Showing posts with label ആലാപനം. Show all posts
Showing posts with label ആലാപനം. Show all posts

Sunday, September 15, 2013

രാഗാലാപനം

രാഗങ്ങള്‍ക്കു് ഓരോന്നിനും അതാതിന്റെ വ്യക്തിമുദ്ര നല്‍കുന്നതു് അവയിലടങ്ങിയിരിക്കുന്ന സ്വരങ്ങളാണു്. ദ്വാദശസ്വരങ്ങള്‍ എല്ലാം ഒരു രാഗത്തില്‍ ഒരിക്കലും വരില്ല. എന്നാല്‍ ഏറ്റവും കുറഞ്ഞതു് 5 സ്വരങ്ങള്‍ എങ്കിലും ഒരു രാഗത്തില്‍ അടങ്ങിയാല്‍ മാത്രമേ അതിനു സംഗീതാത്മകത വരികയുള്ളു. എന്നാല്‍ ഏതു രാഗമെടുത്താലും മധ്യമം അല്ലെങ്കില്‍ പഞ്ചമം ഇതിലേതെങ്കിലും ഒരെണ്ണം ഇല്ലാത്ത രാഗം കുറവാണു്.

ഒരു രാഗത്തില്‍ അടങ്ങിയിരിക്കുന്ന സ്വരങ്ങള്‍ മുകളിലോട്ടും താഴോട്ടും ചില നിയമങ്ങള്‍ക്കു് വിധേയമായി പാടുന്ന രീതിയാണിതു്. അന്യസ്വരങ്ങള്‍ എന്നാല്‍ രാഗത്തില്‍ സ്വതവേ ഇല്ലാത്തതും എന്നാല്‍ ചില നിയമങ്ങള്‍ക്കു് വിധേയമായി നേരിയ തോതില്‍ വരുന്ന സ്വരങ്ങള്‍..

ഒരു രാഗം ഏതു സ്വരത്തിലാണോ ആരംഭിക്കുന്നതു് എന്നു് വെച്ചാല്‍ അതാണു് ആ രാഗത്തിന്റെ ഗ്രഹസ്വരം. ഉദാ: ഹംസധ്വനിയും മോഹനവും ആരംഭിക്കുന്നതു് ഗാന്ധാരത്തിലായതിനാല്‍ ആ രാഗത്തിന്റെ ഗ്രഹസ്വരം ഗാന്ധാരം എന്നു പറയും.

ജീവസ്വരം എന്നാല്‍ രാഗത്തിന്റെ വ്യക്തിത്വത്തെ സ്പഷ്ടമാക്കുന്ന സ്വരം.

രാഗാലാപനം പര്യവസാനിക്കുന്ന സ്വരത്തിനു ന്യാസസ്വരം അല്ലെങ്കില്‍ പ്രയോഗാന്ത സ്വരം എന്നു പറയും. മിക്ക രാഗങ്ങളിലും ഇതു് ഷഡു്ജം ആയിരിക്കും. എന്നാല്‍ ഇതു് ശങ്കരാഭരണത്തില്‍ നിഷാദവും, സാവേരിയില്‍ ധൈവതവും, ഭൈരവിയില്‍ പഞ്ചമവും etc

അംശസ്വരം എന്നാല്‍ ഒരു രാഗത്തിലെ വ്യക്തിത്വം എടുത്തു കാട്ടുകയും അതോടൊപ്പം വിശ്രാന്തിസ്വരം ആയി ഭവിക്കുകയും ചെയ്യുന്ന സ്വരം. അതായതു് അവയ്ക്കു ചുറ്റും ആലാപനം നെയ്തെടുക്കാന്‍ പറ്റുന്ന സ്വരം.

മനസ്സിലാക്കാനായി സ്വരങ്ങളെ 12 തട്ടു് ഉള്ള ഒരു കോവണിപ്പടിയുമായി ഉപമിക്കാം. ഓരോ പടികളും ഓരോ സ്വരങ്ങള്‍ ആയി കരുതുക. ആരോഹണത്തിലും അവരോഹണത്തിലും രാഗസ്വരങ്ങളെ മാത്രം തൊട്ടും വര്‍ജ്യസ്വരങ്ങളെ തൊടാതെയും വേണ്ടിടത്തു മാത്രം അന്യസ്വരങ്ങളെ ഹൃസ്വമായി തൊട്ടും വേണം രാഗം ആലപിക്കാന്‍ . ആലാപനം തുടങ്ങുന്നതു് ജീവസ്വരത്തിലും അവസാനിക്കുന്നതു് ന്യാസസ്വരത്തിലും ആയിരിക്കണം.

ഉദാഃ വരവീണ എന്ന ഗീതം നോക്കാം. മോഹനരാഗത്തിന്റെ രാഗസ്വരങ്ങള്‍ ഷഡ്ജം, ചതുശ്രുതി ഋഷഭം, അന്തരഗാന്ധാരം, പഞ്ചമം, ചതുര്‍ശ്രുതിധൈവതം എന്നിവയാണു്. പാടാന്‍ തുടങ്ങുന്നതു് അന്തരഗാന്ധാരത്തിലായതിനാല്‍ അതാണു് ഈ രാഗത്തിന്റെ ഗ്രഹസ്വരം. ഗഗപാപാധപസാസാ എന്നു് ആരോഹണത്തില്‍ ഗീതം തുടങ്ങുന്നതു്. അടുത്ത വരിയില്‍ രിസധധപധപഗഗരീ എന്നു അവരോഹണവും. മോഹനത്തില്‍ മധ്യമവും നിഷാദവും വര്‍ജ്ജ്യസ്വരങ്ങളാണു്. അതിനാല്‍ അവ ആരോഹണത്തിലും അവരോഹണത്തിലും തൊടുന്നില്ല. ഗീതം അവസാനിക്കുന്നതു് രാഗത്തിന്റെ ന്യാസസ്വരമായ ഷഡ്ജത്തിലും.

ഇതു പോലെ തന്നെ ഓരോ രാഗങ്ങള്‍ക്കും അതിന്റേതായ രാഗസ്വരങ്ങളും വര്‍ജ്ജ്യസ്വരങ്ങളും ഉണ്ടു്.

.

Saturday, December 18, 2010

ഗമകങ്ങള്‍

ഇന്നു് പ്രയോഗത്തിലുള്ളതു് മാത്രം ഇവിടെ പറയാം.

ദശഗമകങ്ങള്‍ - 10 വിധം


1. ആരോഹണം
സ്വരങ്ങളെ ക്രമമായി ഉയര്‍ത്തി പാടുന്നതു്.
ഉദാ: സരിഗമപധനിസ

2. അവരോഹണം
സ്വരങ്ങളെ ക്രമമായി താഴു്ത്തി പാടുന്നതു്.
ഉദാ: സനിധപമഗരിസ

3. ഡാല്‍
സ്വരങ്ങളെ താഴെ ആരംഭിച്ചു് പെട്ടെന്നുയര്‍ത്തുന്ന രീതി
ഉദാ: സപാ സമാ സഗാ സരി

4. സ്പുരിതം
സ്വരങ്ങളെ ഇരട്ടിച്ചു പാടുന്ന രീതി.
ഉദാ: സസ രിരി ഗഗ പപ ധധ നിനി

5. കമ്പിതം
ഒരു സ്വരത്തെത്തന്നെ തുടര്‍ച്ചയായി പാടുന്ന രീതി
ഉദാ: പ പ പ ധ ധ ധ നി നി നി

6. ആഹതം
ആരോഹണക്രമത്തില്‍ ഒരു സ്വരത്തോടൊപ്പം അടുത്ത സ്വരത്തെക്കൂടി ധ്വനിപ്പിച്ചു പാടുന്ന രീതി
ഉദാ: സരി രിഗ ഗമ മപ പനി

7. പ്രത്യാഹതം
ആഹതത്തിന്റേതു് പോലെ അവരോഹണത്തില്‍
ഉദാ: സനി നിധ ധപ പമ മരി

8. ത്രിപുച്ഛം
അനുക്രമമായി ഒരേ സ്വരത്തെ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന രീതി
ഉദാ: സരിസപപ സരിസധധ സരിസ നിനി

9. ആന്ദോളം
ഊഞ്ഞാലാട്ടുന്ന പോലത്തെ പ്രയോഗം
ഉദാ: സരിസമാമ സരിസപാപ സരിസധാധ

10. മൂര്‍ച്ഛന
ആരോഹവരോഹണ ക്രമത്തില്‍ രാഗത്തിന്റെ ഛായയെ അവതരിപ്പിക്കുന്ന രീതി

- ഗമകവരികരാഗങ്ങള്‍ -

ഒരു രാഗത്തിലെ ചില സ്വരങ്ങള്‍ക്കു് ഗമകം വരുന്ന രാഗങ്ങള്‍.

- സര്‍വ്വസ്വരഗമകരാഗങ്ങള്‍ -

അധവാ മുക്താഗകകമ്പിതരാഗം, അധവാ സമ്പൂര്‍ണ്ണകമ്പിതരാഗം

- ഗമകം അചലസ്വരങ്ങളില്‍ -

ഷടു്ജവും പഞ്ചമവും അചലസ്വങ്ങളാണെങ്കിലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ നേരിയ ഗമകച്ഛായ കണ്ടെന്നു വരാം. ഉദാഹരണത്തിനു് ഹംസധ്വനി രാഗത്തില്‍ നീഷാധത്തില്‍ നിന്നും പഞ്ചമത്തിലേക്കു് അവരോഹണം നടത്തുമ്പോള്‍ പഞ്ചമത്തിനു് നേരിയ ഗമകം വരാമെങ്കിലും പഞ്ചമം ക്ലിപ്തമായി അതിന്റെ സ്ഥാനത്തു് തന്നെ വന്നവസാനിക്കും. എന്നാല്‍ ആരോഹണത്തില്‍ പഞ്ചമത്തിനു് ഗമകം ഇല്ല താനും.