Showing posts with label ജാതി. Show all posts
Showing posts with label ജാതി. Show all posts

Thursday, March 8, 2012

താളം ലളിതമായി



ഗാനത്തിനെ നിയന്ത്രിക്കുന്ന രീതിയാണു് താളം

താളത്തിനു് കാലപ്രമാണങ്ങള്‍ പത്തു തരം. കാലം, മാര്‍ഗ്ഗം, ക്രിയ, അംഗം, ജാതി, ഗ്രഹം, കല, ലയം, യതി, പ്രസ്താരം എന്നു്.

കാലം എന്നാല്‍ സമയം - ഏറ്റവും ചുരുങ്ങിയ കാലത്തിനു് 'ക്ഷണം' എന്നും 'കണം' എന്നും പറയുന്നു.
പാടുന്നതിന്റെ വേഗത നിര്‍ണ്ണയിക്കുന്ന രീതി 3 തരം -
a)
വിളംബിതം - മെല്ലെ (ചൗക്കം)
b)
മദ്ധ്യം - വിളംബിതത്തിന്റെ ഇരട്ടി വേഗത്തില്‍
c)
ദ്രുതം - മദ്ധ്യമകാലത്തിന്റെ ഇരട്ടി വേഗതത്തില്‍

ക്രിയ എന്നാല്‍ താളം പിടിത്തം - സ്വരങ്ങളോ സാഹിത്യമോ പാടുമ്പോള്‍ ക്ലിപ്തസമയക്രമത്തില്‍ ഇടവേളകള്‍ സമമായി അംഗവിക്ഷേപങ്ങളുടെ സഹായത്തോടെ ഗാനത്തെ നിയന്ത്രിക്കുന്ന രീതിയ്ക്കു് ക്രിയ എന്നു പറയും.

അംഗം എന്നാല്‍ താളത്തിന്റെ വിഭാഗങ്ങള്‍ - ഇവ ആറു വിധം.
a)
അനുദ്രുതം - ഒരു അടി.
b)
ദ്രുതം - ഒരു അടിയും ഒരു വീച്ചും.
c)
ലഘു - ഒരു അടിയും ചെറുവിരല്‍ മുതല്‍ നടുവിരല്‍ വരെ എണ്ണുന്നതും.
d)
ഗുരു - ഒരു അടിയും വലത്തെ കൈ ചുരുട്ടിപ്പിടിച്ചു് വലത്തോട്ടു് വട്ടം ചുറ്റല്‍.
e)
പ്ലൂതം - ഗുരുവില്‍ എന്ന പോലെ + കീഴോട്ടു് വീശലും.
f)
കാകപാദം - ഗുരുവില്‍ എന്ന പോലെ + ഇടത്തോട്ടു് വീശലും.

ജാതി - അക്ഷരകാലങ്ങള്‍ക്കനനുസരിച്ചു് ജാതികള്‍ അഞ്ചു തരം
a) 3 അക്ഷരമുള്ളതു് തിസ്രജാതി
b) 4 അക്ഷരമുള്ളതു് ചതുരശ്രജാതി
c) 7 (3+4) മിശ്രജാതി (അതായതു് തിസ്രവും ചതുരശ്രവും ചേര്‍ന്നതു്)
d) 5 (7+3/2) അക്ഷരമുള്ളതു് ഖണ്ഡശജാതി (ഇതു് മിശ്രവും തിശ്രവും ചേര്‍ന്നതിനെ പപ്പാതിയാക്കിയതു്)
e) 9 (5+4) സങ്കീര്‍ണ്ണജാതി

ഗ്രഹം - താളത്തിന്റെ എടുപ്പു് അധവാ താളത്തിന്റെ ഏതു ഭാഗത്തു നിന്നാണു് സാഹിത്യം തുടങ്ങുന്നതു് എന്നു് ഇതു് സൂചിപ്പിക്കുന്നു
a)
താളത്തിന്റെ ഒപ്പം തുടങ്ങുന്ന രീതിയ്ക്കു് 'സമം' (സമഗ്രഹം) എന്നും
b) താളത്തിനു മുമ്പോ പിമ്പോ തുടങ്ങുന്നതിനു് 'വിഷമം' (വിഷമഗ്രഹം) എന്നും പറയും.
ba) വിഷമം രണ്ടു് തരം. താളത്തിനു് മുമ്പു് ഗാനം തുടങ്ങുന്നതിനു് 'അതീതം' എന്നും
bb) താളത്തിനു് ശേഷം തുടങ്ങുന്നതിനു് 'അനാഗതം' എന്നും പറയും.


ചുരുക്കത്തില്‍
ഒപ്പം - സമഗ്രഹം
മുമ്പു് - അതീതം
പിന്‍പു് - അനാഗതം.

കല - മൂന്നു തരം
a)
ഏക കല - ഒരു താളാക്ഷരത്തിനുള്ളില്‍ ഒരു സ്വരം മാത്രം.
b)
ദ്വികല - ഒരു താളാക്ഷരത്തിനുള്ളില്‍ രണ്ടു് സ്വരങ്ങള്‍.
c)
ചതുശ്രകല - ഒരു താളാക്ഷരത്തില്‍ നാലു് സ്വരങ്ങള്‍.

ലയം - പാടുന്നതിന്റെ വേഗത നിര്‍ണ്ണയിക്കുന്ന രീതി
a)
വിളംബിതം - മെല്ലെ (ചൗക്കം)
b)
മദ്ധ്യം - വിളംബിതത്തിന്റെ ഇരട്ടി വേഗത്തില്‍
c)
ദ്രുതം - മദ്ധ്യമകാലത്തിന്റെ ഇരട്ടി വേഗതത്തില്‍

യതി / ജതി - താളവട്ടത്തിലെ അംഗങ്ങളെ കൂട്ടിയിണക്കുന്ന രീതി

താളം പിടിക്കുന്ന രീതി പാടുമ്പോള്‍ താളം ക്രമമായിരിക്കാന്‍ ഇടത്തെ ഉള്ളംകയ്യില്‍ അല്ലെങ്കില്‍ വലതു തുടയില്‍ വലതു കൈ ഉപയോഗിച്ചു് അടിക്കുന്ന രീതി ആണു് സാധാരണയായി ഉപയോഗിക്കാറു് . കൈപ്പത്തി കമഴ്ത്തിപ്പിടിച്ചു് അടിക്കുന്നതിനു് അടി എന്നും, കൈപ്പത്തി മലര്‍ത്തിപ്പിടിച്ചു് അടിക്കുന്നതിനു് വീച്ചു് എന്നും പറയും.
എന്നിരുന്നാലും കൈവിരലുകള്‍ എണ്ണിയും, വിരലുകള്‍ ഞൊടിച്ചും താളം പിടിക്കാം.
ആദ്യം പറഞ്ഞ രീതിയ്ക്കു് കൈവെള്ള ഉപയോഗിച്ചു് അടിയ്ക്കുന്നതിനു അടയാളം X എന്നും, കൈയുടെ പുറം വശം അടിക്കുന്നതിനു് V എന്നും, ചെറുവിരലില്‍ തുടങ്ങി മറ്റു വിരലുകളിലേക്കു് ക്രമമായി എണ്ണുന്നതിനു് 1,2,3,4,5 എന്നും എഴുതും. 6 വരെ എണ്ണേണ്ടുന്ന താളത്തില്‍ അതു് വീണ്ടും ചെറുവിരലില്‍ എണ്ണും.
ഉദാഹരണത്തിനു് ആദി താളത്തില്‍ താളം പിടിക്കുന്ന ക്രമം
അടി 1 - 2 - 3 - അടി - വീച്ചു് - അടി - വീച്ചു്
X 1 2 3 X V X V
അക്ഷരകാലം 4 2 2 = 8
മറ്റു താളങ്ങളില്‍ ഇതിന്റെ രീതി മാറും
ഇതില്‍ ചില ക്രിയകള്‍ നിശ്ശബ്ദവും ചിലതു് ശബ്ദം ഉളവാക്കുന്നതുമാണു്
വലതു കൈകൊണ്ടു് അടിക്കുന്നതും വിരല്‍ ഞൊടിക്കുന്നതും സശബ്ദക്രിയകള്‍
വിരലെണ്ണുന്നതും കൈ വീശുന്നതും നിശ്ശബ്ദക്രിയകള്‍.
ഇവയ്ക്കെല്ലാം പ്രത്യേകം പേരുകള്‍ ഉണ്ടു് 


.