അകാരം - അ എന്ന അക്ഷരസ്വരത്തില്‍ സാഹിത്യമോ സപ്തസ്വരങ്ങളോ ഉപയോഗിക്കാതെ രാഗം പാടുന്ന രീതി
അക്ഷരം - ഒരു താളത്തിലടങ്ങിയുരിക്കുന്ന മാത്രകള്‍. ഒന്നാം കാലത്തില്‍ 1, രണ്ടാം കാലത്തില്‍ 2, മൂന്നാം കാലത്തില്‍ 4, നാലാം കാലത്തില്‍ 8.
അംഗം - താളത്തിന്റെ ഭാഗം.
അഗ്നി - മേളകര്‍ത്താരാഗത്തിലെ മൂന്നാമത്തെ ചക്രം മ1, രി1, ധ3
അടതാളം - സപ്തതാളത്തില്‍ ഒരെണ്ണം. 12 അക്ഷരകാലം. 4+4+2+2. (X123,X123,XV,XV)
അടതാളവര്‍ണ്ണം - അടതാളത്തില്‍ ക്രമീകരിച്ച വര്‍ണ്ണം.
അതിത – വിഷമഗ്രഹം - ഇതില്‍ താളത്തിനു മുമ്പായി ഗീതം തുടങ്ങും.
അതിതാരസ്ഥായി - താരസ്ഥായിക്കും മുകളില്‍ ഉള്ള സ്ഥായി. ഇവിടെ സ്വരത്തിനു മുകളില്‍ രണ്ടു് കുത്തിട്ടു് എഴുതും.
അനാഗതം - താളത്തിനു ശേഷം പാടാന്‍ തുടങ്ങുന്ന രീതി
അനുദ്രുതം - താളം പിടിക്കുമ്പെളത്തെ ഒരു അടി. ¼ മാത്ര. U എന്നു് എഴുതും.
അനുപല്ലവി - അനു എന്നാല്‍ ചെറിയ എന്നര്‍ത്ഥം. ഒരു ഗാനത്തിന്റെ ആദ്യത്തെ ഭാഗമായ പല്ലവിക്കു ശേഷം വരുന്നതു്.
അനുമന്ദ്രസ്ഥായി - മന്ദ്രസ്ഥായിനെക്കാള്‍ താഴെയുള്ള സ്ഥായി. സ്വരത്തിനു താഴെ രണ്ടു് കുത്തിട്ടു് ഇതു് എഴുതും.
അനുസ്വരം - രാഗത്തിലെ ഭാവം വ്യക്തമാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ സ്വരം.
അന്തരഗാന്ധാരം - ഗാന്ധാരസ്വരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥായി. ഗ3.
അന്തരമാര്‍ഗ്ഗം - 13 രാഗലക്ഷണങ്ങളില്‍ ഒന്നു്.
അന്യസ്വരം - രാഗത്തിലില്ലാത്ത സ്വരം ചില രാഗത്തില്‍ ചേര്‍ത്തു ഉപയോഗിക്കുമ്പോള്‍ അവയ്ക്കു് അന്യസ്വരം എന്നു പറയും.
അപൂര്‍വ്വതാളം - സപ്തതാളത്തില്‍ വിവരിച്ചിട്ടില്ലാത്ത താളം. ഉദാ: ഗുരുജംപതാളം.
അഭ്യാസഗാനം - സംഗീതം പഠിക്കാനുള്ള ആദ്യ പാഠങ്ങള്‍. ഉദാ: വരിശകള്‍. ഗീതങ്ങള്‍, സ്വരജതികള്‍, ജതിസ്വരങ്ങള്‍
അര്‍ത്ഥകമ്പിതരാഗം - ഒരു രാഗത്തിലെ ചില സ്വരങ്ങള്‍ക്കു മാത്രം ഗമകപ്രയോഗിക്കുന്നവ.
അലങ്കാരം - സ്വരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന രീതി. സപ്തതാളങ്ങളെ സൂചിപ്പിക്കുന്നു.
അലരിപ്പു് - ശൊല്‍ക്കെട്ടു്. നൃത്തം സംഗീതത്തില്‍ ഉള്ള പ്രയോഗം.
അവരോഹണം - മേല്‍സ്വരങ്ങളില്‍ നിന്നും കീഴു് സ്വരങ്ങളിലേക്കുള്ള സഞ്ചാരം.
അംശം - രാഗലക്ഷണം
അഷ്ടപതി - ജയദേവസംഗീതത്തിന്റെ പ്രത്യേകത. നൃത്തത്തിനു മാത്രം ഉപയോഗിക്കുന്നവ. ഇതില്‍ എട്ടു് ഭാഗങ്ങള്‍ ഉണ്ടാവും.
ആദി - ഏറ്റവും കൂടുതല്‍ പ്രയോഗത്തിലുള്ള താളം. ഒരു ചതുശ്രലഘു (X123) + രണ്ടു ധ്രുതം (XV).
ആദിത്യ – മേളാകര്‍ത്താരാഗത്തിലെ പന്ത്രണ്ടാം ചക്രം.. രി3, ഗ3, മ2
ആദിസ്വരങ്ങള്‍ - ഉദാത്തവും അനുദാത്തവും. അതായതു് മന്ദ്രസ്ഥായിയിലെ 'നി ' യും മധ്യസ്ഥായിയിലെ 'രി ' യും
ആനന്ദം - സന്തോഷം
ആന്ദോളനം - ഗമക രീതി - ഊഞ്ഞാലാട്ടുന്ന പോലത്തെ പ്രയോഗം ഉദാ: സരിസമാമ സരിസപാപ സരിസധാധ
ആരതി - ദേവാരാധനയില്‍ വിഗ്രഹത്തെ ദീപം കൊണ്ടു് ഉഴിയുന്ന രീതി
ആരോഹണം - താഴത്തെ സ്വരത്തില്‍ നിന്നു് മേലെയുള്ള സ്വരത്തിലേക്കുള്ള ഗമനം
ആലാപനം - മനോധര്‍മ്മസംഗീതത്തില്‍ പാടുന്ന രീതി
ആവര്‍ത്തനം - ഒരു താളവട്ടം വീണ്ടും പാടുന്ന രീതി. 8 സ്വരങ്ങളുള്ള ആദിതാളം ആവര്‍ത്തനം ആയി പാടുമ്പോള്‍ 16 സ്വരങ്ങളുണ്ടാവും.
ആവാപം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ വീരലുകള്‍ ഒരോന്നായി മടക്കുക
ആഹതം - ഗമക രീതി - ആരോഹണക്രമത്തില്‍ ഒരു സ്വരത്തോടൊപ്പം അടുത്ത സ്വരത്തെക്കൂടി ധ്വനിപ്പിച്ചു പാടുന്ന രീതി. ഉദാ: സരി രിഗ ഗമ മപ പനി
ഇന്ദു - മേളകര്‍ത്താരാഗപട്ടികയിലെ ആദ്യത്തെചക്ര. 1-6 മേളകര്‍ത്തരാഗങ്ങള്‍. രി1, ഗ1, മ1
ഇരട്ടകോവൈവരിശൈ - ജണ്ഡവരിശയുടെ അപരനാമം.
ഇരട്ടക്കുരല്‍ - താരസ്ഥായ ഷഡു്ജ ത്തിന്റെ അപരനാമം.
ഇശൈ - തമിഴു്നാടിന്‍ സംഗീതം.
ഉത്തരമേളകര്‍ത്താരാഗങ്ങള്‍ - പ്രതിമധ്യമമേളകര്‍ത്താരാഗങ്ങള്‍ - പ്രതിമധ്യമം ചേരുന്ന രാഗങ്ങള്‍.
ഉത്തരാംഗം - ആരോഹണത്തില്‍ സപ്തസ്വരസ്ഥായിയിലെ അവസാനത്തെ നാലു് സ്വരങ്ങള്‍. പധനിസ. (പൂര്‍വ്വാംഗത്തിനു ശേഷം വരുന്ന സ്വരങ്ങള്‍)
ഉപനിഷദു്സ്വരങ്ങള്‍ - സാമഗാനസ്വരങ്ങളായ 'ധനിസരിഗ' യോടൊപ്പം രണ്ടു് സ്വരങ്ങള്‍ ചേര്‍ത്തു് 'മപധനിസരഗ'. സപ്തസ്വരങ്ങള്‍. പക്ഷെ തുടക്കത്തില്‍ ഇതു് മന്ദ്രസ്ഥായിയില്‍ മധ്യമം മുതല്‍ മധ്യസ്ഥായി ഗാന്ധാരം വരെ ആയിരുന്നു.
ഉപപല്ലവി - ചരണം - പല്ലവിയും, അനുപല്ലവിക്കും ശേഷം വരുന്ന വരികള്‍.
ഉപാംഗഘണ്ഡം - ഗീതത്തിലെ രണ്ടാമത്തെ ഭാഗം.
ഉപാംഗരാഗം - മേളകര്‍ത്താരാഗത്തില്‍ അടങ്ങിയ സ്വരങ്ങള്‍ മാത്രം ചേര്‍ന്ന ജന്യരാഗം.
ഋഗു്വേദസ്വരങ്ങള്‍ - ഋഗു്വേദകാലഘട്ടത്തില്‍ ഉപയോഗിച്ചു പോന്ന സ്വരങ്ങള്‍. നിസരി. ഋഗു്വേദമന്ത്രങ്ങള്‍ ചൊല്ലാന്‍ ഉപയോഗിച്ചു പോന്നു.
ഋതു - മേളകര്‍ത്തരാഗപട്ടികയിലെ ആറാമത്തെ ചക്രം. മ1, രി3, ഗ3, മ1,. രാഗങ്ങള്‍ 31മുതല്‍ 36 വരെ
ഋഷഭം - സപ്തസ്വരങ്ങളിലെ രണ്ടാമത്തെ സ്വരം. ഇതിനു് മൂന്നു് സ്ഥായികള്‍ ഉണ്ടു്. ശുദ്ധ(രി1), ചതുര്‍ശ്രുതി(രി2), ഷടു്ശ്രുതി(രി3).
ഋഷി - സപ്തഋഷികളെ സൂചിപ്പിക്കുന്ന ഏഴാമത്തെ മേളകര്‍ത്താചക്രം. 37-41രാഗങ്ങള്‍.
എടുപ്പു് - താളത്തില്‍പാടുമ്പോള്‍ പാടാന്‍ തുടങ്ങുന്ന ക്രിയാസ്ഥാനം. താളത്തിനൊപ്പമായാല്‍ സമം, ശേഷമായാല്‍ അനാഗതം, മുമ്പായാല്‍ അതിത
എട്ടുകാദി പല്ലവി - വര്‍ണ്ണത്തില്‍ ചരണത്തിനു മുമ്പുള്ള ഭാഗം.
എട്ടുകാദി സ്വരങ്ങള്‍ - ചിട്ടസ്വരത്തിന്റെ മറ്റൊരു പേരു്
ഏക – താളങ്ങളില്‍ ഒന്നു്. ഒരു ലഘു അധവാ ഒരു അടിയും മൂന്നു് വിരല്‍ എണ്ണലും . X123.
ഏകകല – ഒരു താളാക്ഷരത്തിനുള്ളില്‍ ഒരു സ്വരം മാത്രം.
ഏകകാലം - ഒന്നാം കാലം. ഒരു ക്രിയയ്ക്കു് ഒരക്ഷരം.
ഏഴിശൈ - ദേവരാഗങ്ങള്‍
ഔടുവരാഗം - ആരോഹണത്തിലും അവരോഹണത്തിലും രണ്ടു സ്വരങ്ങള്‍ വര്‍ജ്ജിച്ചു് അഞ്ചു് സ്വരങ്ങള്‍ മാത്രം ഉള്ള രാഗം. ഉദാ: മോഹനം
കട്ട – പാടാന്‍ ഉപയോഗിക്കുന്ന ശ്രുതിസ്ഥാനം
കമ്പിതം - ഒരു ഗമക രീതി. ഒരു സ്വരത്തിന്റെ ഇടയില്‍ വേറൊരു സ്വരം ചേര്‍ത്തു് ആവര്‍ത്തിച്ചു് മാറി മാറി പാടുന്ന രീതി. ഉദാ: സഗസഗസഗ. അല്ലെങ്കില്‍ ഒരു സ്വരത്തെത്തന്നെ തുടര്‍ച്ചയായി പാടുന്ന രീതി ഉദാ: പ പ പ ധ ധ ധ നി നി നി
കര്‍ണ്ണാടകസംഗീതം – ദക്ഷിണേന്ത്യന്‍ സംഗീതം
കല്‍പ്പനാസംഗീതം - മനോധര്‍മ്മ സംഗീതം. പണ്ഡിതര്‍ ചിട്ടപ്പെട്ടുത്തിയിട്ടില്ലാത്തതും ഗായകന്‍ അപ്പപ്പോള്‍ ലയിച്ചു് മാറ്റിപ്പാടുന്ന രീതി.
കല്‍പ്പനാസ്വരം - സാഹിത്യം പാടുന്നതിനു അവസാനം അല്ലെങ്കില്‍ ഇടയില്‍ താളക്രമം ക്രമീകരിക്കാന്‍ പാടുന്ന സ്വരങ്ങള്‍.
കല്‍പ്പവിഹിനരാഗം - സ്വരങ്ങള്‍ക്കു് കല്‍പ്പിത ഗതിയില്ലാത്തവ. ഉദാ: കദനകുതൂഹലം, സിന്ധുരാമക്രിയ.
കല്‍പ്പിതസംഗീതം - ചിട്ടപ്പെടുത്തിയസംഗീതം. പാടുമ്പോള്‍ ഇവയില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല.
കാകപാദം - 16 ബീറ്റു്.
കാകളി നിഷാദം - മൂന്നാമത്തെ ശ്രുതിയിലുള്ള നിഷാദം. നി3.
കാര്‍വായു് - ഒരു നശ്ശബ്ദനിമിഷം അല്ലെങ്കില്‍ സ്വരം നിലനിര്‍ത്തുന്ന രീതി.
കാലം - പാടുന്ന വേഗത സൂചിപ്പിക്കുന്നു. ഒന്നാം കാലത്തില്‍ ഒരു ക്രിയയ്ക്കു് ഒരു സ്വരം വീതവും, രണ്ടാം കാലത്തില്‍ രണ്ടു സ്വരം വീതവും, മൂന്നാം കാലത്തില്‍ നാലു് സ്വരം വീതവും, നാലാം കാലത്തില്‍ എട്ടു് സ്വരം വീതവും.
കീര്‍ത്തനം - ദൈവസ്തുതിയോടു് കൂടിയ ഗാനം. പല്ലവി, അനുപല്ലവി, ചരണം അടങ്ങിയിരിക്കുന്നു. സാഹിത്യത്തിനു് അനുശൃതമായി സ്വരങ്ങളുടെ വിവരണം ഇല്ല.
കീഴു്സ്ഥായി - മന്ദ്രസ്ഥായി.
കീഴു്സ്ഥായി വരിശൈ - മധ്യസ്ഥായിസ്വരങ്ങളും മന്ദ്രസ്ഥായി സ്വരങ്ങളും അടങ്ങുന്ന ആദ്യസംഗീതപാഠം.
കുരള്‍ - സ്വരാക്ഷരങ്ങളെ സൂചിപ്പിക്കുന്ന തമിഴു് പ്രയോഗം.
കൃതി - സഭാഗാനം. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം, സംഗതികള്‍, മധ്യകാലസാഹിത്യം, ചിട്ടസ്വരങ്ങള്‍, സ്വരസാഹിത്യം, ജതിസ്വരങ്ങള്‍, സ്വരാക്ഷരങ്ങള്‍, ഗമകങ്ങള്‍, ജതികള്‍ എല്ലാം അടങ്ങിയ സംഗീതം.
കൃഷം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ ഇടത്തു നിന്നു് വലത്തോട്ടു് കൈ വീശുക
കൈശികിനിഷാദം - നിഷാദത്തിന്റെ രണ്ടാമത്തെ ശ്രുതിസ്ഥാനം. നി2.
ക്രിയ – ദാളത്തെ സൂചിപ്പിക്കുന്ന അംഗവിക്ഷേപങ്ങള്‍. ഉദാ: അടി, വീച്ചു്, പതാകം എന്നിവ.
ക്ഷണം - സമയത്തിന്റെ ഏറ്റവും ചെറിയ ഭാഗം.
ഗ - ഗാന്ധാരത്തെ സൂചിപ്പിക്കുന്നു. 3 ശ്രുതികള്‍. ശുദ്ധ, സാധാരണ, അന്തര.
ഗതി - ഒരു ക്രിയയില്‍ വരുന്ന സ്വരങ്ങളുടെ എണ്ണം. 5 തരം. തിശ്ര, ചതുശ്ര, ഘണ്ഡ, മിശ്ര, സങ്കീര്‍ണ്ണ.
ഗമകം - അടുത്തടുത്തസ്വരങ്ങള്‍ ചേര്‍ത്തു പാടുന്ന രീതി.
ഗാനകാലം - ഗാനം പാടേണ്ടുന്ന ദിനത്തിലെ സമയം. സര്‍വ്വകാലികം ഏതു സമയത്തും പാടാവുന്ന രാഗങ്ങള്‍.
ഗാനപഞ്ചകരാഗങ്ങള്‍ - പഞ്ചരത്നകൃതികളില്‍ വരുന്ന രാഗങ്ങള്‍.
ഗി - സാധാരണ ഗാന്ധാരം.
ഗീതം - പുരന്തരദാസര്‍ രചിച്ച കര്‍ണ്ണാടകസംഗീതത്തിലെ ആദ്യ പാഠങ്ങള്‍. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം. സ്വരങ്ങളും അവയ്ക്കു ചേര്‍ന്ന സാഹിത്യവും. സ്ഥായികള്‍ മന്ദ്രസ്ഥായി പൂര്‍വ്വാംഗം, മധ്യസ്ഥായി, താരസ്ഥായി ഉത്തരാംഗവും അടങ്ങുന്നു. ഗമകങ്ങള്‍ ഇല്ല. സംഗതികള്‍ ഇല്ല. 10 മുതല്‍ 12 വരെ ആവര്‍ത്തനങ്ങള്‍ ഉണ്ടാവാം.
ഗുരു - ഒരു അടിയും വലത്തെ കൈ ചുരുട്ടിപ്പിടിച്ചു് വലത്തോട്ടു് വട്ടം ചുറ്റല്‍ താളക്രമത്തില്‍ അടിയും വീച്ചും. അതായതു് XV.
ഗുരു - സംഗീതാദ്ധ്യാപകന്‍
ഗുരുകുലവാസം - ശിഷ്യര്‍ ഗുരുവിന്റെ ഗ്രഹത്തില്‍ താമസിച്ചു് ഗ്രഹകര്‍മ്മങ്ങളോടൊപ്പം പഠനം നടത്തുന്ന രീതി.
ഗോപുഛയതി - സ്വരങ്ങക്രമത്തില്‍ കൂടുതല്‍ സ്വരങ്ങളില്‍ തുടങ്ങി സ്വരങ്ങള്‍ ക്രമേണ കുറച്ചു പാടുന്ന രീതി.
ഗ്രഹം - എടുപ്പു് - താളത്തില്‍പാടുമ്പോള്‍ പാടാന്‍ തുടങ്ങുന്ന ക്രിയാസ്ഥാനം. താളത്തിനൊപ്പമായാല്‍ സമം, ശേഷമായാല്‍ അനാഗതം, മുമ്പായാല്‍ അതിത
ഗ്രഹഭേദം - രാഗം മാറ്റി പാടുന്ന രീതി.
ഗ്രഹസ്വരം - ഒരു രാഗത്തിന്റെ സ്വന്തമായ സ്വരങ്ങള്‍.
ഘണ്ഡ – 5 നെ സൂചിപ്പിക്കുന്നു. ലഘുവില്‍ അഞ്ചു് ക്രിയവരുന്നതിനു് ഘണ്ഡചാപ്പു്.
ഘണ്ഡചാപ്പു് - അഞ്ചു് ക്രിയ വരുന്ന താളം.
ഘണ്ഡിക – ഒരു ഗാനത്തിന്റെ വിഭജനങ്ങള്‍, അതായതു് പല്ലവി, അനുപല്ലവി, ചരണം ഓരോന്നും ഓരോ ഘണ്ഡിക.
ഘനകാലരാഗം - സൂര്യോദയത്തിനു മുമ്പു് പാടാനുള്ള രാഗങ്ങള്‍ ഉദാ: ഭൂപാളം, ഭൗളി
ചക്രം – മേളരാഗകര്‍ത്താപട്ടികയില്‍ ഋഷഭവും ഗാന്ധാരവും സാമ്യമുള്ള ആറു് രാഗങ്ങള്‍ ചേര്‍ന്ന ഒരു വിഭാഗം.. ധൈവതവും നിഷാദവും വ്യത്യസ്തം. അങ്ങിനെ എഴുപത്തിരണ്ടു് പൂര്‍ണ്ണരാഗങ്ങള്‍ പന്ത്രണ്ടു് ചക്രങ്ങളായി തിരിച്ചിരിക്കുന്നു.
ചതുര്‍ശ്രുതി - ഒരു സ്വരത്തിന്റെ ഉയര്‍ന്ന സ്വരസ്ഥായി
ചതുശ്ര – നാലാമത്തെ എന്നര്‍ത്ഥം വരുന്ന പ്രയോഗം.
ചതുശ്രകാലം - നാലാം കാലം. ഒരു ക്രിയക്കു് എട്ടു് സ്വരങ്ങള്‍.
ചതുഷ്ണകല – ഒരു താളാക്ഷരത്തില്‍ നാലു സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പാടുന്ന രീതി.
ചരണം - വാക്കിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്നതു് പോലെ തന്നെ പല്ലവിക്കും അനുപല്ലവിക്കും ശേഷം വരുന്ന വരികള്‍.
ചരണംസ്വരം - ചരണത്തിനോടൊപ്പം ചൊല്ലുന്ന സ്വരങ്ങള്‍.
ചാപ്പു് - താളരീതി.
ചിട്ടസ്വരം - വര്‍ണ്ണങ്ങളില്‍ അനുപല്ലവിക്കു ശേഷം പാടുന്ന ചിട്ടപ്പെടുത്തിയ സ്വരങ്ങള്‍.
ചൗകാല – വേഗതകുറഞ്ഞ കാലം.
ഛായ – രണ്ടു രാഗങ്ങള്‍ പാടുമ്പോള്‍ രണ്ടാണെങ്കിലും ഒന്നാണെന്ന തോന്നല്‍ ജനിപ്പിക്കുന്ന.
ജക്കിനിദാരു - ഈ ഗാനരീതിയില്‍ ആദ്യഭാഗം നിറച്ചും ജതിയും അതിനുശേഷം സ്വരങ്ങളും സാഹിത്യവും
ജണ്ഡവരിശ – സ്വരങ്ങള്‍ ജോടിയായി പാടുന്ന കര്‍ണ്ണാടകസംഗീതപാഠം.
ജതി - താളവാദ്യങ്ങളിലെ സ്വരങ്ങള്‍ ഗാനത്തില്‍ പാടുന്നതു്. ഉദാ: ധീം, തകിട, ധോം, തകജൊണു.
ജതിസ്വരം - സാഹിത്യമില്ലാതെ ജതി. സ്വരപല്ലവിയെന്നു പറയും.
ജനകരാഗ – മേളകര്‍ത്താരാഗങ്ങള്‍ മറ്റു രാഗങ്ങളെ ജനിപ്പിക്കുന്നതിനാല്‍ അവയുടെ അപരനാമമാണിതു്.
ജനകരാഗലക്ഷണഗീതം - രാഗത്തിന്റെ സ്വരങ്ങളും ഈ രാഗത്തിന്റെ ജന്യരാഗങ്ങളും സാഹിത്യത്തില്‍ വിവരിക്കുന്ന ഗാനം.
ജന്യരാഗങ്ങള്‍ – മേളകര്‍ത്താരാഗത്തില്‍ നിന്നും ജനിപ്പിച്ച രാഗങ്ങള്‍. ഇതില്‍ ചിലസ്വരങ്ങള്‍ വര്‍ജ്ജിക്കപ്പെടാം, വക്രഗതിവരാം, അന്യസ്വരങ്ങള്‍ ചേരാം.
ജന്യരാഗലക്ഷണഗീതം - രാഗത്തിന്റെ സ്വരങ്ങളും ഏതുമേളാകര്‍ത്തരാഗത്തില്‍ നിന്നാണിവ ജനിച്ചതെന്നു് സാഹിത്യത്തില്‍ വിവരിക്കുന്ന ഗാനം.
ജാതി - ലഘുവിലടങ്ങിയിരിക്കുന്ന ക്രിയയുടെ എണ്ണം. തിശ്ര(3), ചതുശ്ര(4), ഘണ്ഡ(5), മിശ്ര(7), സങ്കീര്‍ണ്ണ(9). ഈ വൈവിദ്ധ്യം കാരണം സപ്തതാളങ്ങളുടെ എണ്ണം മൊത്തും 35 തരം ഉണ്ടു്.
ജാരു - ഒരു ഗമകരീതി.
ജാവളി - സഭാഗാനം. ഇവയുടെ ഭാവം ശൃംഗാരവും, പ്രേമകഥകളാവും വിഷയം. ഇവ ഭരതനാട്യത്തിനു പാടുന്നവയാണു്.
ജീവസ്വരം - ഒരു രാഗത്തിനു ജീവന്‍ നല്‍കുന്ന സ്വരം. രാഗഭാവം ഈ സ്വരത്തിലായിരിക്കും.
ഝംപ – താളത്തിലെ ഒരെണ്ണം.. ഇതിന്റെ രൂപം ലഘു, അനുധ്രുതം, ധ്രുതം (U0)
ഡാല്‍ - ഗമക രീതി - സ്വരങ്ങള്‍ താഴെ ആരംഭിച്ചു് പെട്ടെന്നുയര്‍ത്തുന്ന രീതി ഉദാ: സസരരിഗഗമമപപ
തനിയാവര്‍ത്തനം - വായു്പ്പാട്ടുകാരനും ഒന്നില്‍ കൂടുതല്‍ സംഗീതോപകരണങ്ങളും മാറിമാറി ഒരേ താളവട്ടം ആവര്‍ത്തിച്ചു പാടുന്ന രീതി.
തമ്പുരു - ശ്രുതിപിടിക്കാനുപയോഗിക്കുന്ന സംഗീതോപകരണം. 4 കമ്പികളിലായി താരസ്ഥായിഷഡു്ജം രാണ്ടാവര്‍ത്തിയും, മദ്ധ്യസ്ഥായി ഷഡു്ജവും, മദ്ധ്യസ്ഥായി പഞ്ചമവും എന്ന ക്രമത്തില്‍ മീട്ടി ശ്രുതികേള്‍പ്പിക്കാന്‍ ഉപയോഗിക്കുന്നു.
താണ്ഡവം - ശിവനെ സൂചിപ്പിക്കുന്ന ഒരു നൃത്തരൂപം
താനം -
താനവര്‍ണ്ണം - പല്ലവി, അനുപല്ലവി, ചരണം എന്നിവയ്ക്കു മാത്രമേ സാഹിത്യമുള്ളു. ശേഷം സ്വരങ്ങള്‍ മാത്രം. ഒന്നും രണ്ടും കാലങ്ങളില്‍ പാടണം. മനോധര്‍മ്മം അനുവദനീയമല്ല.
താരസ്ഥായി - വലുവു് - മദ്ധ്യസ്ഥായിക്കു മുകളിലുള്ള സ്വരസ്ഥായി.
താലം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ ഇടതുകൈ വലതു ഉള്ളംകയ്യില്‍ അടിക്കുക
താളം - പല തരത്തില്‍ ക്രമത്തില്‍ സമയവിഭജനം
താളമുദ്ര – താളത്തെ സൂചിപ്പിക്കുന്ന അടയാളം
തിരുക്കുറല്‍ - തമിഴു് സംഗീതരൂപം.
തിരുപ്പുകള്‍ - തമീഴു് സംഗീതരൂപം.
തില്ലാന – ജതിസ്വരങ്ങളും, സ്വരങ്ങളും സാഹിത്യവും ചേര്‍ത്തു് നൃത്തരൂപങ്ങള്‍ക്കായി പാടുന്ന സംഗീതം.
തിശ്ര – മൂന്നാമത്തെ എന്നര്‍ത്ഥം.. തിശ്രലഘുവില്‍ 1അടിയും 2 വിരല്‍ എണ്ണലും (1+2=3)
തൃപുട – സപ്തതാളങ്ങളില്‍ ഒന്നു്. ലഘു, ധ്രുതം, ധ്രുതം. ചതുശ്രതൃപുടയില്‍ ലഘു്(X123) + ധ്രുതം(XV) + ധ്രുതം(XV)
ത്രികാലം - മൂന്നാം കാലം - ഇതില്‍ ഒരു ക്രിയക്കു് 4 സ്വരം എന്ന രീതി.
ത്രിപുഛം - ഗമക രീതി - അനുക്രമമായി ഒരേ സ്വരത്തെ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന രീതി ഉദാ: സസസ, രിരിരി, ഗഗഗ, മമമ, പപപ,...
ത്രിഭിന്നം - സംഗീതോപകരണത്തില്‍ മൂന്നു് ശ്രുതിസ്വരങ്ങള്‍ ഒരുമിച്ചു മീട്ടുന്ന രീതി.
ത്രിയോടശലക്ഷണം - രാഗത്തിലെ13 ലക്ഷണങ്ങള്‍. ഗ്രഹം, അംശം, താരം, മന്ത്രം, ന്യാസം, അപന്യാസം, സന്യാസം, വിന്യാസം, ഭഗുത്വം, അല്‍പ്പത്വം, അന്തരമാര്‍ഗ്ഗം, ഷാഡവം, ഔഡവം.
ദമരുയതി - ദമരുജതി - താളവാദ്യങ്ങള്‍ പുറപ്പെടുവിക്കുന്ന സ്വരങ്ങള്‍ പോലെ പാടുന്ന രീതി ഉദാ: ത. തക. തകിട. തകധിമി
ദരുവര്‍ണ്ണം - സ്വരം സാഹിത്യം ജതി എന്നിവ അടങ്ങിയവ. ചിലതില്‍ സ്വരങ്ങളും ചൊല്‍ക്കെട്ടുകളും മാത്രമേ ഉണ്ടാവൂ. സാഹിത്യം ഇല്ല. ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍. മധ്യകാലത്തിലാണു് പാടേണ്ടതു്.
ദാട്ടു - ഒരു സ്വരത്തില്‍ നിന്നു് അടുത്തസ്വരം വര്‍ജ്ജിച്ചു അതിന്റെ അടുത്തതോ അപ്പുറത്തോ ഉള്ള സ്വരം ചേര്‍ത്തു് ഗമകം ചെയ്യുന്ന രീതി.
ദാട്ടുവരിശ – ആദ്യപാഠങ്ങളിലെ രീതിയില്‍ സ്വരങ്ങള്‍ ഒന്നോഒന്നില്‍കുടുതലോ ഇടയില്‍ വര്‍ജ്ജിച്ചു ഗമകം വരുത്തി പാടുന്ന പാഠം.
ദിശി - മേളകര്‍ത്താരാഗപട്ടികയിലെ പത്താമത്തെ ചക്രം.
ദീര്‍ഘ – സ്വരനീട്ടി പാടുന്ന രീതി, ജീവസ്വരങ്ങള്‍ക്കായി ഈ പ്രയോഗം ഉണ്ടാവും.
ദുര്‍ബല – രാഗത്തില്‍ ശക്തികൊടുക്കാതെ പാടേണ്ടുന്ന സ്വരങ്ങള്‍.
ദോളകം - ആന്തോളനം പോലത്തെ ഗമകരീതി.
ദ്രുതം - താളം പിടിക്കുമ്പോളത്തെ ഒരു അടിയും വീച്ചും.
ദ്രുതലയം - അതിവേഗത്തില്‍ പാടുന്ന രീതി. മദ്ധ്യകാലത്തിന്റെ ഇരട്ടി വേഗത്തില്‍ പാടുന്ന രീതി.
ദ്വികല – ഒരു താളാക്ഷരത്തില്‍ രണ്ടു സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പാടുന്ന രീതി.
ദ്വികാലം - ഒരു ക്രിയയില്‍ രണ്ടു സ്വരങ്ങള്‍.
ധക്കുസ്ഥായി - കീഴു്സ്ഥായി - മന്ദ്രസ്ഥായി - മദ്ധ്യസ്ഥായിക്കു താഴത്തെ സ്ഥായി
ധക്കുസ്ഥായിവരിശ – മന്ദ്രസ്ഥായി വരിശകള്‍
ധന – ശുദ്ധധൈവതവും ശുദ്ധനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും ആദ്യത്തെ മേളരാഗം. .
ധനി - ശുദ്ധധൈവതവും കൈശികിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും രണ്ടാമത്തെ മേളരാഗം.
ധനു - ശുദ്ധധൈവതവും കാകളിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും മൂന്നാമത്തെ മേളരാഗം.
ധാട്ടുവരിശ - ഇടയ്ക്കുള്ള സ്വരങ്ങളെ തൊടാതെ അതിനപ്പുറമുള്ള സ്വരത്തെ ചേര്‍ത്തുള്ള സംഗീതപാഠം
ധിനി - ചതുശ്രുതിധൈവതവും കൈശികിനിഷാധാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും നാലാമത്തെ മേളരാഗം.
ധിനു - ചതുശ്രുതിധൈവതവും കാകളിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും അഞ്ചാമത്തെ മേളരാഗം.
ധുനു - ഷടു്ശ്രുതിധൈവതവും കാകളിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും ആറാമത്തെ മേളരാഗം.
ധൈവതം - സപ്തസ്വരങ്ങളിലെ ആറാമത്തെ സ്വരം. മൂന്നു് തരം സ്വരസ്ഥായി - ശുദ്ധ, ചതുര്‍ശ്രുതി, ഷടു്ശ്രുതി.
ധൈവതാന്ത്യരാഗം - താരസ്ഥായി ഷഡു്ജത്തില്‍ തൊടാതെ ധൈവതം വരെ മാത്രം പാടുന്ന രാഗങ്ങള്‍.
ധ്രുതകാലം - ഒരു കാലക്രമത്തില്‍ പാടിക്കൊണ്ടിരുന്നതു ഒരേ കാലചക്രത്തില്‍ സ്വരങ്ങള്‍ ഇരട്ടിയായി താളത്തില്‍ കൊള്ളിച്ചു വേഗത്തില്‍ പാടുന്ന രീതി. ആദ്യം പാടുമ്പോള്‍ ഒരു ക്രിയയില്‍ നാലു സ്വരങ്ങള്‍ ഉണ്ടെങ്കില്‍ ധ്രൂതകാലത്തിലേക്കു് മാറുമ്പോള്‍ എട്ടു സ്വരങ്ങള്‍ കൊള്ളിക്കും.
ധ്രുവം - താളം പിടിക്കുന്ന ഒരു ശബ്ദക്രിയ – ഇതില്‍ വിരല്‍ ഞൊടിക്കുക
ധ്രുവകം - താളം പിടിക്കുന്ന ഒരു നിശ്ശബ്ദക്രിയ – ഇതില്‍ വിരലുകള്‍ നിശ്ശബ്ബമായി ഉരയ്ക്കുക
നവഗ്രഹങ്ങള്‍ – 9 ഗ്രഹങ്ങള്‍.
നാദം - ഒലി
നാഭിതം - ഗമകരീതി. സ്വരം ഉച്ചത്തിലും ഉരുട്ടിയും പാടുന്ന രീതി.
നിരവല്‍ - ആലാപന രീതി
നിഷ്ക്രമം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ കൈ വലത്തോട്ടു് വീശുക
നേത്രചക്രം – മേളകര്‍ത്താരാഗത്തിലെ രണ്ടാമത്തെ ചക്രം. 7-12 രാഗങ്ങള്‍. രി1, ഗ2, മ1.
ന്യാസസ്വരം -
പഞ്ചമശ്രുതി - സപസ എന്ന ശ്രുതി.
പഞ്ചമാന്ത്യരാഗങ്ങള്‍ - പഞ്ചമത്തില്‍ അവസാനിക്കുന്ന രാഗങ്ങള്‍.
പഞ്ചരത്നകൃതി – 5 ഗാനങ്ങള്‍ ചേര്‍ന്ന കൃതി.
പതാകം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ കൈ മോല്‍പ്പോട്ടു് പൊക്കുക
പതിതം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ കൈ കീഴ്പ്പോട്ടു് കൊണ്ടു വരുക
പത്മിനി - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ കൈപ്പത്തി കമഴ്ത്തിപ്പിടിച്ചു് കൈ താഴോട്ടു് വീശുക
പദം - നൃത്തത്തിനായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍.
പദവര്‍ണ്ണം - ചൗക്കവര്‍ണ്ണം - നൃത്തത്തിനു വേണ്ടി. നിറച്ചും പദങ്ങള്‍ ആയിരിക്കും. ഉടനീളം സാഹിത്യവുമുണ്ടായിരിക്കും.
പല്ലവി - അക്ഷരാര്‍ത്ഥം മൊട്ടു് എന്നും, ഗാനത്തിന്റെ ആദ്യവരികള്‍.
പൂര്‍വ്വമേളകര്‍ത്താരാഗങ്ങള്‍ - ആദ്യത്തെ 32 മേളകര്‍ത്താരാഗങ്ങള്‍. ശുദ്ധമധ്യമ (മ1) മേളകര്‍ത്താരാഗങ്ങള്‍ എന്നും പറയും.
പൂര്‍വ്വാംഗം - സപ്തസ്വരങ്ങളിലെ ആദ്യത്തെ നാലു സ്വരങ്ങള്‍. വര്‍ണ്ണത്തില്‍ പല്ലവി, അനുപല്ലവി, മുക്തായി സ്വരം ചേരുന്ന ആദ്യപകുതി.
പ്രതിമധ്യമം - മ2.
പ്രതിമധ്യമമേളകര്‍ത്താരാഗം - ഉത്തരമേളകര്‍ത്താരാഗം. 33മുതല്‍ 72വരെയുള്ള രാഗങ്ങള്‍ . ഇതിലെ മധ്യമം പ്രതിമധ്യമം ആണു് (മ2)
പ്രത്യാഹതം - ഗമക രീതി - അവരോഹണക്രമത്തില്‍ ഒരു സ്വരത്തോടൊപ്പം ജോടികളായി അടുത്ത സ്വരത്തെക്കൂടി ധ്വനിപ്പിച്ചു പാടുന്ന രീതി. ഉദാ: സരി രിഗ ഗമ മപ പനി
പ്രയോഗം -
പ്രവേശം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ കൈ ഇടത്തേട്ടു് വട്ടം ചുറ്റി കീഴു്പ്പോട്ടു് അടിക്കാന്‍ പ്രവേശിക്കുക
പ്രസ്താരം - വേര്‍പെടുത്തല്‍ എന്നര്‍ത്ഥം.
പ്ലൂതം - ഇതൊരു താളക്രിയ. ഇതില്‍
ഫ്ലാറ്റു് - പകുതിശ്രുതിയോ അതിനു താഴെയോ ശ്രുതി ചേരാതെ പാടുന്ന തെറ്റു്.
ബാണ – മേളകര്‍ത്താരാഗത്തില്‍ അഞ്ചാമത്തെ ചക്രം. രി2, ഗ3, മ1. 25-30 രാഗങ്ങള്‍
ബാസ്സു് - ഇതു് ശരിക്കും വായിക്കേണ്ടതു് ബേസു് എന്നാണെങ്കിലും ബാസ്സു് എന്നാണറിയപ്പെടുന്നതു്. താഴ്ന്ന ശബ്ദം എന്നര്‍ത്ഥം.
ബൃഗ – മൂര്‍ഛന ഗമകത്തില്‍ ആരോഹണാവരോഹണം വേഗത്തില്‍ പാടുന്ന രീതി.
ബ്രഹ്മ – ത്രിമൂര്‍ത്തികളില്‍ ശൃഷ്ടികര്‍ത്താവായ ദൈവം..
ബ്രഹ്മചക്രം – ഒന്‍പതാം മേളകര്‍ത്താ ചക്രം. രി1, ഗ3, മ2.
ഭക്തി - ഒരു ദേവനോ ദേവിയോടോ ഉള്ള ഇഷ്ടം, ആരാധന.
ഭജന്‍ - ഹിന്ദുമതപരമായ ഗാനം.
ഭയാനകം – പേടിപ്പെടുത്തുന്ന ഭാവം.
ഭാവം - ഒരു രാഗത്തില്‍ വരുന്ന വികാരം.
ഭാഷാംഗ രാഗം - അന്യസ്വരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഗങ്ങള്‍.
ഭീബത്സം - വെറുപ്പോടുകൂടിയ ഭയം.
മകുടസ്വരം -
മഠ്യതാളം - ഒരു താളരീതി. ഇതില്‍ ലഘു, ധ്രുതം, ലഘു. (Eg: X123+XV+X123). ഇവിടെ ലഘു 2മുതല്‍ 7 വരെ ആവാം. അതിനനുസരിച്ചു് ഗതി മാറും.
മദ്ധ്യമം - വിളംബിതത്തിന്റെ ഇരട്ടി വേടത്തില്‍ പാടുന്ന രീതി.
മദ്ധ്യദിനരാഗങ്ങള്‍ - ഉച്ചസമയത്തു് പാടാനുള്ള രാഗങ്ങള്‍. ഉദാ: സാവേരി, ദേവമനോഹരി.
മധ്യമം - നാലാമത്തെ സ്വരം. രണ്ടു് ശ്രുതിസ്ഥാനം ഉണ്ടു്, ശുദ്ധമധ്യമം പ്രതിമധ്യമം.
മധ്യമകാലം - ആദ്യം പാടാന്‍ തുടങ്ങുന്നതില്‍ നിന്നും ഇരട്ടി വേഗത്തില്‍ പാടുന്ന രീതി.
മധ്യമശ്രുതി - പഞ്ചമം ഇല്ലാതെ സമസ ആയി ശ്രുതിപിടിക്കുന്ന രീതി. പഞ്ചമം ഇല്ലാത്ത രാഗങ്ങള്‍ ആലപിക്കാന്‍ ഉപയോഗിക്കും.
മധ്യലയ – ഇടത്തരം വേഗത.
മധ്യസ്ഥായി - ഹര്‍മോണിയത്തിലെ മധ്യത്തില്‍ അതായതു് ഏഴാമത്തെ കട്ടമുതല്‍ തുടങ്ങുന്ന സ മുതല്‍ താരസ്ഥായി സ വരെയുള്ള സ്ഥായി.
മനോധര്‍മ്മസംഗീതം - കല്‍പ്പനാസംഗീതം. നേരത്തെ മുന്‍കൂട്ടി നിശ്ചയിക്കാതെ ആലാപനസമയത്തു് കലാകാരന്‍ സ്വയം ശൃഷ്ടിക്കുന്ന ആലാപന രീതി. ഇതില്‍ ആലാപനം, താനം, പല്ലവി, നിരവല്‍, കല്‍പ്പനസ്വരങ്ങള്‍ എന്നിവ ഉള്‍പ്പെടും.
മന്ദ്രസ്ഥായി - ഹര്‍മോണിയത്തിലെ ആദ്യത്തെ കട്ട സ മുതല്‍ അടുത്ത സ വരെയുള്ള സ്ഥായി. സ്വരങ്ങള്‍ക്കു താഴെ കുത്തിട്ടു് തിരിച്ചറിയും.
മാത്ര – സമയത്തിന്റെ കഷ്ണം.
മാര്‍ഗ്ഗം - കൃതികളില്‍ വരുന്ന പ്രയോഗങ്ങള്‍. 6 തരം (ഷണ്‍മാര്‍ഗ്ഗം)
മിശ്ര – 7 എന്നര്‍ത്ഥം.
മിശ്രചാപ്പു് - 3+4=7 ക്രിയ വരുന്ന താളം.
മുക്താംഗകമ്പിതരാഗം - സര്‍വ്വസ്വരഗമകവീരികരാഗം - അചലസ്വരങ്ങളായ ഷഡു്ജവും പഞ്ചമവും ഒഴികെ എല്ലാ സ്വരങ്ങള്‍ക്കും ഗമകം വരുത്തി ആലപിക്കുന്ന രാഗം. ഉദാ: മോഹനം. തോടി.
മുക്തായിസ്വരം - വര്‍ണ്ണത്തില്‍ പല്ലവിക്കും അനുപല്ലവിക്കും ശേഷം ചരണത്തിനു മുമ്പായി വരുന്ന സ്വരങ്ങള്‍.
മുദ്രിതം - ഗമകരീതി , മൂളല്‍മാത്രമായി.
മൂര്‍ഛന – ഗമക രീതി - ആരോഹവരോഹണ ക്രമത്തില്‍ രാഗത്തിന്റെ ഛായയെ അവതരിപ്പിക്കുന്ന രീതി
മൃദംഗയതി - മൃദംഗത്തിന്റെ ആകൃതിയില്‍ തുടക്കത്തില്‍ കുറച്ചും ക്രമേണ കൂടിവന്നും വീണ്ടും കുറച്ചുവരുന്ന അക്ഷരക്രമം.
മേല്‍സ്ഥായി വരിശൈ - താരസ്ഥായി വരിശൈ
മേളകര്‍ത്താരാഗം - സമ്പൂര്‍ണ്ണരാഗം. അവയില്‍ എല്ലാ ഏഴു സ്വരങ്ങളും ആരോഹണാവരോഹണക്രമത്തില്‍ ഒരേ പോലെ. അങ്ങിനെ72എണ്ണം.
യതി - സ്വരസഞ്ജയക്രമീകരണം.
രണ്ടാംകാലം - ദ്വതീയകാലം - ഒരു താളക്രിയയില്‍ രണ്ടു സ്വരങ്ങള്‍ അടങ്ങിയ താളവേഗത.
രസം - രാഗത്തിന്റെ ഭാവം
രാഗം - ആരോഹാവരോഹണക്രമത്തില്‍ ചിട്ടപ്പെടുത്തിയ സ്വരക്കൂട്ടു്.
രാഗഗാനം - രാഗത്തിന്റെ സ്വഭാവം മുഴുവന്‍ കാണിക്കുന്ന ഗാനം.
രാഗംതാനംപല്ലവി - ഇതില്‍ വിവരിച്ചപോലെ ക്രമത്തില്‍ രാഗം, താനം, പല്ലവി, നിരവല്‍, കല്‍പ്പനസ്വരം എന്ന ക്രമത്തില്‍.
രാഗമാലിക – ഒന്നില്‍ കൂടുതല്‍ രാഗങ്ങള്‍ അടങ്ങിയ ഗാനം.
രാഗമാലികവര്‍ണ്ണം - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചിട്ടസ്വരം എന്ന ക്രമത്തില്‍ ഉള്ള സംഗീതപാഠം.
രാഗമുദ്ര – രാഗത്തിന്റെ സ്വഭാവം കാണിക്കുന്ന ഗാനത്തിന്റെ ഭാഗം.
രാഗലക്ഷണഗീതം - രാഗങ്ങളുടെ ലക്ഷണങ്ങള്‍ വിവരിക്കുന്ന ഗീതം. ഇതില്‍ സൂത്രഖണ്ഡത്തില്‍ സാഹിത്യത്തിന്റെ ക്രമത്തില്‍ സ്വരവിവരണവും, ഉപാംഗഖണ്ഡത്തില്‍ രാഗത്തിന്റെ ജന്യസ്വരവിവരണവും, ഭാഷാംഗഖണ്ഡത്തില്‍ ജനകമേളകര്‍ത്താരാഗത്തിന്റെ ലക്ഷണവിവരണവും അടങ്ങിയിരിക്കുന്നു.
രുദ്രം - മേളകര്‍ത്താരാഗപട്ടികയിലെ പതിനൊന്നാമത്തെ ചക്രം. മ2 , രി2, ഗ3,. രാഗങ്ങള്‍ 61 മുതല്‍ 66 വരെ.
രൂപകം – സപ്തതാളങ്ങളില്‍ ഒന്നു് . ഇതില്‍ ലഘു 7 തരത്തില്‍ വരാം. സാധാരണയുള്ള ചതുശ്രജാതി രൂപകതാളത്തില്‍ ക്രിയകള്‍ X123+XV+XV എന്നാണെങ്കിലും എളുപ്പത്തിനു് ഇതു് താളം പിടിക്കുമ്പോള്‍ രണ്ടു് അടിയും ഒരു വീച്ചും ആയി പിടിക്കും.
രൗദ്രം - ദേഷ്യഭാവം.
ലക്ഷണഗീതം - രാഗലക്ഷണത്തെ വിവരിക്കുന്ന ഗീതം.
ലഘു - താളത്തില്‍ അടി+ചെറുവിരലില്‍തുടങ്ങുന്ന എണ്ണല്‍. ഇവ തിശ്രലഘു(1+2), ചതുശ്രലഘു(1+3), ഘണ്ഡശലഘും(1+4), മിശ്രലഘു(1+6), സങ്കീര്‍ണലഘു(1+8),
ലയം - പാടുന്നതിന്റെ വേഗത നിര്‍ണ്ണയിക്കുന്ന രീതി.
ലാസ്യം - നൃത്തത്തില്‍ സ്ത്രീഭാവം.
വക്രരാഗം - ആരോഹത്തിലോ അവരോഹണത്തിലോ രണ്ടിലുമോ സ്വരങ്ങളുടെ ക്രമംതെട്ടിച്ചു് ചിട്ടപ്പെടുത്തിയ രാഗം. ഉദാ: സഗരിഗമപധപസാ.
വരകള്‍ - ചിലപ്പോള്‍ സ്വരങ്ങള്‍ക്കു മുകളില്‍ വരകള്‍ കാണിച്ചിരിക്കും. ഒറ്റവരയ്ക്കു് വേഗത ഇരട്ടിയും, ഇരട്ടവര നാലിരട്ടിയും വേഗതയില്‍ പാടേണ്ട സ്വരങ്ങളെ സൂചിപ്പിക്കുന്നു.
വരിശകള്‍ - സ്വരവലി - സംഗീതം അഭ്യസിക്കാനുപയോഗിക്കുന്ന ഗാനങ്ങള്‍.
വര്‍ജ്യസ്വരം - മേളകര്‍ത്താരാഗത്തില്‍ നിന്നും ജന്യരാഗത്തില്‍ ഉപേക്ഷിച്ച സ്വരം. ഇതു് ആരോഹണത്തിലോ അവരോഹണത്തിലോ രണ്ടിലുമോ ആവാം ഉപേക്ഷിച്ചതു്.
വര്‍ണ്ണങ്ങള്‍ - സംഗീതപാഠം -രാഗഭാവത്തിനാണു് ഇവിടെ പ്രാധാന്യം. ഇവിടെ അപൂര്‍വ്വപ്രയോഗങ്ങള്‍, വിശേഷസഞ്ചാരങ്ങള്‍, വിശേഷഗതികള്‍, ജണ്‍ധാട്ടു് എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍
വലിവു് - താരസ്ഥായി - മദ്ധ്യസ്ഥായിക്കു മുകളിലുള്ള സ്വരസ്ഥായി.
വസുചക്രം – മേളകര്‍ത്താപട്ടികയിലെ എട്ടാമത്തെ ചക്രം. മ2, രി1, ഗ2.
വാദി - 12 സ്വരസ്ഥാന രീടി.
വാദിമേളകര്‍ത്താരാഗങ്ങള്‍ - 12 സ്വരസ്ഥാനക്രമത്തില്‍ ചിട്ടപ്പെടുത്തിയ മേളകര്‍ത്താരാഗങ്ങളില്‍ 2,3,4,5,8,9,10,11 എന്നീചക്രങ്ങളിലെ മദ്ധ്യത്തിലുള്ള 4 രാഗങ്ങള്‍.
വിക്ഷിപ്തം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ കൈവിരലുകള്‍ എല്ലാം ചേര്‍ത്തു മടക്കുക
വിക്ഷേപം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ മടക്കിയ വിരലുകള്‍ നിവര്‍ത്തുക
വിന്യാസം - പതിമൂന്നു രാഗലക്ഷണങ്ങളില്‍ ഒന്നു്.
വിരാമം - ഇതു് സമയത്തെ സൂചിപ്പിക്കുന്ന ഒരു അംഗമാണു്.
വിരുത്തം -
വിലോമ – ഇതു് ഒരുചപ്പുതാളം.
വിളംബിതം - മെല്ലെ പാടുന്ന രീതി.
വിളംബിതകാലം - മധ്യകാലത്തിന്റെ പകുതി കാലം.
വിളംബിതലയം - സാവധാനം പാടുന്ന രീതി.
വിഷമഗ്രഹം - താളം തുടങ്ങുന്ന സമത്തിനു മുമ്പോ പിമ്പോ പാടാന്‍ തുടങ്ങുന്ന രീതി.
വിസര്‍ജ്ജിതം - താളം പിടിക്കുമ്പോള്‍ അടിക്കു ശേഷം കൈ പുറത്തോട്ടു് മലര്‍ത്തി വീശുന്ന ക്രിയ. ധ്രുതത്തിന്റെ രാണ്ടാം ഭാഗം.
വേദം – മേളകര്‍ത്താരാഗപട്ടികയിലെ നാലാമത്തെ ചക്രം . ഇതില്‍ മ1, രി2, ഗ2. 19-24 രാഗങ്ങള്‍.
വൈനിക – വീണ വായിക്കുന്ന ആള്‍.
ശമ്യം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ വലതുകൈ ഇടതുഉള്ളംകയ്യില്‍ അടിക്കുക
ശാന്തം - സൗമ്യഭാവം.
ശുദ്ധ – കലര്‍പ്പില്ലാത്തതു് എന്നര്‍ത്ഥം. സംഗീതത്തില്‍ രി1, ഗ1, മ1, ധ1,
ശുദ്ധഋഷഭം - ഋഷഭത്തിന്റെ ആദ്യത്തെ ശ്രുതിസ്ഥാനം.
ശുദ്ധഗാന്ധാരം - ഗാന്ധാരത്തിന്റെ ആദ്യത്തെ ശ്രുതിസ്ഥാന്ം.
ശുദ്ധധൈവതം - ധൈവതത്തിന്റെ ആദ്യത്തെ ശ്രുതിസ്ഥാനം.
ശുദ്ധമധ്യമമേളകര്‍ത്താരാഗങ്ങള്‍ - പൂര്‍വ്വമേളകര്‍ത്താരാഗങ്ങള്‍ - ആദ്യത്തെ 36 മേളകര്‍ത്താരാഗങ്ങള്‍. ഇവയില്‍ മധ്യമം ശുദ്ധമധ്യമം ആണു് ഉപയോഗം.
ശൊല്‍ക്കെട്ടു - കൊന്നക്കോല്‍ - ജതിസ്വരങ്ങള്‍ - താളവാദ്യങ്ങളെ അനുകരിച്ചു് ചൊല്ലുന്ന സ്വരങ്ങള്‍ ഉദാ: ത. തക. തരിട. തധിംകിണധോം. ചിലയിടങ്ങളില്‍ സപ്തസ്വരങ്ങളുമായി ഇടകലര്‍ത്തി പാടും.
ശ്രുതി - ഇതു് ശ്രുതിസ്ഥാനവും, ശ്രുതിസ്ഥായിയും ഉണ്ടു്. ഒരു സ്വരം ആസ്വരത്തിനു് നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു് മുകളിലോട്ടോ താഴോട്ടോ പോകാതെ പാടുന്ന രീതി.
ശ്രുതിപ്പെട്ടി - തമ്പുരുവിനു പകരം ഉപയോഗിക്കുന്ന ഉപകരണം. ഹര്‍മോണിയവും ശ്രുതിപ്പെട്ടി ആയി ഉപയോഗിക്കാവുന്നതാണു്. ഇതില്‍ സ്വരങ്ങള്‍ "സപസ" യും, പഞ്ചമവര്‍ജ്ജ്യരാഗങ്ങള്‍ക്കു് "സമസ" യും ഉപയോഗിക്കുന്നു.
ശ്രുതിഭേദം - ഒരു രാഗത്തിലെ ശ്രുതിയില്‍ നിന്നു് വേറേ രാഗത്തിലെ ശ്രുതിയിലേക്കു് സ്വരം മാറ്റിപാടുന്നതും,ഒരേ രാഗത്തില്‍ തന്നെ മൊത്തം ശ്രുതി ഉയര്‍ന്ന ശ്രുതിയിലേക്കോ താഴ്ന്ന ശ്രുതിയിലേക്കോ മാറ്റി പാടുന്ന രീതികള്‍.
ശ്രുതിമാതാലയപിതാ - ശ്രുതി മാതാവും ലയം പിതാവും എന്നര്‍ത്ഥം.
ശ്രോതവാഹയതി - ഒരു പുഴയുടെ ശ്രോതസ്സു് പോലെ. ഗോപുഛയതിക്കു് വിപരീതം. തുടക്കത്തില്‍ കൂറവും അന്ത്യത്തില്‍ കൂടുതല്‍ സ്വരങ്ങളും അടങ്ങി പാടുന്ന രീതി.
ശ്ലോകം - പ്രാര്‍ത്ഥനയ്ക്കായി ചൊല്ലുന്ന വരികള്‍. സാധാരണ ഇവ സംസ്കൃതത്തിലുള്ള വേദസാഹിത്യമായിരിക്കും.
ഷടവ – 6 എന്നര്‍ത്ഥം. ഷടവരാഗം എന്നാല്‍ 6 സ്വരങ്ങള്‍ അടങ്ങിയ രാഗം.
ഷടാംഗം - 6 അംഗം.
ഷടു്ശ്രുതി - ഒരു സ്വരത്തിന്റെ എറ്റവും ഉയര്‍ന്ന സ്വരസ്ഥാനം. ഋഷഭത്തിനും ധൈവതത്തിനും മൂന്നാമത്തെ ശ്രുതിസ്ഥാനം.
ഷടു്ശ്രുതി ഋഷഭം - ഋഷഭത്തിന്റെ മൂന്നാമത്തെ ശ്രുതിസ്ഥാനം. രി3.
ഷടു്ശ്രുതി ധൈവതം - ധൈവതത്തിന്റെ മൂന്നാമത്തെ ശ്രുതിസ്ഥാനം. ധ3.
ഷഡു്ജം - സപ്തസ്വരങ്ങളിലെ ആദ്യത്തെ സ്വരം. ഇതു് അചലസ്വമാണു്.
ഷണ്മാര്‍ഗ്ഗം - 6 മാര്‍ഗ്ഗം.
ഷാര്‍പ്പു് - സ്വരസ്ഥായിക്കു് മുകളില്‍ പാടുന്നതു്. പാശ്ചാത്യസംഗീതത്തില്‍ ഇതു് സ്വരത്തിന്റെ മേല്‍സ്ഥായി സൂചിപ്പിക്കുന്നു.
ഷോടശസ്വരങ്ങള്‍ - സപ്തസ്വരങ്ങള്‍ 16 എണ്ണമായി കാണുമ്പോള്‍ വരുന്ന സ്വരങ്ങള്‍.
ഷോടശ – 16 എന്നു് സൂചിപ്പിക്കുന്നു.
ഷോടസാംഗം - പതിനാറാമത്തെ അംഗം.
സ – ഷഡു്ജം. സപ്തസ്വരങ്ങളിലെ ആദ്യത്തെ സ്വരം.
സങ്കീര്‍ണ്ണം - 9 എന്നര്‍ത്ഥം. താളത്തിലെ സങ്കീര്‍ണ്ണ ലഘുവില്‍ 1 അടുയും അതിനു ശേഷം 8 വിരലെണ്ണലും ഉള്‍പ്പെടും.
സങ്കീര്‍ണ്ണരാഗം - ഒന്നില്‍ കൂടുതല്‍ മേളകര്‍ത്താരാഗങ്ങളുടെ ഛായ കാണിക്കുന്ന രാഗം. ഉദാ: ആഹരിയില്‍ ധന്യാസിയുടെയും നാട്ടഭൈരവിയുടെയും ഛായ.
സഞ്ചാരം - ഓരോ രാഗങ്ങളിലും സ്വരങ്ങള്‍ കോര്‍ത്തിണക്കിയ രീതിയില്‍ പാടുന്നതു്.
സഞ്ചാരഗീതം - മന്ദ്രസ്ഥായിയിലെ പൂര്‍വ്വാംഗം മുതല്‍ താരസ്ഥായിലെ ഉത്തരാംഗം വരെ പാടുന്ന ഗാനം.
സന്ധ്യകാലരാഗം - സന്ധ്യാസമയങ്ങളില്‍ പാടാനുള്ള രാഗങ്ങള്‍. ഉദാ: ഷണ്‍മുഖപ്രിയ, കല്യാണി, വസന്ദ, നാട്ട.
സന്നിപാതം - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ രണ്ടു കയ്യും പൊക്കി മുന്‍വശത്തു നീട്ടി കൂട്ടിയടിക്കുക
സന്യാസം - രാഗലക്ഷണങ്ങള്‍ പതിമൂന്നിലെ ഒരെണ്ണം.
സപ്ത – 7 എന്നര്‍ത്ഥം.
സപ്തഅലങ്ങാരം - 7 തരം താളഅലങ്കാരങ്ങള്‍.
സഭാഗാനം - സഭയില്‍ പാടുന്ന അഭ്യാസപാഠങ്ങള്‍അല്ലാത്ത ഗാനങ്ങള്‍.
സമം - താളക്രിയയുടെ ആദ്യത്തെക്രിയ, താളത്തിന്റെ ആദ്യത്തെ ക്രിയക്കൊപ്പം പാടുന്ന രീതി. സമഗ്രഹം, സമഎടുപ്പു് etc.
സമയയതി - ഒരു ഗാനത്തില്‍ എല്ലാ അംഗങ്ങളും ഒരേ ഗതിയില്‍.
സമ്പൂര്‍ണ്ണരാഗം - മേളകര്‍ത്താരാഗങ്ങള്‍ - ആരോഹാവരോഹണക്രമത്തില്‍ എല്ലാ സ്വരങ്ങളും അതേ ശ്രുതിസ്ഥാനത്തില്‍ അടങ്ങിയ രാഗങ്ങള്‍.
സമ്പ്രദായം - പരമ്പരാഗതമായി ആവര്‍ത്തിച്ചു പോരുന്ന രീതികള്‍.
സരളീവരിശകള്‍ - കര്‍ണ്ണാടകസംഗീതപാഠത്തിലെ ആദ്യപാഠം. ഇതില്‍ മധ്യസ്ഥായസപ്തസ്വങ്ങളുടെ പല തരത്തിലുള്ള ആരോഹാവരോഹണ പ്രയോഗങ്ങള്‍ അടങ്ങിയിരിക്കുന്നു.
സര്‍പ്പിണി - താളം പിടിക്കുന്ന ഒരു ക്രിയ – ഇതില്‍ കൈ ഇടത്തോട്ടു് വീശുക
സര്‍വ്വകാലികരാഗം - ദിവസത്തിന്റ ഏതു മുഹൂര്‍ത്തിലും പാടാവുന്ന രാഗങ്ങള്‍. ഉദാ: ഭൈരവി, കാംബോജി, ശങ്കരാഭരണം, കല്യാണി.
സര്‍വ്വസ്വരഗമകവീരികരാഗം - മുക്താംഗകമ്പിതരാഗം - അചലസ്വരങ്ങളായ ഷഡു്ജവും പഞ്ചമവും ഒഴികെ എല്ലാ സ്വരങ്ങള്‍ക്കും ഗമകം വരുത്തി ആലപിക്കുന്ന രാഗം. ഉദാ: കല്യാണി.
സംവാദം - രണ്ടുപേര്‍ ചേര്‍ന്നു ഗാനരൂപത്തില്‍ ചര്‍ച്ചപോലെ മത്സരിച്ചു് പാടുന്ന രീതി.
സശബ്ദതാളം - ശബ്ദത്തോടു കൂടി ചെയ്യുന്ന താളക്രിയ. അടി.
സാധാരണ ഗാന്ധാരം - രണ്ടാമത്തെ ഗാന്ധാരസ്വരശ്രുതി സ്ഥാനം. ഗ2.
സാമഗാനസ്വരങ്ങള്‍ - ഋഗു്വേദകാലഘട്ടത്തിലെ സ്വരങ്ങളായ 'നിസരി ' യോടൊപ്പും രണ്ടു സ്വരങ്ങള്‍ ചേര്‍ത്തു് 'ധനിസരിഗ'. അഞ്ചുസ്വരം.
സാമാന്യഗീതം - പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണങ്ങള്‍ ഇല്ല.
സാഹിത്യം - ഗാനത്തിലെ ഭാഷാവരികള്‍. (സ്വരങ്ങള്‍ അല്ലാത്തവ).
സ്ഥായി - മദ്ധ്യസ്ഥായി ഷഡു്ജം മുതല്‍ താരസ്ഥായി ഷടു്ജം വരെ ഒരു സ്ഥായി. ഇതിനു് മദ്ധ്യസ്ഥായി എന്നു പറയും. ഇതുപോലെ തന്നെ മന്ദ്രസ്ഥായി ഷഡു്ജം മുതല്‍ മദ്ധ്യസ്ഥായി ഷഡു്ജം വരെ മന്ദ്രസ്ഥായി എന്നും, താരസ്ഥായി ഷഡു്ജം മുതല്‍ അനുമന്ദ്രസ്ഥായി ഷഡു്ജം വരെ താരസ്ഥായി എന്നു് പറയും.
സ്പുരിതം - രണ്ടു് സ്വരങ്ങള്‍ ചേര്‍ത്തു് ആവര്‍ത്തിച്ചു് പാടുന്ന രീതി. ഇതില്‍ ആദ്യത്തെസ്വരം ഹൃസ്വമാക്കി രണ്ടാമത്തെ സ്വരത്തില്‍ ശക്തികൊടുത്തു് പാടും.
സ്വരം - സപ്തസ്വരങ്ങളില്‍ ഒന്നു്.
സ്വരജതി - കര്‍ണ്ണാടകസംഗീത അഭ്യാസ പാഠം.
സ്വരജതികള്‍ - നൃത്തവുമായി ബന്ധപ്പെട്ട സംഗീതശാഖയായു് ആണു് ഇതിന്റെ ഉല്‍ഭവം. ഇവയ്ക്കു് നിശ്ചിത കാലയളവു് ഇല്ല. ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണം ഇവിടെ തുടങ്ങുന്നു. സാഹിത്യമില്ലാതെ സ്വരങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ ഇതിനു് ജതിസ്വരം എന്നു വിശേഷിപ്പിക്കും. സ്വരങ്ങള്‍ക്കൊപ്പം സാഹിത്യം ചേര്‍ത്തു് പാടുമ്പോള്‍ ഇവയ്ക്കു് സ്വരജതികളെന്നു പറയും.
സ്വരസാഹിത്യം - കൃതികളില്‍ സാഹിത്യത്തിന്നിടയില്‍ സ്വരങ്ങള്‍ ഉപയോഗിക്കുന്ന രീതി.
സ്വരസ്ഥാനം - സ്വരങ്ങളുടെ സ്ഥാനം.
സ്വരസ്ഥായി - താഴത്തെ സ്ഥായിയില്‍ നിന്നും മുകളിലത്തെ സ്ഥായി വരെ ഒരു ഗായകനു പാടാവുന്ന പരിധി.
സ്വരാക്ഷരം - സ്വരങ്ങളുടെ അക്ഷരം. ഉദാ: ഋഷഭത്തെ സൂചിപ്പിക്കുന്നതു് "രി"
സ്വരാന്തരരാഗം - 4 സ്വരങ്ങള്‍ മാത്രം അടങ്ങിയ രാഗം.
സ്വരാവലി - വരിശകള്‍ - ക്രമത്തില്‍ സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയ പ്രാരംഭ ശാസ്ത്രീയസംഗീതപാഠം.
സ്വരൂപം -
This page may contain mistakes and ommissions.
Please post a comment to make any changes needed.
.
No comments:
Post a Comment