്ടും എഴുതിച്ചേര്‍ത്തൊന്നൊരു കഥയുണ്ടു്.

ജയദേവന്‍ കൊട്ടാരം കവിയായിരുന്നു. മരിച്ചു പോയ ഭാര്യയെ അഷ്ടപതിപാടി പുനര്‍ജീവിപ്പിച്ചതിനാല്‍ അഷ്ടപദിക്കു് സഞ്ജീവനി എന്നും പേരുണ്ടു്.

ജയദേവന്‍ രചിച്ച രീതിയില്‍ നിന്നും മാറി തെന്നിന്ത്യന്‍ ഭാഷയിലേക്കു് വിവര്‍ത്തനം ചെയ്ത രീതിയിലാണു് അഷ്ടപദി ഇന്നു് പാടി വരുന്നതു്. ഈ വിവര്‍ത്തനത്തിനു് കാരണഭൂതനായതു് ചെമ്മാങ്കുടി ശ്രീനിവാസയ്യര്‍ ആണു്.

നാരായണതീര്‍ത്ഥര്‍

വെങ്കിട്ടരമണസ്വാമി ക്ഷേത്രത്തില്‍ സന്യാസി ആയിരുന്നു.

ശ്രീകൃഷ്ണഭക്തന്‍.

കൃഷ്ണലീലാതരംഗിണി എന്ന ഇദ്ദേഹത്തിന്റെ കൃതി സുപ്രസിദ്ധമാണു്. ഇതിന്റെ ഇതിവൃത്തം മഹാഭാഗവതത്തിലം ദശമസ്കന്ധമാണു്. പാരിജാതാപഹരണ നാടകവും ഇദ്ദേഹത്തിന്റെ രചനയാണു്. ഏകാന്തമായി വിഗ്രഹത്തിനു് അടുത്തിരുന്നു് ഇതു് പാടുമ്പോള്‍ അടുത്തുള്ള ഹനുമാന്‍ വിഗ്രഹം പാട്ടിനു് താളം പിടിക്കുമായിരുന്നത്രേ.

ശ്രീസ്വാതിതിരുനാള്‍ രാമവര്‍മ്മ



൧൮൧൩ - ൧൮൪൭
തിരുവിതാംകൂര്‍മഹാരാജാവു്
ഇദ്ദേഹത്തിന്റെ ഭരണകാലത്തു് കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു
പത്മനാഭപാഹി, ദേവദേവ, സരസിജനാഭ, തുടങ്ങയവ ഇദ്ദേഹത്തിന്റെ കൃതികള്‍
സ്വാതിസംഗീതോത്സവം

ശ്യാമശാസ്ത്രികള്‍



൧൭൬൨ - ൧൮൨൭ - തിരുവരൂര്‍
സംഗീത തൃമൂര്‍ത്തികളില്‍ ഒരാള്‍
സ്വരജതിയുടെ സൃഷ്ടാവു്. സംഗീത സ്വാമി എന്നറിയപ്പെട്ടിരുന്നു.

ഇദ്ദേഹം മറ്റു രണ്ടു് തൃമൂര്‍ത്തികളെ അപേക്ഷിച്ചു് കുറച്ചു് കൃതികളേ ചെയ്തിട്ടുള്ളു. ചെയ്തതത്രയും പഠിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു. ശിശ്യഗണങ്ങളും കുറവായിരുന്നതിനാലും ഇദ്ദേഹത്തിന്റെ കൃതികള്‍ക്കു് വേണ്ടുന്ന പ്രസിദ്ധി ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കിട്ടിയില്ല.

മുത്തുസ്വാമിദീക്ഷിതര്‍



൧൭൭൬ - ൧൮൩൫ - തിരുത്തണി
ഗുരുഗുഹ എന്നറിപ്പെടുന്നു. (രാഗ ഭാവ താളങ്ങളുടെ ഗുരു)
സംഗീതതൃമുര്‍ത്തികളില്‍ ഒരാള്‍
കൂടുതലും സംസ്കൃതകൃതികളാണു് രചിച്ചിട്ടുള്ളതു്.
നവവര്‍ണ്ണങ്ങളുടെയും, നവഗ്രഹകൃതികളുടെയും, ൭൨ മേളകര്‍ത്താരാഗങ്ങളുടെയും കര്‍ത്താവു്.
ഗമഗങ്ങളുടെയും ഭാവരാഗങ്ങളുടെയും കര്‍ത്താവു്
ഇദ്ദേഹത്തെ സ്തുതിച്ചു് തഞ്ചാവൂരിലെ ശിവാന്ദം, പൊന്നയ്യ, ചിന്നയ്യ, വടിവേലു എന്നിവര്‍ ചേര്‍ന്നു രചിച്ചതത്രെ നവരത്നമാല.

ത്യാഗരാജസ്വാമികള്‍



൧൭൬൭ - ൧൮൪൭ തഞ്ചാവൂര്‍.
സംഗീതതൃമൂര്‍ത്തികളില്‍ ഒരാള്‍.
(മുത്തുസ്വമിദീക്ഷിതരും ശ്യാമശാസ്ത്രികള്‍ക്കുമൊപ്പം)


പഞ്ചരത്നകൃതികള്‍ ഇദ്ദേഹത്തിന്റേതാണു്.
ശ്രീരാമനെ പുകഴു്ത്തി അനേകം കൃതികള്‍ രചിച്ചു. സംഗീതത്തിന്റെ ശാസ്തീയ വശത്തെക്കാള്‍ ഇദ്ദേഹം പ്രാധാന്യം നല്‍കിയതു് ഭക്തികീര്‍ത്തനങ്ങള്‍ക്കായിരുന്നു. തഞ്ചാവൂര്‍ രാജാവു് വാഗ്ദാനം ചെയ്ത സമ്പത്തെല്ലാം തിരസ്ക്കരിച്ചു് രാമഭക്തനായി തുടരാന്‍ ആഗ്രഹിച്ച ആള്‍. ൨൪൦൦൦ ത്തോളം ശ്രീരാമസ്തുതികീര്‍ത്തനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ടെന്നാണു് പറയുന്നതു്.
ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി തഞ്ചാവൂരില്‍ ആണ്ടു് തോറും നടത്തുന്ന ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ സംഗീതജ്ഞര്‍ പലദേശത്തുനിന്നും എത്താറുണ്ടു്

പുരന്ദരദാസര്‍



൧൪൮൨ -൧൫൬൪ - തഞ്ചാവൂര്‍

കര്‍ണ്ണാടക സംഗീത പിതാമഹന്‍
കര്‍ണ്ണാടകസംഗീതപഠനം ആദ്യമായു് ക്രമീകരിച്ചു്, അതിനായി മായാമാളവഗൗളരാഗം തിരഞ്ഞെടുക്കുകയും സ്വരവലി, ജണ്ഡവരിശകള്‍, അലങ്കാരങ്ങള്‍, ഗീതങ്ങള്‍, വര്‍ണ്ണങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നീ ക്രമത്തില്‍‍ കര്‍ണാടകസംഗീതപഠനക്രമം നിലവില്‍ കൊണ്ടു വന്നതു് ഇദ്ദേഹമായിരുന്നു. രാഗഭാവലയ രീതികള്‍ നിലവില്‍ കൊണ്ടുവന്നതും ഇദ്ദേഹമത്രേ.

Monday, November 8, 2010

ആദിയില്‍

ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക വഴി പ്രാചീനമാനവന്‍ സഹജീവികളോടു് ആശവിനിമയം തുടങ്ങിയ കാലത്തില്‍ സംസാരഭാഷയും അതിനു ശേഷം സംഗീതവും ഉത്ഭവിച്ചുവെന്നു വേണം കരുതാന്‍. പ്രാകൃതമനുഷ്യന്റെ പ്രാധമിക ആവശ്യം ഭക്ഷണത്തിനായു് വേട്ടയാടലും ശബ്ദകോലാഹലങ്ങള്‍ വഴി ആത്മരക്ഷയും ആയിരുന്നു.

പ്രകൃതിയിലെ സ്വരങ്ങളില്‍ ആകൃഷ്ടനായ ആദി മനുഷ്യന്‍ അതു് അനുകരിക്കാന്‍ ശ്രമിച്ചു തുടങ്ങുന്നിടത്തു് നിന്നു് ആരംഭിക്കുന്നു മനുഷ്യന്റെ സംഗീതാരാധന. അവന്‍ കാതോര്‍ത്ത കാലം മുതല്‍ പല തരം ശബ്ദവീചികളുടെ വ്യത്യാസം വേര്‍തിരിച്ചറിഞ്ഞു. മുളംകാടുകളിലൂടെ കാറ്റു വീശുമ്പോള്‍ ഒഴുകിയെത്തും സ്വരം, അരുവികളുടെ കളകളാരവം, പക്ഷിമൃഗാദികള്‍ പുറപ്പെടുവിക്കുന്ന ശബ്ദകോലാഹലങ്ങള്‍ എന്നിവയില്‍ നിന്നും പരിസര ശബ്ദശ്രോതസ്സുകള്‍ വേര്‍തിരിച്ചറിയാനും അവയെ അനുകരിക്കാനും അവന്‍ ശ്രമിച്ചു.

പൊള്ളയായ തടിയില്‍ തട്ടുമ്പോഴുള്ള വ്യത്യസ്ത സ്വരങ്ങളിലും പൊള്ളയായ ഒരു കുഴലിന്റെ അറ്റത്തു് തുകല്‍ പിടിപ്പിച്ചു അതില്‍ തട്ടുമ്പോള്‍ പുറപ്പെടുന്ന ശബ്ദവും കേട്ടവന്‍ അത്ഭുതപ്പെട്ടു കാണണം. അങ്ങിനെ ശബ്ദം പുറപ്പെടുവിക്കുന്ന പല ഉപകരണങ്ങള്‍ക്കും ഉടമയായതോടു് കൂടി സ്വയരക്ഷയക്കായു് ഉപയോഗിച്ച അതേ ഉപകരണങ്ങള്‍ ക്രമേണ ഹൃദയമിടിപ്പിനും ശ്വസനക്രമത്തിനും അനുസൃതമായി താളത്തില്‍ പ്രയോഗിക്കാന്‍ അവന്‍ ശ്രമിച്ചു തുടങ്ങി.

ഭാരതസംഗീതം ആരംഭിക്കുന്നതു് വേദകാലത്താണെന്നാണു് സങ്കല്‍പ്പം. സാമഗാനമായിരുന്നു തുടക്കം. നാദബ്രഹ്മം ആയ ഓംകാരം സംഗീതത്തിനു് ആധാരം ആയി സാമവേദഋഷിവര്യര്‍ വിശ്വസിച്ചു പോന്നു. ദൈവപ്രീതിയ്ക്കായു് യാഗകര്‍മ്മക്കള്‍ക്കുള്ള ഋഗു്വേദ മന്ത്രോച്ചാരണത്തിനായി സപ്തസ്വരക്രമത്തിലും, താളത്തിലും, ലയിച്ചും മന്ത്രങ്ങള്‍ ചൊല്ലി ഉപയോഗിച്ചു പോന്നിരുന്നു. ക്രമേണ അതു് ഒരു സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായി. വായു്മൊഴിക്കു് തുണയായു് വാദ്യോപകരണങ്ങളും ഉപയോഗിച്ചു പോന്നു. അങ്ങിനെ സരസ്വതിയുടെ വീണയും സരസ്വതിയും സംഗീതത്തിന്റെ ദേവതയായു് ആരാധിച്ചു പോന്നു. വീണവായനയില്‍ നൈപുണ്യം നേടി, ശ്രുതിലയതാളജ്ഞാനം നേടുന്നതു് മോക്ഷപ്രാപ്തിക്കു് ഒരുപായമായി വിശ്വസിച്ചുപോന്നു.

തലമുറകളായി കൈമാറിപ്പോന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു് ഉണ്ടായതത്രേ ഇന്നത്തെ കര്‍ണ്ണാടക സംഗീതം. അതിനു് അടിസ്ഥാനമായ സ്വരരാഗലയതാളവിധികള്‍ ഭരതന്റെ നാട്യശാസ്ത്രത്തിലും ശിലപ്പധികാരത്തിലും വിശദമായു് വിവരിച്ചിട്ടുണ്ടു് . ഷഡ്ജം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്വരങ്ങള്‍ക്കു് ജന്മം നല്‍കുന്ന സ്വരം എന്നാണു്. ഓരോ സ്വരങ്ങള്‍ക്കും അതിന്റെ ഉത്ഭവം പക്ഷിമൃഗാതികളില്‍ നിന്നു് എന്നാണെന്നും പരാമര്‍ശ്ശമുണ്ടു്. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക



മുകളില്‍ വിവരിച്ച സ്വരരീതികള്‍ എല്ലാം പെട്ടെന്നൊരു ദിനത്തില്‍ ഉണ്ടാക്കപ്പെട്ടതല്ല. ആദ്യം കണ്ടുപിടിക്കപ്പെട്ടതു് വെറും രണ്ടു സ്വരങ്ങള്‍ മാത്രം - ഉദാത്തം എന്നും അനുദാത്തം എന്നും അതിനെ വിളിച്ചു പോന്നു. മന്ത്രസ്ഥായിലുള്ള 'നി'അനുദാത്തവും മധ്യസ്ഥായിലുള്ള 'രി' ഉദാത്തവും.

ഋഗു്വേദകാലഘട്ടം:-
കാലക്രമേണ ഈ സ്വരങ്ങള്‍ക്കിടയില്‍ വേറെയും സ്വരങ്ങള്‍ കണ്ടു പിടിക്കപ്പെട്ടു. മധ്യസ്തായിലെ 'സ' എന്ന സ്വരിതവും കൂടി ചേര്‍ന്നു മൂന്നു സ്വരങ്ങള്‍ 'നിസരി' സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗീതം ആയിരുന്നു ഋഗു്വേദകാലഘട്ടത്തിലെ സംഗീതം. 'സംഗീതം' എന്ന വാക്കിന്റെ അര്‍ത്ഥം - നല്ല ഗീതം. അധവാ സമ്യക്കാകുന്ന ഗിതം.

സാമഗാനകാലഘട്ടം:-
ഈ മൂന്നു സ്വരങ്ങളുടെയും രണ്ടറ്റത്തുമായി 'ഗ' യും 'ധ' യും വന്നതോടു് കൂടി സാമഗാനകാലഘട്ടം തുടങ്ങുകയായി. സാമഗാനം പാടിയിരുന്നതു് വെറും അഞ്ചു സ്വരങ്ങള്‍ അവരോഹണ ക്രമത്തില്‍ 'ഗ രി സ നി ധ' എന്നായിരുന്നു.

ഉപനിഷതു് കാലഘട്ടം:-
കാലക്രമേണ ഉപനിഷതു് കാലഘട്ടത്തില്‍ രണ്ടു സ്വരങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടു 'മ' യും 'പ' യും. അങ്ങനെ സാമഗാനത്തിനു് ഉപനിഷതു് കാലത്തു് സംഭവിച്ച പരിഷ്കൃതരൂപമത്രെ ഇന്നത്തെ കര്‍ണ്ണാടക സംഗീതത്തിനു് അടിത്തറ പാകിയ 'സാമസപ്തകം' അധവാ 'സപ്തസ്വരങ്ങള്‍'.

ഇതില്‍ ഏഴു സ്വരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അതായതു് അവരോഹണക്രമത്തില്‍ 'മഗരിസ-സനിധപ' ല്‍ ആദ്യത്തെ പകുതി മന്ത്രസ്ഥായിയും രണ്ടാമത്തെ പകുതി മധ്യസ്ഥായിലും. കുഴഞ്ഞില്ലേ. ഇല്ല. വെത്യസ്ത സ്ഥായികളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നും ഉടലെടുത്തതത്രേ മൂന്നു് സ്ഥായിയില്‍ പാടാനുള്ള ജ്ഞാനം.

ഇനിയും ഉണ്ടു് പ്രശ്നങ്ങള്‍. സ്വരങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിനു് മുമ്പേ തന്നെ സംഗീതം ആരംഭിച്ചിരുന്നില്ലേ? ശാസ്ത്രീയമായ ഒരു ക്രമീകരണം വന്നതു് സ്വരങ്ങള്‍ കണ്ടുപിടിച്ചതിനു ശേഷം ആണെന്നു മാത്രം. കണ്ടുപിടിത്തങ്ങളുടെ വരവു് ആദ്യം രാഗം, പിന്നെ സ്വരം, ശ്രുതി, നാദം എന്ന ക്രമത്തില്‍. എന്നിരുന്നാലും ഇന്നത്തെ ശാസ്ത്രീയസംഗീതം പഠനം പോകുന്ന വഴി നേരേ തിരിച്ചു് നാദം, ശ്രുതി, സ്വരം, രാഗം എന്ന ക്രമത്തിലാണു്.

സംഗീത ശാസ്ത്രത്തിനു വീണ്ടും പുരോഗമനമുണ്ടായി എന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ സപ്തസ്വരങ്ങള്‍ക്കു് ചലനമൊന്നും സംഭവിച്ചില്ലയെങ്കിലും അതിനിടയില്‍ത്തന്നെ വേര്‍തിരിച്ചു് കേള്‍ക്കാവുന്ന മറ്റനേകം സ്വരങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടു് കൂടി വന്നു 12ഉം, 16ഉം, 22ഉം എന്ന സ്വരവകഭേതങ്ങള്‍.